പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ക്രിസ്ത്മസ് അവധിക്കാലം.. ഞാനന്ന് നാലാം ക്ലാസ്സില്‍ പഠിക്കുന്നു. ക്രിസ്ത്മസിന്റെ അവധി ആഘോഷിക്കാന്‍ ഞങ്ങള്‍ കുടുംബ സമേതം നാഗ്പൂരിലുള്ള ചിറ്റയുടെ അടുത്ത് പോയി.. അവിടെ നിന്ന് തിരിച്ചു വരുന്ന വഴിയാണ് സംഭവം..
ന്യൂഡല്‍ഹി മദ്രാസ് ഗ്രാന്‍ഡ് ട്രങ്ക് എക്സ്പ്രസ് നാഗ്പൂരിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നും പതിയെ യാത്ര തുടരുന്നു. ഞങ്ങളുടെ ഫസ്റ്റ്ക്ലാസ് കൂപ്പയില്‍ അഛനും അമ്മയും ഞാനും അനിയനും മാത്രം. ജനലിനടുത്തുള്ള സീറ്റ് കിട്ടിയത് കൊണ്ട് ഞങ്ങള്‍ക്ക് സന്തോഷം. കാഴ്ചയും കണ്ട് അങ്ങിനെ യാത്ര തുടരുന്നു.
ട്രെയിന്‍ കുറച്ച് സമയം ഓടിക്കഴിഞ്ഞപ്പോഴാണ് കൂപ്പയുടെ വാതിലില്‍ ആരോ തട്ടിയത്. റ്റി റ്റി ആയിരിക്കും എന്നും പറഞ്ഞ് അച്ഛന് എഴുനേറ്റ് വാതില്‍ തുറന്നു. അവിടെ ചിരിച്ചു കൊണ്ട് ഒരു സായിപ്പ്! മെലിഞ്ഞ് നല്ല ഉയരവുമുണ്ടായിരുന്ന അയാള്‍ക്ക് കൂപ്പയിലേയ്ക്ക് കയറാന്‍ തല കുനിക്കേണ്ടതുണ്ടായിരുന്നു. ഞങ്ങളുടെ കൂപ്പയില്‍ ഒഴിവുള്ളത് കൊണ്ട് റ്റി റ്റി യുടെ സ്പെഷ്യല്‍ അനുമതി വാങ്ങി എത്തിയതാണ് പുള്ളി. വിന്‍ഡോ സീറ്റ് ആയിരുന്നു റ്റി റ്റി അനുവദിച്ചിരുന്നതെങ്കിലും കാഴ്ച കണ്ട് രസിച്ചിരിക്കുന്ന എന്നെയും അനിയനെയും നിരാശപ്പെടുത്തേണ്ട എന്നു കരുതിയാവണം അയാള്‍ അച്ഛന്റെയൊപ്പം ഇരുന്നു.
അച്ഛനോട് സംസാരിച്ചുകൊണ്ടിരിക്കുന്ന സായിപ്പിനെ നിരീക്ഷിക്കുകയായിരുന്നു ഞാന്‍. ആദ്യമായിട്ടാണ് ഒരു സായിപ്പിനെ ഇത്രേം അടുത്ത് കാണുന്നത്. ഗവണ്മെന്റ് സിലബസില്‍ നാലാം ക്ലാസ്സിലാണ് ഇംഗ്ലീഷ് പഠിപ്പിച്ചു തുടങ്ങുക. അതുകൊണ്ട് തന്നെ സായിപ്പും അച്ഛനും സംസാരിക്കുന്നതൊന്നും എനിക്ക് മനസ്സിലാവുന്നുമില്ല. നന്നായിട്ട് വെട്ടിയൊതുക്കിയ ഒരു താടിയുണ്ടായിരുന്നതാണ് സായിപ്പിനെ ഞാന്‍ അത്രയും ശ്രദ്ധിക്കാന്‍ കാരണം. പത്രങ്ങളിലും മറ്റും കാണുന്ന എല്ലാ സായിപ്പന്മാരും ക്ലീന്‍ ഷേവ് ചെയ്ത് നല്ല കുട്ടപ്പന്മാരായിട്ടല്ലേ നില്‍ക്കുന്നത്.. കൊറിവര്‍ എന്നാണ് അദ്ദേഹത്തിന്റെ പേര് എന്ന് അച്ഛനെന്നോട് പറഞ്ഞു..
അങ്ങിനെ ഞങ്ങളുടെ യാത്ര തുടരുകയായിരുന്നു. വൈകുന്നേരം ചായ വാങ്ങിയപ്പോള്‍ ചിറ്റ ഉണ്ടാക്കി തന്നു വിട്ട ഉണ്ണിയപ്പവും അമ്മ എടുത്ത് തന്നു. കൌതുകത്തോടെ നോക്കിയിരിക്കുന്ന സായിപ്പിനും അമ്മ ഒരെണ്ണം നീട്ടി. ചെറുചിരിയോടെ “വാട്ടീസ് ദിസ്??” എന്ന ചോദ്യത്തോടെ അദ്ദേഹം അത് വാങ്ങി. അമ്മ പറഞ്ഞു.. “ഉണ്ണിയപ്പം”..
“ഉന്നിയപ്പം.. നൈസ് നൈസ്..” സായിപ്പ് അസ്വദിച്ച് കഴിക്കാന്‍ തുടങ്ങി..
അച്ഛന് കുറച്ചുകൂടി ലളിതമായി പറഞ്ഞു.. “ഉണ്ണി മീന്‍സ് സ്മോള്‍.. സ്മോള്‍ അപ്പം”
സായിപ്പ് ചിരിച്ചു കൊണ്ട് അതാവര്‍ത്തിച്ചു.. അദ്ദേഹം അതു കഴിച്ചുകഴിഞ്ഞു എന്ന് കണ്ട് അമ്മ ഒരെണ്ണം കൂടി നീട്ടി.. സന്തോഷത്തോടെ അതും വാങ്ങി കഴിച്ച് സായിപ്പ് ചിരിച്ചു..
അതിനു ശേഷം അച്ഛനോട് ഇന്ത്യയില്‍ എവിടെ എന്തു ചെയ്യുന്നു എന്നൊക്കെ ചോദിച്ചു.. അച്ഛന് മറുപടിയും കൊടുത്തു.. അപ്പോള്‍ സായിപ്പിന് ഞങ്ങളുടെ വിലാസം വേണം. ഇനി വരുമ്പോള്‍ വന്ന് കാണാനാണ്. വിലാസം എഴുതാന്‍ കടലാസ് തപ്പിയിട്ട് കാണുന്നില്ല. സായിപ്പ് അതിനും വഴിയുണ്ടാക്കി. തന്റെ ബാഗില്‍ കിടന്ന ഒരു ഒഴിഞ്ഞ സിഗരറ്റ് പാക്കറ്റ് കീറി അതിന്റെ മറുപുറത്ത് എഴുതുവാന്‍ പറഞ്ഞ് അച്ഛനു നല്കി. അച്ഛന് എഴുതിക്കൊടുക്കുകയും ചെയ്തു..
പിന്നീടും പലതും സംസാരിച്ചിരിക്കുകയും അല്പസമയത്തിനു ശേഷം എല്ലാവരും ഉറങ്ങാന്‍ കിടക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ 7 മണിക്കു മുന്നേ തന്നെ മദ്രാസില്‍ ട്രെയിന്‍ എത്തി. അച്ഛനോട് യാത്ര പറഞ്ഞ് കൊറിവര്‍ സായിപ്പ് പിരിഞ്ഞു..
പതിനാറു വര്‍ഷങ്ങള്‍ക്കിപ്പുറം, 2007 ജനുവരി മാസം.. ഞങ്ങള്‍ പുതിയ വീട്ടിലേയ്ക്ക് താമസം മാറ്റിയിട്ട് കുറച്ചു ദിവസങ്ങളായിട്ടേയുള്ളൂ. ഫോണ്‍ ബെല്ലടിക്കുന്നു. അച്ഛന് പോയി എടുക്കുന്നു. സംസാരത്തില്‍ നിന്ന് മനസ്സിലായി വല്യ മാമ്മന്‍ ആണെന്ന്. അച്ഛന് അദ്ഭുതത്തോടെ എന്തൊക്കെയോ ചോദിക്കുന്നു. എന്നിട്ട് ഫോണ്‍ വെച്ചിട്ട് വന്നു.
“എടാ, പണ്ട് നമ്മള് ട്രെയിനില്‍ വെച്ച് കണ്ട ആ സായിപ്പില്ലേ??”
“ഏത്, കൊറിവര്‍ സായിപ്പോ??“
“അതു തന്നെ.. അയാള്‍ ദാ പ്രണവത്തില്‍ ഇരിപ്പുണ്ടെന്ന്. നമ്മളെ അന്വേഷിച്ച്!” (പ്രണവം എന്നത് ഞങ്ങള്‍ മുന്‍പ് താമസിച്ചിരുന്ന വീടാണ്. ഇപ്പോള്‍ വല്യമാമ്മനും കുടുംബവുമാണ് അവിടെ. സായിപ്പിന്റെ കൈയ്യില്‍ ഉള്ളത് അവിടുത്തെ വിലാസമാണ്)
എല്ലാവരും അന്തം വിട്ടിരിക്കുകയാണ്.. അച്ഛന് പറഞ്ഞു “ഞാന്‍ പോയി അയാളെ ഇങ്ങോട്ട് വിളിച്ചു കൊണ്ട് വരാം”
പത്തുമിനിറ്റിനകം അച്ഛന് പോയി സായിപ്പിനെ വിളിച്ചുകൊണ്ടുവന്നു.. പണ്ടത്തേ ആ താടി ഇപ്പോഴും അതേ പോലെ തന്നെയുണ്ട്. ഒരു റ്റീ ഷര്‍ട്ടും 3/4 ബര്‍മുഡയുമാണ് വേഷം. സായിപ്പ് എന്റെ കൈ പിടിച്ചു കുലുക്കി..
“യൂ ഹാവ് ഗ്രോണ്‍ അപ്” ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.. “ഇറ്റ്സ് ബീന്‍ സിക്സ്റ്റീന്‍ ഇയേഴ്സ്” ഞാന്‍ മറുപടി നല്കി.. ഞാനെന്തു ചെയ്യുന്നു, അനിയന് എന്തു ചെയ്യുന്നു എന്നൊക്കെ ചോദിച്ചു.. അന്നത്തേതിനു ശേഷം ഇന്ത്യയിലേയ്ക്ക് ഇത് നാലാം വരവാണ് അദ്ദേഹത്തിന്. കേരളത്തിലേയ്ക്ക് രണ്ടാമതും. മുന്‍ വരവില്‍ ഗുരുവായൂര്‍ ഒക്കെ കണ്ട് മടങ്ങി.
സംസാരിച്ചിരിക്കുന്നതിനിടയ്ക്ക് അദ്ദേഹം പഴയ സ്മോള്‍ അപ്പത്തിന്റെ കാര്യം പറഞ്ഞു.. ഹോളണ്ട് സ്വദേശിയാണെന്ന് പറഞ്ഞു.. അറുപതാം വയസ്സിലും കല്ല്യാണം കഴിച്ചിട്ടില്ലായെന്നും, ഭക്ഷണത്തിനുള്ള പച്ചക്കറികളൊക്കെ തന്റെ ബാക് യാര്‍ഡില്‍ കൃഷി ചെയ്യുകയാണെന്നുമൊക്കെ പറഞ്ഞു. ഇന്ത്യയില്‍ വരാന്‍ അദ്ദേഹത്തിനു പ്രത്യേകതാല്പര്യമാണത്രേ.. ആഴ്ചയില്‍ രണ്ടു ദിവസം ഇന്ത്യന്‍ ഭക്ഷണമാണ് ഉണ്ടാക്കുക എന്ന്.. ഇഡ്ഡലിയും ദോശയും ഒക്കെ ഇഷ്ടമാണെങ്കിലും ദോശക്കല്ലും ഇഡ്ഡലിക്കുട്ടകവും ഇല്ലാത്തതിനാല്‍ അത് ഉണ്ടാക്കാറില്ല. പക്കാ വെജിറ്റേറിയന്‍..
അച്ഛന്റെ ചേച്ചി അന്ന് വെറുതേ ഒരു പായസം വെച്ചിരുന്നു. ഒരു ഗ്ലാസ് സായിപ്പിനും നല്കി. പാലട പായസം.. കുടിച്ചിട്ട് സായിപ്പ് ചോദിച്ചു.. “ഈസ് ദിസ് റ്റപ്പിയോക്ക??” ഞാന്‍ മറുപടി നല്കി.. “നോ.. ഇറ്റ്സ് റൈസ് പെല്ലെറ്റ്സ്” (സായിപ്പ് എന്റെ ഉത്തരം കൊണ്ട് തൃപ്തനായത് ഭാഗ്യം!)
അതിനു ശേഷമാണ് ഞങ്ങളെയെല്ലാം അദ്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം അത് പുറത്തെടുത്തത്.. എന്റെ അച്ഛന്റെ കൈയ്യക്ഷരം പതിഞ്ഞ ആ പഴയ സിഗരറ്റ് പാക്കറ്റ്! പതിനാറ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു ചുളിവു പോലും പറ്റാതെ അത് അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്നു.. അതിനെപ്പറ്റി പറഞ്ഞപ്പോള്‍ അദ്ദേഹം നല്കിയ മറുപടിയെന്താണെന്നറിയുമോ??
“ഞാന്‍ ഹോളണ്ടില്‍ ഒരു പോസ്റ്റ്മാന് ആണ്..”
ഇ മെയില്‍ അയയ്ക്കാം എന്നുള്ള എന്റെ വാഗ്ദാനത്തിന് അദ്ദേഹം തന്ന മറുപടി.. “അയാം ന്യൂ റ്റു ദിസ് ഇ മെയില്‍ ആന്‍ഡ് ഇന്റര്‍നെറ്റ്.. സൊ ഇ വോണ്ട് പ്രോമിസ് റ്റു റിപ്ലൈ ഓഫണ്.. ബട്ട് ഷുവര്‍ലി ഐ വില്‍ ട്രൈ.. “
പോവാന്‍ നേരം അദ്ദേഹം പുതിയ വിലാസം കുറിച്ചു വാങ്ങി.. ഇനിയൊരിക്കല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ വരാമെന്നും പറഞ്ഞ്.. ഇനിയും തിരിച്ചെത്തുമ്പോഴും ആ വിലാസം കുറിച്ച കടലാസ് അദ്ദേഹത്തിന്റെ കൈയ്യിലുണ്ടാവും.. ഒരു ചുളിവ് പോലും വീഴാതെ.. :)
ഒരു മെയില്‍ ഞാന്‍ അയച്ചിരുന്നു അതിനു ശേഷം.. മറുപടി ഇതുവരെ കിട്ടിയിട്ടില്ല.. :)
23 November 2007
കൊറിവര്‍ സായിപ്പ്
Posted by നന്ദന് at 1:43 PM 11 comments
Labels: അനുഭവങ്ങള്‍
17 November 2007
കേരളം “സ്മാര്‍ട്” ആവുന്നു.. നിങ്ങളോ??
എന്തായിരുന്നു ഇന്നലത്തെ മാധ്യമങ്ങളിലെ ബഹളം!! സ്മാര്‍ട് സിറ്റി ശിലാസ്ഥാപനം നടന്നതിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. കൊട്ടിഘോഷിച്ച് ഉദ്ഘാടനമൊക്കെ നടത്തി. ഇനിയാണ് കേരളം സ്മാര്‍ട് ആണോ അല്ലയോ എന്ന് അറിയേണ്ടത്.
നഗരത്തെ സ്മാര്‍ട് സിറ്റിയുമായി ബന്ധിപ്പിക്കുന്ന നാലുവരി പാതയുടെ നിര്‍മ്മാണമാണ് ഏറ്റവും പ്രധാനം. നമ്മുടെ ദേശീയപാതയുടെ നിലവാരം കണ്ടാല്‍ അറിയാം ഇതത്ര എളുപ്പമല്ല എന്ന്. ആലപ്പുഴയില്‍ നിന്ന് ചങ്ങനാശ്ശേരി വരെ നല്ല ഒന്നാന്തരം റോഡ് ഉണ്ടാക്കിയിരുന്നു പതി ബെല്‍ എന്ന കമ്പനി. പക്ഷേ അവരുടെ കരാറുകാരന്റെ ജീവന് വില നല്‍കേണ്ടി വന്നു. ഒന്നര കിലോമീറ്റര്‍ പൂര്‍ത്തിയാവാനുണ്ടായിരുന്ന റോഡില്‍ നമ്മുടെ ഗതാഗത വകുപ്പ് ഒന്നു മേഞ്ഞു.. ഫലം മൂന്നിന്റെയന്ന് റോഡ് കട്ടപ്പൊക!! അതിലേ പോയാല്‍ ഫ്രീയായി മാവേലിത്തമ്പുരാനെ കണ്ടു വരാം. കുഴിയൊക്കെ നേരിട്ട് പാതാളത്തിലേയ്ക്കാകുന്നു.. :)
ഇന്നലെ മലയാള മനോരമ മെട്രോ പ്ലസില്‍ കണ്ടിരുന്നു ദുബായ് പോര്‍ട്സ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നു എന്ന്. കാരണമെന്താണ്?? നോക്കു കൂലി.. പണിയെടുക്കാതെ തിന്നാനുള്ള യൂണിയനുകളുടെ ആഗ്രഹത്തിന്റെ മൂര്‍ദ്ധന്യം.. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നിടത്തുമുണ്ട് ഇതേ പ്രശ്നം.. ആലപ്പുഴയില്‍ ബി എസ് എന്‍ എല്‍ കേബിള്‍ ഇടുന്നതിനുമുണ്ട്.. ഇതിനെല്ലാം പുറമേ സംഭാവന, മറ്റേത്, മറിച്ചേത് എന്നും പറഞ്ഞ് വേറെയും കാശ് വാങ്ങും. സ്വപ്നഭവനം കെട്ടിപ്പൊക്കാന്‍ ശ്രമിക്കുന്ന, അല്ലെങ്കില്‍ ഇതിനോടകം സ്വന്തമായി ഒരു വീട് വെച്ച എല്ലാ മലയാളികള്‍ക്കും പറയാനുണ്ടാവും യൂണിയന് ഇടപെടലിനെക്കുറിച്ച്.
അതവിടെ നില്ക്കട്ടെ.. കേരളത്തിന്റെ വികസനത്തില്‍ നാഴികക്കല്ലായേക്കാവുന്ന പദ്ധതിയാണ് സ്മാര്‍ട് സിറ്റി. അതിന്റെ ഉപഗ്രഹ പദ്ധതികളും കൂടി കണക്കിലെടുക്കുമ്പോള്‍ മുമ്പെങ്ങും കാണാത്ത ഒരു വികസന പാതയിലേയ്ക്ക് ഫാസ്റ്റ് ട്രാക്കില്‍ മുന്നേറുകയാണ് നമ്മുടെ മലയാള നാട്.. പക്ഷേ ഇതെല്ലാം സമയബന്ധിതമായി തീര്‍ക്കണം എന്ന വെല്ലുവിളിയോട് പ്രതികരിക്കേണ്ട ആവശ്യകത എല്ലാ മലയാളികള്‍ക്കുമുണ്ട്.
നമ്മുടെ വികസനങ്ങള്‍ക്ക് എക്കാലവും തടസ്സം നില്ക്കുന്ന ഒരു തീരാ ശാപമുണ്ട്.. “ഹര്‍ത്താല്‍”.. എന്ന് കേരളത്തിലെ ജനങ്ങള്‍ അതിനെതിരായി പ്രതികരിക്കുന്നോ അന്ന് മാത്രമേ നമ്മുടെ നാട്ടില്‍ മാറ്റത്തിന്റെ കാറ്റ് വീശൂ എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍. ഹൈക്കോടതി ഈയിടെ ചോദിക്കുകയുണ്ടായി, ഹര്‍ത്താലിനെതിരെ ആരും പൊതു താല്പര്യ ഹര്‍ജി പോലും നല്‍കാത്തതെന്താണെന്ന്. ബൂലോകത്തില്‍ നമ്മള് എന്തെല്ലാം ചര്‍ച്ച ചെയ്യുന്നു?? എന്തേ ഇതിനെക്കുറിച്ച് ആരും ആലോചിക്കുന്നില്ല. ഹര്‍ത്താലിനെതിരേ ഒരു ബൂലോക കൂട്ടായ്മ എന്തു കൊണ്ട് രൂപീകരിച്ചുകൂടാ?? എന്റെ അറിവില്ലായ്മ കൊണ്ട് പറയുന്നതാണെങ്കില് ബൂലോകത്തിലെ മുതിര്‍ന്ന പൌരന്മാര് ക്ഷമിക്കുക. പക്ഷേ, അതിന് മുന്‍കൈ എടുത്തിറങ്ങുകയാണെങ്കില്‍ നമ്മുടെ നാടിനു ചെയ്യുന്ന ഏറ്റവും വല്യ സേവനമായിരിക്കും അത്. ഒന്നൊഴിയാതെ ബൂലോകം കൂടെ നില്ക്കും എന്നതിന് എനിക്ക് യാതൊരു സംശയവുമില്ല..
നാടിനെയോര്‍ത്ത് ഞാന്‍ എന്തൊക്കെയോ പറഞ്ഞു.. അത് സഭ്യമായ ഭാഷ.. ഒരു “സൂപ്പര്‍ ഹീറോ” ആയിരുന്നെങ്കില്‍ ഞാന്‍ ഒരു പക്ഷേ ചെയ്തേക്കാവുന്ന കാര്യങ്ങള്‍..
1. നോക്കുകൂലി ആവശ്യപ്പെടുന്നവന്റെ കണ്ണു രണ്ടും കുത്തിപ്പൊട്ടിക്കുക, കാലു തല്ലിയൊടിക്കുക. അന്നം വെറുതെ കിട്ടില്ല എന്ന് അതോടെ ബോദ്ധ്യപ്പെടും..
2. പാര്‍ട്ടികളുടെ അണിയറ രഹസ്യങ്ങള്‍ അദൃശ്യനായി വീഡിയോ പിടിച്ച് സകല ചാനലുകളിലും കൊടുക്കുക, അല്ലെങ്കില്‍ എന്റെ സംസ്ഥാനത്തിനു വേണ്ടി ഇന്നതിന്നതൊക്കെ ചെയ്യണം എന്ന് പക്കാ ബ്ലാക് മെയില്‍ നടത്തുക.
3. 2 ല്‍ പറഞ്ഞ ബ്ലാക്ക് മെയിലിംഗ് പ്രായോഗികമെങ്കില്‍, ഹര്‍ത്താല്‍ നടത്തണമെങ്കില്‍ നോണ്‍ റീഫണ്ടബിള്‍ തുക ആയി 50 കോടി സര്‍ക്കാര്‍ ഘജനാവില്‍ ഇടുക. എന്ത് അതിക്രമവും കാണിക്കാനുള്ള ലൈസന്‍സ് ഫീ ആണെന്ന് തെറ്റിദ്ധരിക്കണ്ട, ഇത്രയും തുക കെട്ടി വെച്ച് ഹര്‍ത്താല്‍ നടത്തി എന്തെങ്കിലും നശിപ്പിച്ചാല്‍ നടത്തുന്ന പാര്‍ട്ടിയുടെ നേതാക്കന്മാരില് നിന്ന് 200 ഇരട്ടി പിഴ വാങ്ങുന്നതായിരിക്കും.
മാന്യ ബ്ലോഗര്‍മാരുടെ സൂപ്പര്‍ ഹീറോ ചിന്തകള്‍ക്ക് സ്വാഗതം!!!
ഓഫ് : ഈ ഐ ടി ഫീല്‍ഡിലും നോക്കുകൂലി വാങ്ങണുണ്ടേ.. കൂട്ടുകാര്‍ ചെയ്യുന്നത് “ബെഞ്ച്” ല്‍ ഇരുന്ന് കണ്ട് മാസാമാസം നല്ലൊരു തുക സുഖായിട്ട് പോക്കറ്റിലാവണു! എന്താ അതിന്റെയൊരു സുഖം.. ഹി ഹി :D
Posted by നന്ദന് at 12:29 PM 4 comments
Labels: മറ്റുള്ളവ
07 October 2007
ഹരി സാറും പാല്ക്കാരന് മാഷും വീണ്ടുമെത്തുന്നു.. ഒപ്പം പ്രേം നാഥ് സാറുമുണ്ട്!
കഴിഞ്ഞ തവണ സാറന്മാരുടെ തമാശകള്‍ കേട്ട് എല്ലാവരും രസിച്ചില്ലേ.. ഇതാ കുറച്ചുകൂടിയുണ്ട് കേട്ടോ.. :)
ഇത്തവണയും തുടക്കം ഹരിസാര്‍ തന്നെയാവട്ടെ..
ഞങ്ങളുടെ അഞ്ചാം സെമസ്റ്റര്‍ ലാബ് എക്സാം നടക്കുന്നു. ഹീറ്റ് ആന്‍ഡ് മാസ് ട്രാന്‍സ്ഫര്‍ ലാബ്. അല്പം പ്രയാസമുള്ള വിഷയമാണ്. എങ്കിലും എല്ലാവരും ഒരുവിധം നന്നായി ചെയ്തു. ലാബ് റെക്കോഡ് ഹരി സാര്‍ പരിശോധിക്കുന്നു. ഒരു ബാച്ചില്‍ 25 പേരാണ് എക്സാം എഴുതുക. അവസാന എക്സാം. ഇതു കഴിഞ്ഞയുടെനെ എങ്ങനെയെങ്കിലും ഓടിച്ചാടി വീട്ടില്‍ പോകണം എന്നു കരുതിയാണ് ഞങ്ങള്‍ കാത്തു നില്‍ക്കുന്നത്. സാര്‍ പതുക്കെയിരുന്ന് റെക്കോഡ് പരിശോധിച്ച് തകര്‍ക്കുന്നു. ഒടുവില്‍ തീര്‍ന്നു. സാര്‍ പറയുന്നു.. “ആ, എല്ലാവരും അവരവരുടെ റെക്കോഡ് എടുത്തുകൊണ്ട് പൊക്കോളൂ..” കേള്‍ക്കണ്ട താമസം ഞങ്ങള്‍ ഇരുപത്തഞ്ചു പേരും കുതിച്ചു.. ബഹളം കണ്ട് സാറിന്റെ ഡയലോഗ്..
“NO NO.. Once upon a time, Once upon a time.. " "ഒന്നു ബഹളം വെയ്ക്കാതെ ഓരോരുത്തരായി എടുക്കടോ..”
അടുത്തതും ലാബില്‍ നടന്ന സംഭവം തന്നെ. ഇത് ഞങ്ങള്‍ അറിഞ്ഞത് ഞങ്ങളുടെ “പറക്കും തളിക” (കോളേജ് ബസ്) യുടെ ഡ്രൈവറും, ലാബ് അറ്റന്‍ഡറുമായ നാരായണേട്ടന് പറഞ്ഞാണ്. ഒന്നാം വര്‍ഷ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിനു പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിനി “ഫൈല്‍” (File) ചെയ്യുന്നു.. (ചെറിയ ഈര്‍ച്ചവാളു കൊണ്ട് മെറ്റല്‍ മുറിക്കില്ലേ, അതിനെയാണ് ഈ “ഫൈലിംഗ്“ (Filing) എന്നു പറയുന്നത്). അല്പം കഴിവു വേണ്ട ഒരു പരിപാടിയാണ് ഈ ഫൈലിംഗ്. സൂക്ഷിച്ചു ചെയ്തില്ലെങ്കില്‍ കൈ മുറിയും, ചെയ്യുന്ന ബ്ലേയ്ഡ് ഒടിയുകയും ചെയ്യും. (ഞാനൊക്കെ എത്ര ബ്ലേയ്ഡ് ഒടിച്ചിരിക്കുന്നു.. ഹി ഹി :D). കുട്ടി വളരെ പതുക്കെയാണ് ചെയ്യുന്നത്. ഹരി സാര്‍ വന്ന് ഇത് നോക്കി നില്‍ക്കുന്നുണ്ട്. കുറച്ചു നേരം നോക്കി നിന്ന ശേഷം സാര്‍ പറയുന്നു..
“Don't file file.. just file file file file file file" :D
സാറിന്റെ ഏറ്റവും ഞെട്ടിക്കുന്ന തമാശ ഇതൊന്നുമല്ല.. തെര്‍മോഡൈനമിക്സ് പഠിപ്പിക്കാന്‍ സാര്‍ ക്ലാസിലെത്തി. വന്നയുടനെ ബോര്‍ഡില്‍ ഒരു പോയിന്റ് ഇട്ടിട്ട് 1 എന്നു മാര്‍ക്ക് ചെയ്തു. അല്പം മാറി മറ്റൊരു പോയിന്റ് 2 എന്ന് ഇട്ടിട്ട് ഒരു ചോദ്യ ചിഹ്നവും. എന്നിട്ട് മുന്‍ബഞ്ചിലിരിക്കുന്ന സിജുവിനോട് ചോദ്യം.
“If the pressure at point 1 is P1, then what is pressure at point 2?"
സിജു ബ്ലിങ്കസ്യ എന്നും പറഞ്ഞ് നില്പാണ്.. സാര്‍ അടുത്തയാളോട് ചോദ്യം ആവര്‍ത്തിച്ചു. അവനും എണീറ്റ് നില്ക്കുന്നു.. ഒന്നൊന്നായി എല്ലാവരും എണീറ്റു. ക്ലാസിലെ ബുജികള്‍ വമ്പന്‍ ഫോര്‍മുലകള്‍ നിരത്തി.. “Atmospheric Pressure.. Pascal.. Isobaric Pressure.." എന്നിങ്ങനെ വമ്പന്‍ കണ്ടു പിടുത്തങ്ങള്‍.. സാര്‍ അവസാനം വളരെ നിരാശനായി..
“Shame on you people.. You dont even know the basic.. If the pressure at point 1 is P1, then pressure at point 2 is P2!"
ക്ലാസ് ഒന്നടങ്കം ഞെട്ടി!!!
ഈ പുകിലെല്ലാം ഒപ്പിച്ചതിനിടയ്ക്ക് സാറിനെ സ്പോര്‍ട്സ് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. രാവിലെ ഫുട്ബോള്‍ പരിശീലനത്തിനു താമസിച്ചെത്തിയ പവിത്രനോട് സാര്‍ പറഞ്ഞത്..
“You.. go and rotate the ground three times!!“
പവിത്രന് അത്രയുമേ കേട്ടുള്ളൂ എങ്കില്‍ പിന്നീടെത്തിയ സച്ചിന്, അരുണ്‍, ദിനേശ് എന്നിവരോട് പറഞ്ഞത്..
“You three of you stand together separately”
ഇതിലൊക്കെ ഭീകരം കോളേജ് ക്യാപ്റ്റനായ പ്രദീപിനോട് ചോദിച്ചതായിരുന്നു..
“Why are you late?? - say YES or NO”
ഇനി പാല്‍ക്കാരന്റെ വകയാവട്ടെ..
രംഗം ഇപ്പോഴും പരീക്ഷാ ഹാള്‍ തന്നെ.. സിവില്‍ എഞ്ചിനീയറിംഗും മെക്കാനിക്കല്‍ എഞ്ചിനീയറിംഗും വിദ്യാര്‍ത്ഥികളാണ് ഹാളില്‍. എന്റെയടുത്തിരിക്കുന്നത് സിവിലിലെ റംസി റഹിം ആണ്. പരീക്ഷ നല്ല പ്രയാസം.. അവനും എനിക്കും.. ക്ലാസിലുള്ള മിക്കവാറും എല്ലാവരുടെയും സ്ഥിതി ഇതു തന്നെ.. എല്ലാം അങ്ങോട്ടുമിങ്ങോട്ടും നോക്കി ഇരിപ്പാണ്.. പാല്ക്കാരന് മാത്രം ജോളിയായിട്ട് അഡീഷണല്‍ ഷീറ്റ് വേണ്ടേടോ എന്നും ചോദിച്ച് നടക്കുന്നു.. എവിടെ! ആന്‍സര്‍ ബുക്ക്ലെറ്റിലെ ആദ്യ ആറു പേജ് തീര്‍ക്കാനുള്ളതു പോലും അറിയില്ല.. പിന്നല്ലേ ആഡീഷണല്‍ ഷീറ്റ്! കുറേ ഇരുന്നു മടുത്തപ്പോള്‍ റംസിയിലെ കലാകാരന് ഉണര്‍ന്നു.. ചോദ്യ പേപ്പറില്‍ വളരെ വിദഗ്ധമായി അവന് സ്വന്തം പേര് എഴുതി. അല്പം വലുതാക്കി, ഇലക്ട്രോണിക് ഡിസ്പ്ലേ മട്ടില്‍ "R A M S I" എന്ന്.. ചുറ്റി നടക്കുന്നത് വഴി ഈ കലാപരിപാടി പാല്‍ക്കാരന്റെ കണ്ണില്‍പെട്ടു.. ഒരു ഇരയെ കിട്ടിയ സന്തോഷത്തില്‍ റംസിയുടെ അടുത്തെത്തി..
“എന്തിന്റെ കോഡ് ആണെടോ താന്‍ ഇവിടെ കോപ്പിയടിക്കാന്‍ എഴുതി വച്ചിരിക്കുന്നത്??”
റംസി ഞെട്ടി.. പാവം കോപ്പിയടിയ്ക്കൊന്നും പോവാത്ത നിഷ്കളങ്കനാണ്.
“സാര്‍, അതെന്റെ പേരെഴുതിയിരിക്കുന്നതാണ്..” അവന്റെ മറുപടി..
“കള്ളം പറയുന്നോ?? ഞാനിത് കുറേ കണ്ടിട്ടുള്ളതാ.. RAM 51 എന്തിന്റെ കോഡ് ആണെന്ന് പറഞ്ഞില്ലെങ്കില്‍ ഞാന്‍ ഇപ്പോള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യും.. “ സാറിന്റെ ഭീഷണി..
ക്ലാസിലുള്ള റംസിയുടെ സഹപാഠികള്‍ക്ക് കാര്യം പിടികിട്ടി. ഇത് റംസിയുടെ സ്ഥിരം പരിപാടിയാണ്. ഈ ഇലക്ട്രോണിക് പേരെഴുത്ത്.. പിന്നെ എല്ലാവരും ചേര്‍ന്ന് സാറിനെ കാര്യം പറഞ്ഞ് മനസ്സിലാക്കി.. :D
ഇനി മറ്റൊരു താരം.. പ്രേംനാഥ്.. മേല്പ്പറഞ്ഞവരെ പോലെ സാര്‍ മണ്ടത്തരങ്ങളൊന്നും ഒപ്പിക്കാറില്ല.. പക്ഷേ ഞങ്ങളെ ഒന്നടങ്കം ചിരിപ്പിച്ച ഒരു സംഭവമാണ് ഇനി പറയുന്നത്..
പ്രേനാഥ് സാര്‍ വളരെ നല്ലവണ്ണം പഠിപ്പിക്കുന്ന സാറാണ്. പക്ഷേ, ചോക്കിന്റെ പൊടി മൂപ്പര്‍ക്ക് അലര്‍ജിയാണ്. അതിനാല്‍ എപ്പോഴും ജലദോഷമുള്ള മട്ടില്‍ വലിച്ചു കൊണ്ട് നടക്കും.. ഇനി സംഭവത്തെക്കുറിച്ച് പറയാം. ഇലക്ട്രിക്കല്‍ ബ്രാഞ്ചിന് ലാബ് നടക്കുന്നു. മെക്കാനിക്കല്‍ ഡിപ്പാര്‍ട്മെന്റിന്റെ ഹീറ്റ് എഞ്ചിന് ലാബ്. (കേരളത്തിലെ ഏറ്റവും മികച്ച ഹീറ്റ് എഞ്ചിന് ലാബുകളിലൊന്നാണ് ഇത്.. കേട്ടോ.. :) ) വമ്പന്‍ എഞ്ചിനുകള്‍ അങ്ങനെ നിരനിരയായി വെച്ചിരിക്കുന്നു. അതിലൊന്നാണ് “കിര്‍ലോസ്ക്കര്‍”.. ഇവനാണ് നമ്മുടെ കഥയിലെ പ്രമുഖതാരം. ചുമ്മാ ഒരു ബട്ടണ്‍ ഞെക്കിയാലൊന്നും സ്റ്റാര്‍ട്ട് ആവില്ലിവന്.. അതിന് അതിന്റേതായ രീതികളുണ്ട്. ഒരു 3 കിലോയോളം തൂക്കം വരുന്ന നല്ല കല്ലനൊരു പിസ്റ്റണുണ്ട്. അത് ഇട്ട് കറക്കി കറക്കി വേണം ഇവനെ പ്രവര്‍ത്തിപ്പിക്കാന്‍.. (പഴയ ലോറല്‍ ആന്‍ഡ് ഹാര്‍ഡി ചിത്രങ്ങളില്‍ കണ്ടിട്ടില്ലേ ഒരു കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ ഒരു പിസ്റ്റണ്‍ ലിവര്‍ ഇട്ട് തിരിക്കുന്നത്? അതു തന്നെ സംഭവം.) ഈ വിദ്യ അത്ര എളുപ്പമൊന്നുമല്ല.. അസാധ്യ ആരോഗ്യം വേണം.. (എന്റെ ലാബ് എക്സാമിന് ഇത് സ്റ്റാര്‍ട്ട് ആക്കി തന്ന നാരായണേട്ടനു സ്തുതി!! :D) ആരോഗ്യം മാത്രം പോര, ഇവന് സ്റ്റാര്‍ട്ട് ആയിക്കഴിഞ്ഞാല്‍ സ്പീഡ് ആകുന്നതിനു മുന്നേ ഈ പിസ്റ്റണ്‍ ഊരിയെടുക്കുകയും വേണം. അല്ലെങ്കില്‍ ഫുള്‍ സ്പീഡ് എത്തുമ്പോഴേക്കും അടുത്തു നില്ക്കുന്ന ആരുടെയെങ്കിലും നെഞ്ചത്തിരിക്കും! അങ്ങിനെയുള്ള അപകടകാരിയായ കിര്‍ലോസ്ക്കറിന്റെ പ്രവര്‍ത്തനമാണ് പ്രേം നാഥ് സാര്‍ കുട്ടികളെ പഠിപ്പിക്കുന്നത്..
എഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ഒക്കെ വിശദീകരിച്ചു കഴിഞ്ഞിട്ട് സാര്‍ പറയുന്നു.
“ഇത് സ്റ്റാര്‍ട്ട് ആക്കെടോ”
ഞങ്ങളെല്ലാവരും ഉണ്ണിക്കുട്ടന് എന്ന് വിളിക്കുന്ന രാകേഷ് ഉണ്ണിക്കൃഷ്ണന് മുന്നോട്ട് വന്നു.. ആള്‍ക്ക് കണ്ടാല്‍ വല്യ ആരോഗ്യമൊന്നുമില്ല, നമ്മുടെ അജിത് അഗാര്‍ക്കറിന്റെ ബോഡിയാ :D
ഉണ്ണിക്കുട്ടന് പിസ്റ്റണ്‍ ഇട്ട് കറക്കാന്‍ തുടങ്ങി. ആദ്യമൊന്നും വല്യ രക്ഷയില്ല. ഇവന് വിടുമോ, പൂര്‍വ്വാധികം വാശിയോടെ കറക്കലോട് കറക്കല്‍.. ഈ സമയത്ത് മറ്റാരോ എന്തോ സംശയം ചോദിച്ചു.. എല്ലാ കുട്ടികളുടെയും ശ്രദ്ധ സാറിലേക്കായി. ഉണ്ണിക്കുട്ടന് മാത്രം കിര്ലോസ്ക്കറുമായി മല്‍പ്പിടുത്തം.. ഒടുവില്‍ വലിയൊരു ശബ്ദത്തോടെ കിര്ലോസ്കറിനു ജീവന് വെച്ചു..
“ആ സ്റ്റാര്‍ട്ടായി.. വാ വാ.. “ സാര്‍ കുട്ടികളുമായി എഞ്ചിനടുത്തേയ്ക്ക് നീങ്ങി..
ഉണ്ണിക്കുട്ടന് നിന്ന് പരുങ്ങുന്നു.. “അത്.. സാര്‍..”
“എന്താടോ??”
“സാര്‍.. അത്.. ആ പിസ്റ്റണ്‍.. അത് ഞാന്‍ ഊരിയില്ല”
സ്വതവേ മിഴിച്ചിരിക്കുന്ന സാറിന്റെ കണ്ണുകള്‍ ഒന്നുകൂടി പുറത്തേയ്ക്ക് തള്ളി.. പിന്നെ ഒറ്റ അലര്‍ച്ചയായിരുന്നു..
“Escape escape" എന്നും പറഞ്ഞ് സാര്‍ ഓടെടാ ഓട്ടം.. ഞെട്ടിപ്പോയ പിള്ളേരാണേല്‍ പലവഴിക്കും ഓടി..
ഫുള്‍ സ്പീഡിലെത്തിയ കിര്‍ലോസ്കറില്‍ നിന്ന് പിസ്റ്റണ്‍ പറന്നു പൊങ്ങി സീലിംഗില്‍ പോയിടിച്ചിട്ട് താഴെയെത്തി.. ആളപായമില്ല!!
സംഭവം കെട്ടടങ്ങിയപ്പോള്‍ സാര്‍ ഒരു “സൈക്കിളില്‍ നിന്ന് വീണ ചിരി”യുമായി രംഗത്തെത്തി. പിന്നെ പിള്ളേരുടെ കൂട്ടച്ചിരി. സാറും അതില്‍ പങ്കു ചേര്‍ന്നു.. :D
Posted by നന്ദന് at 11:03 AM 11 comments
Labels: എന്‍ എസ് എസ് കഥകള്‍
06 September 2007
20 - 20 യും, മാഞ്ചസ്റ്റര്‍ യുണൈറ്റഡും, പിന്നെ ഞാനും..
സ്ഥലം ഡര്ബന്.. 20 - 20 ലോക കപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ നടക്കുന്നു.. ഇന്ത്യയും ഓസ്ട്രേലിയയും കളിക്കുന്നു. അവസാന പന്തില്‍ ജയിക്കാന്‍ ഓസീസിനു മൂന്നു റണ്‍സ് വേണം. പന്തെറിയുന്നത് ശ്രീശാന്ത്.. നേരിടുന്നത് പോണ്ടിംഗ്.. റണ്ണപ്പ് എടുത്ത് കുതിച്ചു വരുന്ന ശ്രീ.. പന്ത് അടിച്ചു ഗ്രൌണ്ടിനു വെളിയില്‍ കളയാന്‍ തയ്യാറായി പോണ്ടിംഗ്.. അതാ ശ്രീ പന്തെറിഞ്ഞു കഴിഞ്ഞൂ.. ആഞ്ഞ് വീശുന്ന പോണ്ടിംഗ്.. പക്ഷേ ശ്രീയുടെ യോര്‍ക്കര്‍ ലെങ്ത് പന്തില്‍ വമ്പന്‍ ഷോട്ട് അടിക്കാന്‍ കഴിയില്ലായിരുന്നു. ബാറ്റിന്റെ അടിയില്‍ തട്ടിയ പന്ത് കവറിലൂടെ ബൌണ്ടറിയിലേയ്ക്ക് പായുന്നു. ചാടി വീഴുന്ന ദിനേശ് കാര്‍ത്തിക്കിന് തടയാന്‍ സാധിക്കുന്നില്ല..
ഈ ഷോട്ട് മുന്‍കൂട്ടി കണ്ടത് പോലെ ലോംഗ് ഓഫില്‍ നിന്ന് പന്തിനെ ലക്ഷ്യമാക്കി കുതിച്ചു വരുന്ന ഒരു യുവാവ്. ക്രിഷ് സിനിമയിലെ ഋതിക് റോഷന് ഓടുന്ന പോലെ സ്ലോ മോഷനില്‍ പുറകില്‍ നിന്നുള്ള ക്യാമറയില്‍ അവന്റെ ജഴ്സി നമ്പര്‍ കാണാം.. 26.. അതിലെഴുതിയിരിക്കുന്ന പേരെന്താണ്?? N A N D A N (എന്റെ അത്തിപ്പാറ അമ്മച്ചീ! ഞാനോ??) അതേ ഞാന്‍!!! (ഒന്നു വേഗം ഓട് ചെക്കാ.. പോണ്ടിംഗ് ഇപ്പോ 3 റണ്‍ ഓടിയെടുക്കും! ) ഞാന്‍ കുതിക്കുകയാണ്.. ഓടുന്ന അതേ വേഗതയില്‍ തന്നെ വലം കൈ കൊണ്ട് പന്ത് റാഞ്ചിയെടുത്തു.. നിലത്തു വീണ കാര്‍ത്തിക് എണീറ്റ് വരുന്നതേയുള്ളൂ. ധോണി അലറി വിളിക്കുന്നു.. “കീപ്പര്‍.. കീപ്പര്‍..“ പന്ത് അങ്ങോട്ട് എറിയാനാണ്.. പോണ്ടിംഗ് പിച്ചിന്റെ മധ്യത്തിലെത്തിയിട്ടുണ്ട്.. കാണികളുടെ ആരവം കാതടപ്പിക്കുന്നതാണ്.. ഞാന്‍ ഈ വേഗത്തില്‍ വന്ന് എറിഞ്ഞാല്‍ അത് എണീറ്റു വരുന്ന കാര്‍ത്തിക്കിന്റെ തലയും കൊണ്ടായിരിക്കും പോവുക.. കാണികളേക്കാള്‍ ഉച്ചത്തില്‍ ഞാന്‍ അലറി വിളിച്ചു.. “കാര്ത്തീീീീ ഡൌൗൗണ്“ എന്റെ ത്രോ ഫ്ലാറ്റ് ആയിരിക്കുമെന്ന് മനസ്സിലാക്കിയ കാര്‍ത്തിക് നിലത്ത് കുത്തിയിരിക്കുന്നു.. സകല ശക്തിയും സംഭരിച്ച് ഞാന്‍ പന്ത് വലിച്ചെറിഞ്ഞു..
കമന്ററി ബോക്സില്‍ അലറി വിളിക്കുന്ന ടോണി ഗ്രെഗ്..
“Ohh thats out.. thats out.. rocket of a throw from the young man.. ponting is gone for sure.. india have won the match.."
സകല ശക്തിയും സംഭരിച്ച് ഞാനെറിഞ്ഞ പന്ത് മിസൈല്‍ പോലെ പായുന്നു.. ഓഫ് സ്റ്റമ്പ് രണ്ട് കഷ്ണം! (എന്തൊരുന്നം എന്റമ്മച്ചീീീ..) പോണ്ടിംഗ് ഔട്ട്! ഇന്ത്യ ജയിച്ചൂ ഇന്ത്യ ജയിച്ചൂ..
അടുത്ത തവണത്തെ സ്പോര്‍ട്സ് സ്റ്റാര്‍ മാസികയില്‍ എന്റെ ചിത്രമുണ്ട്.. സെന്റര്‍ സ്പ്രെഡ് ആയിട്ട്.. പോണ്ടിംഗിനെ ഔട്ട് ആക്കിയതിന്റെ ആഹ്ലാദത്തില്‍ മുഷ്ടി ചുരുട്ടി നില്ക്കുന്നു.. (എന്തൊരു ഗ്ലാമര്‍!)
ക്യാമറ വട്ടം ചുറ്റിപ്പറക്കുന്നു.. ഇരുണ്ട ഭൂഖണ്ഡത്തില്‍ നിന്ന് നേരെ യൂറോപ്പിലേയ്ക്ക്.. ഡര്‍ബനിലെ ഇരുപതിനായിരത്തോളം വരുന്ന കാണികളുടെ കരഘോഷങ്ങള്‍ പിന്നില്‍.. ഇപ്പോള്‍ ഞാന്‍ ഓള്‍ഡ് ട്രാഫോര്‍ഡിലാണ്.. ലോകത്തിലേയ്ക്കും പ്രശസ്തമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബിന്റെ സ്റ്റേഡിയത്തിനുള്ളില്‍.. എഴുപത്താറായിരം കാണികള്‍ ഇരിക്കുന്ന മനോഹരമായ ഓള്‍ഡ് ട്രാഫോര്‍ഡ്.. ഇവിടുത്തെ കാണികളുണ്ടാക്കുന്ന ശബ്ദത്തിനു മുന്നില്‍ ഡര്ബന് എത്രയോ നിസാരം.. ചെല്‍സിയുമായുള്ള ഹോം മാച്ചില്‍ യുണൈറ്റഡ് രണ്ടു ഗോളിനു പിന്നില്‍.. 1 - 3 ആണ് ഇപ്പോഴത്തെ സ്കോര്‍.. കളി 72 - )o മിനിറ്റിലെത്തിയിരിക്കുന്നു.. കളിക്കാര്‍ക്കും മാനേജര്‍ക്കും വേണ്ടിയുള്ള ചുവപ്പ് തുകല്‍ പൊതിഞ്ഞ ഇരിപ്പിടങ്ങള്‍.. “ഓഡി” കാറിന്റെ എംബ്ലമായി നാലു വളയങ്ങള്‍ അതില്‍ കാണാം.. തന്റെ ഇരിപ്പിടത്തില്‍ നിന്നെണീറ്റ് നില്ക്കുന്ന മാനേജര്‍ സര് അലക്സിന്റെ മുഖത്ത് അല്പം പരിഭ്രാന്തി കാണാം..
മുയല്‍ക്കുട്ടിയെപ്പോലെ കുതിക്കുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോ.. ആഷ്ലി കോളിന്റെ ഫൌള്.. വേദന കൊണ്ട് നിലത്തു കിടന്നുരുളുന്ന റോണി.. സബ്സ്റ്റിറ്റ്യൂഷനു വേണ്ടി സഹകളിക്കാരന് ഓവന് ഹാര്‍ഗ്രീവ്സ് ആംഗ്യം കാണിക്കുന്നുണ്ട്. ഫോര്‍ത്ത് ഒഫീഷ്യലിന്റെ ഇലക്ട്രോണിക് ഡിസ്പ്ലേ ബോര്‍ഡില്‍ അക്കങ്ങള്‍ തെളിയുന്നു.. 7 - - 26.. 26 - )o നമ്പര്‍ ജഴ്സിയണിഞ്ഞ് ഫീല്‍ഡിലിറങ്ങാന്‍ വാം അപ് ചെയ്യുന്ന യുവാവ്.. (ദേ....... അതും ഞാന്‍!!!!!! എനിക്ക് വയ്യ!!!) സ്ട്രെച്ചറില്‍ പുറത്തേയ്ക്ക് എടുത്തു കൊണ്ടു വരുന്ന റോണിക്ക് കൈ കൊടുത്ത് ഗ്രൌണ്ടിലേയ്ക്ക് ഓടി ഇറങ്ങുന്നു.. ഓവന് ഹാര്ഗ്രീവ്സിനോട് ഡിഫന്‍സീവ് മിഡ്ഫീല്ഡീലേയ്ക്ക് ഇറങ്ങിക്കളിക്കാന്‍ സര് അലക്സിന്റെ നിര്‍ദ്ദേശം കൈമാറി ഞാന്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡ് പൊസിഷനില്‍.. ഞങ്ങള്‍ ടീമംഗങ്ങള്‍ “ഗിഗ്സി” എന്ന ഓമനപ്പേരില്‍ വിളിക്കുന്ന റയാന് ഗിഗ്സ് ഇടതു വിംഗില്‍ പന്തുമായി മുന്നേറുകയാണ് ഇടയ്ക്ക് കിട്ടിയ ഓപ്പണിംഗില്‍ വലതു വിംഗിലൂടെ ഞാന്‍ മുന്നേറുന്നു. ഇതു കണ്ടിട്ട് പന്തിനു വേണ്ടി ഗിഗ്സിയെ വിളിക്കുന്ന “പോളി“ (പോള്‍ ഷോള്‍സ്).. നിമിഷ നേരം കൊണ്ട് പന്ത് പോളിയുടെ കാലില്‍.. തലയുയര്‍ത്തി എന്റെ സ്ഥാനം കൃത്യമായി കണ്ട് പറപ്പിച്ചു വിടുന്ന ഒരു ഏരിയല്‍ പാസ്. ചാടിയുയര്‍ന്ന് പന്ത് വലതുകാലിലെടുക്കുന്ന ഞാന്‍.. ആഷ്ലി കോള്‍ തൊട്ടു മുന്നില്‍.. ഒരു പാഡില്‍ സ്റ്റെപ് ഓവര്‍.. കോളിന്റെ ബാലന്‍സ് തെറ്റുന്നു. കിട്ടിയ തക്കത്തിനു ഞാന്‍ പെനാല്‍റ്റി ബോക്സിലേയ്ക്ക് പന്തുമായി കുതിക്കുന്നു. ജോണ്‍ ടെറിയുടെ കരുത്തുറ്റ ശരീരം എനിക്ക് മറതീര്‍ക്കുന്നു.. വലതു കാല് പന്തിനു മുകളില്‍ വെറുതേയൊന്ന് ചുറ്റി ഇടം കാലിന്റെ അറ്റത്തില്‍ ഷൂട്ടിംഗ് പൊസിഷനിലാക്കുന്ന ഞാന്‍.. സമയം പാഴാക്കാതെ പായിക്കുന്ന ഷോട്ട്.. മഴവില്ലു പോലെ ചെല്‍സിയുടെ ഗോള്‍ വലയിലേയ്ക്ക് വളഞ്ഞിറങ്ങിയ പന്ത്...
ഓള്‍ഡ് ട്രാഫോര്‍ഡ് കാണികളുടെ ആരവത്തില്‍ പൊട്ടിത്തെറിക്കുന്നു.. ആരോ കഴുത്തിനു പിടിച്ചു ഞെക്കിയതു പോലെ കമന്ററി പറയുന്ന സ്കൈ സ്പോര്‍ട്സ് കമന്റേറ്റര്‍ ആന്‍ഡി ഗ്രേ...
“Maaagic... absolute magic... that's a stunning stunning goal from united.. what play making from gigs and scholes.. united are back in it.. the devils are back.. the lad from INDIA has done it for them.. absolute genious of a goal...."
“നന്ദേട്ടാ, വൈറ്റിലയെത്തി...” അടുത്തിരിക്കുന്ന അരവിന്ദ് എന്നെ തട്ടിയുണര്‍ത്തി.. (ഇവനു വല്ല കാര്യവുമുണ്ടോ!! ഇനിയും കളി 10 മിനിറ്റ് ബാക്കി കിടക്കുന്നു.. യുണൈറ്റഡ് ഒരു ഗോളിനു പുറകിലാടാ ഊവ്വേ.. യെവന് അതിന്റെ സങ്കടം വല്ലതും മനസ്സിലാകുമോ.. ചുവപ്പ് കാര്‍ഡ് കാണിച്ച റഫറിയെ നോക്കുന്ന പോലെ രൂക്ഷമായിട്ട് ഞാനവനെ നോക്കി).
ഹും.. എന്തൊരു നല്ല സ്വപ്നമായിരുന്നു.. എല്ലാം കളഞ്ഞില്ലേ.. രാവിലെ 6.50 ന് ആലപ്പുഴയില്‍ നിന്നും പുറപ്പെടുന്ന കോതമംഗലം ടൌണ്‍ റ്റു ടൌണ്‍ ബസില്‍ കേറിയിരുന്നാല് ഇങ്ങനെ പല സ്വപ്നങ്ങളും കാണാം.. എന്നിട്ട് എണീക്കുമ്പോള്‍ ദക്ഷിണാമൂര്‍ത്തി സ്വാമിയെയും ദാസേട്ടനെയും ഓര്‍ത്ത് ഒരു ഗാനം മൂളാം..
“സ്വപ്നങ്ങള്‍.. സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികളല്ലോ...” :)
ഇനി അല്പം കാര്യം..
എന്താണ് ഈ 26 - )o നമ്പര്‍ ജഴ്സി എന്നല്ലേ.. 26 ഈയുള്ളവന്റെ ജന്മദിനമാകുന്നു.. :)
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് - ലോകത്തിലെ ഏറ്റവും പ്രശസ്തിയും പണവുമുള്ള ഫുട്ബോള്‍ ക്ലബ്ബ്.. ആംഗലേയത്തില്‍ പറഞ്ഞാല്‍ “ഡിഗ്നിഫൈഡ് ആന്‍ഡ് ഡെഡിക്കേറ്റഡ് ഇംഗ്ലീഷ് ഫുട്ബോള്‍” കളിക്കുന്ന ക്ലബ്ബുകളിലൊന്ന്.. എന്തു കൊണ്ട് യുണൈറ്റഡിനോട് ഇത്രയും പ്രിയം എന്ന് പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്.. തികച്ചും സാധാരണമായ ഒരു ഉത്തരമാണ് അതിനുള്ളത്.. “ഞാന്‍ ഫുട്ബോള്‍ കളിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ കേട്ടിട്ടുള്ള ഒരേയൊരു ക്ലബ്ബ് ടീമേയുള്ളൂ.. അത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആകുന്നു..“ :) ഇന്ത്യയുടെ ഫുട്ബോളിനെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല.. ഒരിക്കല്‍ യുണൈറ്റഡ് കളിക്കുന്നത് പോലെ ഇന്ത്യയും കളിക്കാന്‍ തുടങ്ങും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.. പ്രാര്‍ത്ഥിക്കുന്നു..
20 -20 വേള്‍ഡ് കപ് വരുന്നു.. ഇന്ത്യ ജയിക്കുമോ എന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍ ഞാന്‍ ഉറച്ച ശബ്ദത്തോടെ പറയും.. ജയിക്കും.. ഇന്ത്യയേ ജയിക്കൂ.. മറിച്ചു ഞാനിതുവരെ പറഞ്ഞിട്ടില്ല.. ഇനിയൊരിക്കലും പറയുകയുമില്ല.. ടി വി കണ്ട് പൊട്ടത്തരം വലിച്ചു വാരി എഴുത്തുന്ന മനോരമ റിപ്പോര്‍ട്ടര്‍ ജയന് മേനോനും നീരു ഭാട്യയ്കൂം ഒരിക്കലെങ്കിലും ഇതിന്റെ സ്പിരിറ്റ് മനസ്സിലാകും എന്ന് എനിക്ക് തോന്നിയിട്ടില്ല.. അവര്‍ക്ക് തോന്നണമെന്ന് എനിക്കൊരു നിര്‍ബന്ധവുമില്ല.. കാരണം അവരുടെ റിപ്പോര്‍ട് വായിച്ചിട്ടല്ല ഞാന്‍ ക്രിക്കറ്റ് മനസ്സിലാക്കുന്നത്.. അവര്‍ എഴുതി തുടങ്ങുന്നതിനു മുന്നേ തന്നെ ഞാന്‍ കാണാന്‍ തുടങ്ങിയതാണ് സച്ചിന്റെയും ദ്രാവിഡിന്റെയും ദാദയുടെയും കളികള്‍.. ഇന്ത്യയുടെ കളികള്‍.. വിക്കറ്റ് പോകാതിരിക്കാന്‍ ഇരിക്കുന്ന സീറ്റില്‍ നിന്ന് എണീക്കാതെ കളി കാണുന്ന, ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉള്ള അന്ധവിശ്വാസം എനിക്കുമുണ്ട്.. ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ ഞാനും എണീക്കില്ല.. ഞാനതു ചെയ്യുന്നത് എന്തിന്റെ പുറത്തായാലും അത് എന്റെ ടീമിനു വേണ്ടിയാണ്.. അതിനിയും തുടരും.. എത്ര പൊട്ടക്കളി കളിച്ചാലും ഇന്ത്യ തോല്‍ക്കുമെന്ന് ഞാന്‍ മുന്‍വിധി പറയില്ല.. അപ്പോഴും.. ഇപ്പോഴും.. എപ്പോഴും.... :)
20-20 വേള്‍ഡ് കപ് ഇന്ത്യ നേടും..
ഓയേ യുവീീീീ.... ചക് ദേ ഫട്ടേ...
Posted by നന്ദന് at 5:50 PM 8 comments
Labels: മറ്റുള്ളവ
26 August 2007
കുട്ടനാടന്‍ പുഞ്ചയിലെ..
കുട്ടനാട്ടില്‍ ഓണത്തിന്റെ ഓളം തുടങ്ങുന്നത് നെഹ്രു ട്രോഫി വള്ളം കളിയോടെയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കുട്ടിക്കാലത്ത് വള്ളം കളി കാണാന്‍ മാമ്മന്മാരോടൊത്ത് ബോട്ടിലാണ് ഞങ്ങള്‍ പോവാറുള്ളത്.. മാമ്മന്മാരുടെ സുഹൃത്തുക്കളും ഞങ്ങള്‍ കുറെ കുട്ടികളും ഒക്കെയായിട്ട് ആകെ ബഹളം വെച്ചാണ് ആ പോക്ക്. ചേച്ചിമാരും ഞാനും ബോട്ടിന്റെ മുകളില്‍ കുടയും പിടിച്ച് അങ്ങനെ ഇരിക്കും.. വല്ല്യമ ഉണ്ടാക്കി തന്നു വിടുന്ന കപ്പയും മീനും ഒക്കെ കാണും ഭക്ഷണമായി.. :) പക്ഷേ, പുന്നമടയില്‍ എത്തുമ്പോഴാണ് കുഴപ്പം! മത്സരത്തിന്റെ ശബ്ദരേഖ മാത്രമേ ഞങ്ങള്‍ പിള്ളേര്‍ക്ക് കേള്‍ക്കാന്‍ പറ്റൂ! ആര്‍പ്പുവിളിയും ബഹളവുമായി മുതിര്‍ന്നവരെല്ലാം ബോട്ടിന്റെ മുകളിലെത്തിയിരിക്കും. ഇവരുടെ ചാട്ടവും തുള്ളലുമൊക്കെയായി ബോട്ട് കിടന്ന് ഇളകുമ്പോള്‍ ഞങ്ങള്‍ പിള്ളേര് വെള്ളത്തില്‍ പോയാലോ എന്ന് കരുതി എല്ലാത്തിനെയും താഴെ ഇറക്കും.. :) മുകളില്‍ നില്ക്കുന്ന ഏതാണ്ട് എല്ലാവരും നല്ല “ബോധ“ത്തില്‍ ആയതുകൊണ്ട് ആരെങ്കിലുമൊക്കെ വെള്ളത്തില്‍ വീഴും എന്നതും ഉറപ്പാണ്.. പക്ഷേ ബോട്ടുകള്‍ തിങ്ങി നിറഞ്ഞു കിടക്കുന്നത് കൊണ്ട് സ്വന്തം ബോട്ടിലെ ആള്ക്കാര് കണ്ടില്ലെങ്കിലും അടുത്ത ബോട്ടിലെ ആള്ക്കാര് പിടിച്ചു കയറ്റിക്കോളും.. :)
വള്ളംകളി കാണാന്‍ ബോട്ടില്‍ കയറിപ്പോക്ക് ഒക്കെ നിന്നിട്ട് വളരെ നാളായി. വള്ളംകളി നേരിട്ട് കണ്ടിട്ട് ഏതാണ്ട് 16 വര്‍ഷത്തോളം.. :) ഇത്തവണയും വള്ളംകളി നടന്നു.. പോകാന്‍ കഴിഞ്ഞില്ല.. ബഹളങ്ങള്‍ക്കിടയില്‍ പോവാനുള്ള എന്റെയൊരു വിമുഖതയും കാരണമാണ്.. ഇത്തവണത്തെ നെഹ്രുട്രോഫിയെക്കുറിച്ച് ഹരീ എഴുതിയത് ഇവിടെ എല്ലാവരും വായിച്ചു കാണുമല്ലോ.. :)
എല്ലാ മലയാളികളും ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാവും വഞ്ചിപാട്ട് എന്ന്.. “കുട്ടനാടന്‍ പുഞ്ചയിലെ...” ഇത് ഒരിക്കലെങ്കിലും മൂളാത്ത ഒരു കുട്ടനാട്ടുകാരനും ഉണ്ടാവില്ല.. വളരെയധികം തിരഞ്ഞെങ്കിലും ഈ പാട്ടിന്റെ വരികള്‍ ഇന്റര്‍നെറ്റില്‍ കണ്ടില്ല.. ഒടുവില്‍ കിട്ടി.. അതു പക്ഷേ മംഗ്ലീഷിലായിരുന്നു.. ഞാനത് മലയാളത്തില്‍ തന്നെ ബൂലോകത്തിന് സമര്‍പ്പിക്കുന്നു.. ആര്‍ക്കെങ്കിലും പ്രയോജനപെട്ടു എന്നറിഞ്ഞാല്‍ സന്തോഷം.. (എനിക്ക് മുന്‍പേ ആരെങ്കിലും പോസ്റ്റിയിട്ടുണ്ടെങ്കില്‍ ഒന്നു ശ്രദ്ധയില്‍ പെടുത്തണേ.. നിരുപാധികം ഈ പോസ്റ്റ് പിന്‍വലിക്കുന്നതായിരിക്കും..)
നമുക്കേവര്‍ക്കും പ്രിയങ്കരനായ വയലാറിന്റെ വരികളാണിത്.. കാവാലം ചുണ്ടന് എന്ന ചിത്രത്തിലേതാണ് എന്ന് അച്ഛന് പറയുന്നു..
ആര്‍ക്കെങ്കിലുമൊക്കെ പ്രയോജനപ്പെടുമെന്ന് കരുതട്ടെ..
അപ്പോ തുടങ്ങാം ല്ലേ.. :)
കുട്ടനാടന്‍ പുഞ്ചയിലെ
തെയ് തെയ് തക തെയ് തെയ് തോം
കൊച്ചുപെണ്ണേ കുയിലാളേ
തിത്തിത്താരാ തിത്തിത്തൈ
കൊട്ടു വേണം കുഴല്‍ വേണം കുരവ വേണം
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം
വരവേല്ക്കാനാളു വേണം
കൊടിതോരണങ്ങള്‍ വേണം
വിജയശ്രീലാളിതരായ് വരുന്നു ഞങ്ങള്‍
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം
കറുത്തചിറകു വെച്ച്
തെയ് തെയ് തക തെയ് തെയ് തോം
അരയന്നക്കിളി പോലെ
തിത്തിത്താരാ തിത്തിത്തൈ
കുതിച്ചു കുതിച്ചു പായും കുതിര പോലെ
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം
തോല്‍വിയെന്തന്നറിയാത്ത
തല താഴ്ത്താനറിയാത്ത
കാവാലം ചുണ്ടനിതാ ജയിച്ചു വന്നേ
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം
കുട്ടനാടന്‍ പുഞ്ചയിലെ
കൊച്ചുപെണ്ണേ കുയിലാളേ
കൊട്ടു വേണം കുഴല്‍ വേണം കുരവ വേണം
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം
പമ്പയിലെ പൊന്നോളങ്ങള്‍
തെയ് തെയ് തക തെയ് തെയ് തോം
ഓടി വന്നു പുണരുന്നു
തിത്തിത്താരാ തിത്തിത്തൈ
തങ്കവെയില് നെറ്റിയിന്മേല് പൊട്ടു കുത്തുന്നൂ
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം
തെങ്ങോലകള്‍ പൊന്നോലകള്
മാടി മാടി വിളിക്കുന്നു
തെന്നല്‍ വന്ന് വെഞ്ചാമരം വീശിത്തരുന്നു
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം
കുട്ടനാടന്‍ പുഞ്ചയിലെ
കൊച്ചുപെണ്ണേ കുയിലാളേ
കൊട്ടു വേണം കുഴല്‍ വേണം കുരവ വേണം
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം
ചമ്പക്കുളം പള്ളിക്കോരു
തെയ് തെയ് തക തെയ് തെയ് തോം
വള്ളം കളി പെരുന്നാള്‍
തിത്തിത്താരാ തിത്തിത്തൈ
അമ്പലപ്പുഴയിലൊരു കുത്തു വിളക്ക്
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം
കരുമാടിക്കുട്ടനിന്ന്
പനിനീര്‍ക്കാവടിയാട്ടം
കാവിലമ്മയ്ക്കിന്നു രാത്രി ഗരുഡന് തൂക്കം
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം
കുട്ടനാടന്‍ പുഞ്ചയിലെ
കൊച്ചുപെണ്ണേ കുയിലാളേ
കൊട്ടു വേണം കുഴല്‍ വേണം കുരവ വേണം
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം
വരവേല്ക്കാനാളു വേണം
കൊടിതോരണങ്ങള്‍ വേണം
വിജയശ്രീലാളിതരായ് വരുന്നു ഞങ്ങള്‍
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം
എല്ലാ ബൂലോകവാസികള്‍ക്കും ഓണാശംസകള്‍ .. ഒരു കൈക്കുമ്പിള്‍ നിറയെ ചെമ്പകപ്പൂക്കളോടെ.. :)
Posted by നന്ദന് at 8:11 AM 8 comments
Labels: മറ്റുള്ളവ
07 August 2007
ഹൊ! എന്റമ്മേ, വേണ്ടായിരുന്നു!
ഹൊ! എന്റമ്മേ, വേണ്ടായിരുന്നു എന്ന് ഇപ്പോഴും തോന്നും! ഓരോരോ ഗുലുമാലുകളേ.. എനിക്കു പറ്റിയ ഒരബദ്ധം.. :)
തനിമലയാളിക്കൂട്ടത്തിന് ഇതിനെക്കുറിച്ച് നേരത്തേ അറിയാം.. ബ്ലോഗ് ലോകം കൂടി ഇതറിയട്ടെ,, ഇങ്ങനെയൊക്കയല്ലേ ചമ്മല് മാറ്റാന്‍ പറ്റൂ.. :)
എനിക്കും ഇത് ഒരു അബദ്ധമാക്കാന്‍ സഹായിച്ച അനുരാധയ്കും പിന്നെ അനുരാധ താമസിച്ചിരുന്ന ഹോസ്റ്റലിലെ കുറച്ച് പെണ്‍കുട്ടികള്‍ക്കും മാത്രം അറിയുമായിരുന്ന ഈ സംഭവം ഫൈനല്‍ സെമസ്റ്ററില്‍ ഒരു പേഴ്സണാലിറ്റി ഡെവലപ്മെന്റ് ക്ലാസില്‍ പറഞ്ഞ് ഞാന്‍ കൈയ്യടിയും വാങ്ങി.. ഇപ്പൊ നിങ്ങളൊക്കെ ചോദിക്കും ആരാ ഈ അനുരാധ എന്ന്.. അനുരാധ എന്റെയൊരു സുഹൃത്താണ്.. ഞങ്ങളുടെ ബാച്ചില്‍ ആദ്യം കല്ല്യാണം കഴിഞ്ഞത് അനുരാധയുടെയാണ്.. ഞങ്ങള്‍ മൂന്നാം സെം പഠിക്കുമ്പോ തന്നെ അനുരാധയുടെ കല്ല്യാണം കഴിഞ്ഞിരുന്നു.. ഈ പറയുന്ന സംഭവം നടക്കുന്നത് ഞങ്ങള്‍ ആറാം സെം പഠിക്കുമ്പൊഴാണ് എന്നാണ് എന്റെ ഓര്‍മ്മ.. പക്ഷെ ഈ കഥയിലെ നായിക അനുരാധയല്ല.. നായികയെ പറ്റി പറയുന്നതിന് മുമ്പ് അനുരാധയുടെ ഹോസ്റ്റലിനെക്കുറിച്ച് പറയാം.. ആ ഹോസ്റ്റലിന്റെ പേര് “സോപാനം” എന്നാകുന്നു.. അവിടെ കുറച്ചധികം പെണ്‍കുട്ടികള്‍ താമസിക്കുന്നുണ്ട്.. എന്റെ വല്ല്യമ്മയുടെ മകളായ ജാനകിയുള്‍പ്പടെ.. അവളുള്ളതു കാരണം ആ ഹോസ്റ്റലില്‍ ഞാന്‍ സുപരിചിതനാണെന്ന് പറയേണ്ടതില്ലല്ലോ.. ശരിക്കും പറയുകയാണെങ്കില്‍ എന്റെ കോളേജില്‍ ഈ പറഞ്ഞ പെണ്‍കുട്ടികളേയുള്ളായിരുന്നു എന്റെ പെണ്‍സുഹൃത്ത് വലയം.. ഇപ്പോ സ്ഥിതിഗതികളുടെ ഒരേകദേശ രൂപം നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമല്ലോ..
ഇനി നമ്മുടെ നായികയെപ്പറ്റി.. നായിക കാണാന്‍ വളരെ സുന്ദരിയാണ്.. നായികയുടെ പേര് പൂര്‍ണ്ണിമ എന്നാണ്.. ആലപ്പുഴക്കാരിയാണ്.. അതുകൊണ്ട് തന്നെ എനിക്ക് സുഹൃത്ബന്ധത്തില്‍ കവിഞ്ഞ ഒരടുപ്പം നായികയോടുണ്ട്.. നായികകയ്ക്ക് മറിച്ചും.. (തെറ്റിദ്ധരിക്കണ്ടാ.. ഇത് അതൊന്നുമല്ല..) ഞങ്ങള്‍ കോളേജ് ടൈം കഴിഞ്ഞും ചിലപ്പോ സംസാരിച്ചിരിക്കാറുണ്ട്.. ഫോണ്‍ ചെയ്യാറുമുണ്ട്.. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ്..
ഇനി സംഭവത്തിലേയ്ക്ക് കടക്കാം.. ഇത് നടക്കുന്നതിന്റെ പിറ്റേന്ന് പൂര്‍ണ്ണ (അങ്ങിനെയാണ് ഞങ്ങള്‍ കൂട്ടുകാര്‍ അവളെ വിളിക്കുക) ടൂറ് പോവുകയാണ്.. കഴിഞ്ഞ രണ്ടു കൊല്ലവും തലേന്ന് ഞാന്‍ വിളിച്ച് “ഹാപ്പി ജേര്‍ണി” “ടേക്ക് കെയറ്” തുടങ്ങിയ വചനങ്ങള്‍ പറഞ്ഞിട്ടുമുണ്ട്.. അപ്പോ ഈ കൊല്ലവും പറയണ്ടേ.. അതിനാല്‍ ഞാന്‍ ഫോണ്‍ എടുത്ത് ഹോസ്റ്റലിലെ നമ്പറ് കറക്കുന്നു..ഫോണ്‍ എടുക്കുന്നത് അനുരാധയാണ്..
ഞാന്‍ ചോദിക്കുന്നു “പൂര്‍ണ്ണിമയ്ക്ക് ഒന്നു ഫോണ്‍ കൊടുക്കാമോ?”
അനുരാധയ്ക്ക് മനസ്സിലായിട്ടില്ല ഞാനാണ് വിളിക്കുന്നതെന്ന്.. ഞാനൊട്ട് പറയാനും പോയില്ല..
അവിടുന്ന് മറുപടി കിട്ടി.. “പൂര്‍ണ്ണിമ ഇവിടെയില്ലല്ലോ, എന്തൊ വാങ്ങാന്‍ പോയിരിക്കുന്നു”..
ഞാന്‍ വീണ്ടും ചോദിക്കുന്നു, “രമ്യയുണ്ടോ??”
പൂര്‍ണ്ണയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് രമ്യ.. രമ്യയും ആലപ്പുഴക്കാരി തന്നെ..
അനുരാധയുടെ മറുപടി.. “രമ്യയും പൂര്‍ണ്ണിമയുടെ കൂടെ പോയിരിക്കുകയാണല്ലോ..”
ശ്ശെടാ.. ഇതു പൊല്ലാപ്പായല്ലോ.. എനിക്ക് ഇനി സമയം കണ്ടെത്തി വിളിക്കാന്‍ പറ്റില്ല.. കാരണം മെക്കാനിക്കല്‍ ഡിപ്പാറ്ട്മെന്റിന്റെ ഓട്ടൊമൊബൈല്‍ എക്സിബിഷന് നടക്കുകയാണ്.. ഞാന്‍ അതിന്റെ സംഘാടക സമിതിയംഗവുമാണ്.. അതിനിടയില്‍ വിളിയൊന്നും നടക്കില്ല എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.. എന്നാല്‍ ശരി ജാനകിയോട് കാര്യം പറയാന്‍ ഏല്‍പ്പിക്കാം എന്നു കരുതി ഞാന്‍ ചോദിച്ചു..
“ജാനുവുണ്ടോ?”
അനുരാധയുടെ മറുപടി.. “ഉണ്ട്, വിളിക്കാം..”
എന്നിട്ട് നീട്ടിയൊരു വിളി.. “ജാനൂൂൂ , ഓടി വാാ.. പൂര്‍ണ്ണയുടെ അച്ഛന് വിളിക്കുന്നു..”
മറ്റൊന്നും കേള്‍ക്കാനുള്ള മാനസികാവസ്ഥ എനിക്ക് പിന്നെയില്ലായിരുന്നു.. ജാനു എടുക്കുന്നതിനു മുമ്പേ ഞാന്‍ ഫോണ്‍ വെച്ചു! പിറ്റേന്ന് ജാനുവിനോടും അനുരാധയോടും ഞാനിത് പറഞ്ഞ് കുറെ ചിരിച്ചു.. ഇന്നും ചില മെയിലുകളില്‍ അനുരാധ എന്നെ അങ്കിള്‍ എന്ന് സംബോധന ചെയ്യാറുണ്ട്.. പൂര്‍ണ്ണയുടെ അച്ഛനോടുള്ള ബഹുമാനാര്‍ത്ഥം.. :)
ശ്ശോ! വേണ്ടായിരുന്നു..
Posted by നന്ദന് at 2:52 PM 7 comments
Labels: എന്‍ എസ് എസ് കഥകള്‍
30 June 2007
എന്‍ എസ് എസ് ചരിതങ്ങള്‍... ഒരിക്കല്‍ കൂടി..
നിങ്ങളുടെ കോളേജിലും ഇല്ലായിരുന്നോ ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് പറയാന്‍ ശ്രമിക്കുന്ന അദ്ധ്യാപകര്‍?? അതില്‍ ദയനീയമായി പരാജയപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പൊട്ടിച്ചിരിക്കാന്‍ വക നല്കുന്ന അദ്ധ്യാപകര്‍.. അവരെപ്പോലെ രണ്ടു പേരെയാണ് ഞാന്‍ ഇതില്‍ പരിചയപ്പെടുത്തുന്നത്..
ഹരി സാര്‍ - ഞങ്ങളുടെ മെക്കാനിക്കല്‍ വിഭാഗത്തിലെ ലെക്ചറര്‍ ആണ് കഥാപാത്രം.. സാറിനു ഇംഗ്ലീഷ് പറയണമെന്ന് ഭയങ്കര നിര്‍ബന്ധമാണ്.. എന്നാല്‍ അത് ശരിക്കങ്ങ് പറയുമോ?? അതുമില്ല.. അതുകൊണ്ട് സാര്‍ അദ്ദേഹത്തിന്റേതായ ഒരു ഭാഷാ പ്രയോഗം തന്നെ സൃഷ്ടിച്ചെടുത്തു.. കേള്‍ക്കുന്നവര്‍ക്ക് പൊട്ടിച്ചിരിക്കാന്‍ വക നല്ക്കുന്ന തരത്തിലുള്ളവ.. അതില്‍ ചിലതാണ് താഴെ പറയുന്നത്.. ഇതില്‍ എത്രയെണ്ണം സാര്‍ പറഞ്ഞിട്ടുള്ളവയാണെന്ന് എനിക്ക് തന്നെ ഉറപ്പില്ല.. എന്റെ നല്ലവരായ സീനിയര്‍ ചേട്ടന്മാരുടെ “വാല്യുബിള്‍ ഇന്‍പുട്സ്” ഇതില്‍ പ്രതിഫലിച്ചിട്ടുണ്ട്.. അതിന്റെ മുഴുവന്‍ രസവും കിട്ടണമെങ്കില്‍ അത് ഇംഗ്ലീഷ് ആയിട്ട് തന്നെ കേള്‍ക്കണം.. അതു കൊണ്ട് ചില സംഭാഷണങ്ങള്‍ സാറിന്റെ ഇംഗ്ലീഷില്‍ തന്നെയാണ്.. എല്ലാവരും വായിച്ച് രസിക്കൂ..
"If something happens to me; inform me.. " താന്‍ ബോര്‍ഡില്‍ എഴുതിയതിലെ തെറ്റ് ചൂണ്ടിക്കാണിച്ച വിദ്യാര്‍ത്ഥിയോട് സാര്‍ പറഞ്ഞത് ഇങ്ങനെയാണ്.. അതിന്റെ ശരിക്കുള്ള അര്‍ത്ഥം “if i make any other mistakes - please tell me..“ എന്നായിരിക്കും സാര്‍ ഉദ്ദേശിച്ചത് എന്ന് ഞങ്ങള്‍ ഊഹിച്ചു..
ഞങ്ങളുടെ ഒരു മെഷീന് ഡ്രോയിംഗ് ക്ലാസ്സില്‍ സാര്‍ പറഞ്ഞ ഡയലോഗ് “Next class onwards there is no last row, Last row should come first row"
ഇന്റേര്‍ണല്‍ അസസ്മെന്റിന് 35 മാര്‍ക്ക് വേണം ഞങ്ങള്‍ക്ക് പാസാവാന്‍.. സാറന്മാരുമായി നല്ല ബന്ധത്തിലല്ലെങ്കില്‍ ഈ മാര്‍ക്ക് കിട്ടാന്‍ കുറച്ച് ബുദ്ധിമുട്ടാണ്.. ഇലക്ട്രിക്കല്‍ ബ്രാഞ്ചിലെ ഞങ്ങളുടെ ഒരു സുഹൃത്തിന് 34 മാര്‍ക്ക് മാത്രമേ കിട്ടിയുള്ളൂ.. എങ്ങനെയെങ്കിലും സാറിന്റെ കാലു പിടിച്ച് ഒരു മാര്‍ക്ക് കൂടി ഒപ്പിക്കണം എന്നതാണ് അവന്റെ ലക്ഷ്യം.. അതിനു സാറിനെ ചുറ്റിപ്പറ്റി നില്ക്കാന് തുടങ്ങി.. ഇവന്റെ പരുങ്ങല് കണ്ടിട്ട് സാറിന്റെ തകര്‍പ്പന്‍ ഡയലോഗ് വന്നു..
“Once put is put, there is no put on put".. “മനസ്സിലായില്ലേ? ഒരു പ്രാവശ്യം ഇട്ട മാര്‍ക്കിനു മാറ്റമില്ലായെന്ന്..“ :)
ഇതിന്റെ കുറച്ച് നീളം കൂടിയ വകഭേദവും ഉണ്ട്.. "once put is a put, it is a put, and there is no put over that put". ഇതില്‍ ഏതാണ് ശരിക്കും സാര്‍ പറഞ്ഞത് എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല..
ഞങ്ങള്‍ മെക്കാനിക്കല്‍ ഡിപ്പാര്‍ട്മെന്റ് എല്ലാ വര്‍ഷവും ഒരു ഓട്ടോമൊബൈല്‍ എക്സിബിഷന് നടത്താറുണ്ട്.. പാലക്കാട് കോട്ടമൈതാനത്താണ് ഇത് നടത്തുക.. ഡിപ്പാര്‍ട്മെന്റിലെ സാറന്മാരും കാണും ഞങ്ങളുടെ സഹായത്തിന്. ഹരി സാറും അതില്‍ ഉള്‍പ്പെടും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.. സാര്‍ എല്ലാവര്ക്കും നിര്‍ദ്ദേശം കൊടുക്കുകയാണ്.. "ആ എഞ്ചിന് അപ്പുറത്തേയ്ക്ക് മാറ്റി വെക്ക്, ആ പ്രൊപ്പല്ലറിന്റെ ലീഫ് ഒടിയരുത്" എന്നിങ്ങനെ സാങ്കേതിക പ്രയോഗങ്ങള്‍ വെച്ചലക്കുകയാണ്.. അപ്പോഴാണ് സാര്‍ ഓര്‍ത്തത് രാത്രിയിലത്തേയ്ക്ക് വെളിച്ചത്തിനുള്ള വകുപ്പായിട്ടില്ല.. ബള്‍ബ് ഇടണം.. ഏണി വേണം.. പക്ഷേ ഏണി എന്നതിന്റെ ഇംഗ്ലീഷ് സാറിന് ഓര്മ വരുന്നില്ല.. സാര്‍ പരിഹാരം കണ്ടെത്തി.. ഒരു കുട്ടിയെ വിളിച്ചിട്ട് കൈ കൊണ്ട് ഏണി എന്ന മട്ടില്‍ ആംഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു..
“ bamboo, bamboo; bamboo, bamboo.. go and take"
ഹരി സാറിന് ഒരു കുട്ടിയെ ക്ലാസ്സില്‍ നിന്ന് ഇറക്കി വിടണം. പക്ഷേ, "Get Out" എന്ന് പറയാന്‍ സാറിനു വാക്ക് ഓര്മ വരുന്നില്ല. സാര്‍ പതുക്കെ പയ്യന്സിന്റെ അടുത്തെത്തി, "Stand Up and follow me" എന്നു പറഞ്ഞിട്ട് പുറത്തേയ്ക്ക് നടന്നു.. കുട്ടിയും സാറും ക്ലാസിനു പുറത്തെത്തിയപ്പോള്‍ സാര്‍ പെട്ടെന്ന് തിരിഞ്ഞ് ക്ലാസിനുള്ളില്‍ കയറി.. എന്നിട്ട് കുട്ടിയോട് ആജ്ഞാപിച്ചു.. “Now stop following me"
ഒന്നാം വര്‍ഷത്തെ ബേസിക് എഞ്ചിനീയറിംഗ് ലാബ് ആണ് രംഗം.. ഒരു പെണ്‍കുട്ടി ലാബ് ബ്ലോക്കിന്റെ ആങ്ങേയറ്റത്തുള്ള ഫൌണ്ട്രി ലാബിലേയ്ക്ക് വഴി ചോദിക്കുന്നു.. സാര്‍ വഴി പറഞ്ഞു കൊടുത്തത് ഇപ്രകാരമാണ്.. “Go left, then turn right, then agin left, then goooooooo" ഇത് നിങ്ങള്‍ക്ക് ശരിക്ക് മനസ്സിലായിക്കാണില്ല. ലാബ് ബ്ലോക്കിന് അല്പം വളഞ്ഞ ഒരു ഇടനാഴിയുണ്ട്.. അതിലെ പോവാന്‍ പെണ്‍കുട്ടിയോട് കൈ കൊണ്ട് വളഞ്ഞ് തിരിഞ്ഞ് എന്ന മട്ടില്‍ ആംഗ്യം കാണിച്ചു കൊണ്ടാണ് അവസാനം പറഞ്ഞ ഗോാാാാാാ.. അതാണ് അതിനിത്ര നീളം.. :)
ഇത് പോലെ കുറേയുണ്ടായിരുന്നു സാറിന്റെ തമാശകള്‍.. പക്ഷേ ഓര്‍മ്മയില്‍ ഇത്രയേ കിട്ടിയുള്ളൂ.. ഇനിയും ഓര്‍ത്ത് എഴുതാന്‍ ശ്രമിക്കാം..
ഇനി മറ്റൊരു കഥാപാത്രം.. പ്രമോദ് എന്നാണ് സാറിന്റെ പേര്.. കുട്ടികള്‍ സ്നേഹത്തോടെ “പാല്ക്കാരന്“ എന്ന് വിളിക്കും.. പുള്ളിയെ കണ്ടാല്‍ പഴയ ഹിന്ദി സിനിമയിലൊക്കെ വരുന്ന ഒരു പാല്‍ക്കാരനെ പോലെയിരിക്കും എന്ന് ഞങ്ങളുടെ ഏതോ സീനിയര്‍ ചേട്ടനു തോന്നി.. അങ്ങനെ ഈ പേരു വീണു.. സാറിനു പെട്ടെന്നൊന്നും ഒരു കാര്യവും മനസ്സിലാകില്ല.. അതു കാരണം പരീക്ഷാ ഹാളില്‍ സാര്‍ വന്നാല്‍ എല്ലാര്ക്കും സന്തോഷമായി.. തകര്‍ത്ത് കോപ്പിയടിക്കാം! അങ്ങനെ ഒരു സപ്പ്ലിമെന്ററി പരീക്ഷാ ഹാളാണ് രംഗം.. എന്റെയൊരു സഹപാഠി നിതിന്‍ ആണ് ഈ സംഭവം ഒപ്പിച്ചത്.. പഠിക്കുന്നത് മൂന്നാം വര്‍ഷമാണെങ്കിലും ഒന്നാം വര്‍ഷത്തെ “C” പ്രോഗ്രാമിങ്ങ് പേപ്പര്‍ അവന് ഇപ്പോഴും കിട്ടാക്കനിയാണ്.. ഇത്തവണ എന്തു വിലകൊടുത്തും അത് പാസാവണം എന്നതാണ് ലക്ഷ്യം.. അതിന് പുറത്തു നിന്ന് സഹായത്തിന് ചട്ടം കെട്ടി..
പ്ലാന്‍ ഇങ്ങനെയാണ്.. കഴിഞ്ഞ വര്‍ഷത്തെ ചോദ്യ പേപ്പറുമായി നിതിന്‍ പരീക്ഷയ്ക്ക് കയറുന്നു.. പുതിയ ചോദ്യ പേപ്പര്‍ കിട്ടുന്നയുടന്‍ അത് ജനലിലൂടെ പുറത്തേക്കിടുന്നു.. കാത്തു നില്ക്കുന്ന കൂട്ടുകാര്‍ അതിന്റെ ഉത്തരം മറ്റൊരു പേപ്പറില്‍ എഴുതി ജനലിലൂടെ തന്നെ പരീക്ഷാ ഹാളില്‍ എത്തിക്കുന്നു.. പാല്‍ക്കാരനാണ് പരീക്ഷ ഹാളില്‍ എന്നത് കണ്ട് നിതിന്‍ സന്തോഷവുമായി.. പ്ലാന്‍ ചെയ്ത പടി തന്നെ ആദ്യം റൌണ്ട് വിജയിച്ചു.. ചോദ്യ പേപ്പര്‍ പുറത്തെത്തി. പഴയ ചോദ്യ പേപ്പറും വെച്ച് നിതിന്‍ കുത്തിക്കുറിച്ച് ഇരിക്കാനും തുടങ്ങി.. ഒരു മണിക്കൂറിനകം ജയിക്കാനുള്ളതെല്ലാം ജനലിലൂടെ എത്തുമല്ലോ എന്ന ആശ്വാസത്തിലാണ്.. അങ്ങനെ കുത്തിക്കുറിച്ച് ഇരിക്കുമ്പോഴാണ് പാല്ക്കാരന് അടുത്തെത്തിയത്. എങ്ങിനെയോ സാറിനു മനസ്സിലായി ഇവന് പഴയ ചോദ്യ പേപ്പര്‍ വെച്ചാണ് എഴുതുന്നത് എന്ന്..
“ഇതെന്താടോ ഇങ്ങനെ??” സാറിന്റെ ചോദ്യം..
നിതിന്‍ നിഷ്കളങ്കനായി മറുപടി പറഞ്ഞു.. “പുതിയ ചോദ്യം കണ്ടപ്പോള്‍ തന്നെ ഡെസ്പ് ആയിപ്പോയി സാറേ.. ജയിക്കില്ലാന്ന് ഉറപ്പാ.. അതു കൊണ്ട് ഞാന്‍ ആ ചോദ്യ പേപ്പര്‍ ചുരുട്ടിക്കൂട്ടി പുറത്തു കളഞ്ഞു.“
സാര്‍ ഞെട്ടി! “പിന്നെ താന്‍ എന്തിനാടോ ഈ പഴയത് എഴുതുന്നത്?”
“അതു സാറേ, ഇന്നത്തെ പേപ്പറില്‍ യൂണിവേഴ്സിറ്റി പറഞ്ഞിട്ടുണ്ടല്ലോ പുതിയത് പാടാണെങ്കില്‍ പഴയ ചോദ്യ പേപ്പര്‍ വെച്ച് ഉത്തരം എഴുതിയാല്‍ മതി, പാസ് ആക്കാമെന്ന്..”
സാര്‍ ഇത്തവണ ശരിക്കും ഞെട്ടി.. “സത്യമാണോടോ?? ഞാന്‍ കണ്ടില്ലല്ലോ?”
നിതിന്റെ മറുപടി.. “ഞാനെന്തിനാ സാറിനോട് കള്ളം പറയുന്നത്? പാസ് ആക്കാം എന്ന് യൂണിവേഴ്സിറ്റി ഉറപ്പ് പറഞ്ഞിട്ടല്ലേ ഞാനിത് ചെയ്യുന്നത്..”
സാറിന് അത്ര വിശ്വാസം പോര.. അടുത്തിരുന്നവനോട് ചോദിച്ചു.. നിതിന്റെ ഐഡിയ ക്ലിക്ക് ആയെന്നു കണ്ട അവനും പറഞ്ഞു പേപ്പറില്‍ ഉണ്ടെന്ന്.. അതോടെ സാറിന് അല്പം വിശ്വാസമായി.. എന്നിട്ട് നിതിനോട് പറഞ്ഞു..
“ആ അങ്ങനെ പറഞ്ഞെങ്കില്‍ കൊള്ളാം.. താനിരുന്ന് എഴുതിക്കോ.. അവസാനം മാര്‍ക്ക് കിട്ടീല്ല എന്നു വേണ്ട.. “
അല്പ സമയത്തിനകം നിതിന്‍ പ്രതീക്ഷിച്ച ഉത്തരങ്ങള്‍ എത്തുകയും, നിതിന്‍ മാത്രമല്ല, സപ്പ്ലിയടിച്ച് പരീക്ഷ എഴുതിക്കൊണ്ടിരുന്ന ഞങ്ങളുടെ എല്ലാ കൂട്ടുകാരും നല്ല മാര്‍ക്കോടെ പാസാവുകയും ചെയ്തു.. ജയ് പാല്ക്കാരന് :)
Posted by നന്ദന് at 2:43 PM 10 comments
Labels: എന്‍ എസ് എസ് കഥകള്‍
08 April 2007
ഉപ്പിളിപാളയം!
സംഭവം നടക്കുന്നത് ഞങ്ങള്‍ അവസാന സെം പഠിക്കുമ്പോഴാണ്. പരീക്ഷകളൊക്കെ കഴിഞ്ഞു. ഇനി വൈവ ഉണ്ട്. അതിനുള്ള തയ്യാറെടുപ്പൊക്കെയായി ഹോസ്റ്റലില്‍ തകര്‍പ്പന്‍ പഠനം. സമയം രാത്രി 8 മണിയായിട്ടുണ്ടാവും. അപ്പോഴാണ് പാക്കരനു വെളിപാട്..
“ഡാ നാനോ..” (എന്നെ അവന്മാര് വിളിക്കുന്ന പേരാണ് നാനോ. അതിന്റെ ഉല്പത്തിയെക്കുറിച്ച് ഇവിടെ പറയാം) കോളേജ് ഓഫീസില്‍ നിന്ന് എന്തോ ഒരു ലിസ്റ്റ് വാങ്ങി വരാന്‍ ഞങ്ങളോട് ഡിപ്പാര്‍ട്മെന്റ് ഹെഡ് പറഞ്ഞതനുസരിച്ച് ഓഫീസ് റൂമില്‍ തിക്കും തിരക്കും ഉണ്ടാക്കുകയാണ് ഞങ്ങള്‍ ഒരു പത്തു പതിനഞ്ച് പേര്. ഇതെടുത്ത് തരാന്‍ ആകപ്പാടെ ഞങ്ങളുടെ ശ്രീദേവി ആന്റിയാണ് ഓഫീസിലുള്ളത്. എല്ലാവരും കൂടി കലപില കൂട്ടിയപ്പോള്‍ ആന്റി പറഞ്ഞു.. “നിങ്ങള്‍ ഇങ്ങനെ ബഹളം വെയ്ക്കാതെ.. എല്ലാവരുടെയും പേര് ഒരു പേപ്പറില്‍ എഴുതി തരൂ. ഞാന്‍ ഓരുമിച്ച് എടുത്ത് തരാം.” എല്ലാവരേയും “പേപ്പറിലാക്കുന്ന“ ജോലി ജെ കെ ഏറ്റെടുത്തു. എഴുതിയെഴുതി എന്റെ പേര് എത്തിയപ്പോ അവന് എഴുതിയത് “NANAGOPAL" എന്ന്. ഒരു “D" അങ്ങ് വിഴുങ്ങി! കണ്ടു നിന്ന ഞാന്‍ വിളിച്ചു പറഞ്ഞു. “ഡാ, നാനഗോപാല്‍ അല്ല, നന്ദഗോപാല്‍..” അപ്പോ വിണു പേര്.. “ഡാ ബിജോയ്, നന്ദന് പറഞ്ഞ കേട്ടോ.. “നാനോ” എന്ന് വിളിച്ചാല്‍ മതീന്ന്..” പോരെ പൂരം. അങ്ങനെ ഞാന്‍ "നാനോ” ആയി.
അപ്പോള്‍ നമുക്ക് കഥയിലേയ്ക്ക് മടങ്ങി വരാം.. “ഡാ നാനോ..” ഞാന്‍ തലയുയര്‍ത്തി നോക്കി..
“ഡാ.. നമുക്ക് നാളെ കോയമ്പത്തൂരില്‍ പോവാം. നമ്മുടെ കോഴ്സ് കഴിഞ്ഞില്ലേ, ഇനി വല്ല വാല്യൂ അഡീഷന്‍ കോഴ്സ് ചെയ്യണം. അല്ലാതെ രക്ഷയില്ല. അവിടെ പി എസ് ജി കോളേജില്‍ കാഡ്/കാം (CAD/CAM) കോഴ്സ് ഉണ്ട്. വളരെ നല്ലതാണ്. ജോലി കിട്ടാന്‍ എളുപ്പമാണ്..”
ഞാന്‍ ആലോചിച്ചു. ഇവന് പറയുന്നത് ശരിയാണ്. ഞങ്ങള്‍ക്കാണെങ്കില്‍ ഇതു വരെ പ്ലേസ്മെന്റ് എന്നൊന്നും പറഞ്ഞ് ആരും കോളേജില്‍ വന്നിട്ടുമില്ല.. ഇങ്ങനെ ഒരു കോഴ്സ് ചെയ്ത് അതിന്റെ ബലത്തില്‍ ഒരു എഞ്ചിനീയറായി വിലസുന്നത് ഞാന്‍ സ്വപ്നം കണ്ടു.. “ജെ ക്കേ, നമുക്ക് പോവാം?” ഞാന്‍ ജെ കെ യെ നോക്കി. അവന് റെഡി. കൂടെയുണ്ടായിരുന്ന ദാദയും പറഞ്ഞൂ, “ഞാനുമുണ്ട്..“
അങ്ങിനെ ഞങ്ങള്‍ നാലു പേരും കൂടി പിറ്റേന്ന് കോയമ്പത്തൂര്‍ പോവാനുള്ള പ്ലാന്‍ അപ്പ്രൂവ് ചെയ്തു..
വൈകിട്ട് എന്റെ കുഞ്ഞിപ്പെങ്ങളെ വിളിക്കുന്ന ഒരു പതിവെനിക്കുണ്ട്.. ജാനകിയെ.. അന്നും പതിവു പോലെ വിളിച്ചു..
“ഡീ വാവേ, ഞാന്‍ നാളെ രാവിലെ കോയമ്പത്തൂര്‍ വരെ പോവും.. ഒരു കോഴ്സിന്റെ കാര്യം അന്വേഷിക്കാനാണ്..”
“നന്ദാ, എനിക്കൊരു പിറ്റോട് (PITOT) ട്യൂബ് വാങ്ങിക്കൊണ്ട് വരുമോ?” അവളുടെ ചോദ്യം.. അവള് ഏതോ ലാബില്‍ ഈ പറഞ്ഞ സാധനം താഴെയിട്ട് പൊട്ടിച്ച കാര്യം എനിക്കറിവുള്ളതാണ്. അത് വാങ്ങാന്‍ അവളെയും കൊണ്ട് ഒരു ദിവസം മുഴുവന്‍ പാലക്കാട് അരിച്ചു പെറുക്കിയതുമാണ്. പക്ഷേ സാധനം കിട്ടിയിരുന്നില്ല. കോയമ്പത്തൂരില്‍ കിട്ടുമെന്ന് അവള്‍ക്ക് തന്നെ അങ്ങ് തോന്നി.. എന്തൊരു ബുദ്ധി.. എന്റെയല്ലേ പെങ്ങള്.. ;)
“ശരി കുട്ടാ.. വാങ്ങി വരാല്ലോ..” അവളോട് ഗുഡ്നൈറ്റും സ്വീറ്റ് ഡ്രീംസുമൊക്കെ പറഞ്ഞ് ഫോണ്‍ വെച്ചു..
പിറ്റേന്നായി..
ഞങ്ങള്‍ കോയമ്പത്തൂരിലേയ്ക്ക് വെച്ചു പിടിയ്ക്കുന്നു.. ഒമ്പതരയായപ്പോഴേ പി എസ് ജി കോളേജിലെത്തി. അവിടുത്തെ കൌണ്‍സിലറിന്റെ കിളിമൊഴിയൊക്കെ കേട്ട് ബോധിച്ചു. കോഴ്സ് ഒക്കെ കൊള്ളാം.. പക്ഷേ ഫീസ് കൊള്ളില്ല.. ഏതായാലും വീട്ടില്‍ ആലോചിച്ച് തീരുമാനമെടുക്കാം എന്ന് ഞങ്ങള്‍ കരുതി..
പി എസ് ജി ഒരു ഗണ്ടന് കോളേജാണ്. ഞങ്ങളുടെ എന്‍ എസ് എസ്സിനെയും പി എസ് ജി യെയും ഒക്കെ കമ്പയര്‍ ചെയ്ത് പാക്കരന്റെ കത്തിയും കേട്ട് ഞങ്ങള്‍ കോളേജിന്റെ പുറത്തെത്തി.. അപ്പോഴാണ് ഞാന്‍ ഓര്‍ത്തത്.. പിറ്റോട് ട്യൂബ്! "ഡാ, ഞാന്‍ ജാനൂന് ആ പിറ്റോട് ട്യൂബ് വാങ്ങിയില്ല.. നമുക്ക് ഇവിടുത്തെ കോപ്പറേറ്റീവ് സ്റ്റോറില്‍ തിരക്കാം..” അങ്ങനെ ഞങ്ങള്‍ സ്റ്റോറിലെത്തി..
ഇടിച്ചു കയറാന്‍ പാക്കരന് നല്ല മിടുക്കാണ്.. സ്റ്റോറില്‍ നില്ക്കുന്ന പാണ്ടിയോട് പാക്കരന്റെ ചോദ്യം.. “അണ്ണൈ, ഈ പിറ്റോട് ട്യൂബ് കെടക്കുമാ??” ഏതായാലും പാണ്ടിക്ക് കാര്യം മനസ്സിലായി. “ഇങ്കെയില്ലൈ.. അത് വന്ത് ഉപ്പിളിപ്പാളയം ഓറിയന്റല്‍ ലാബില്‍ താന്‍ കെടക്കും..”
ഇതെവിടാ ഈ ഉപ്പിളിപ്പാളയം?? ഞങ്ങള്‍ തമ്മില്‍ തമ്മില്‍ നോക്കി. ജെ കെ അല്പം തമിഴൊക്കെ വശമുള്ള കക്ഷിയാണ്. അവന് പാണ്ടിയോട് കാര്യം ചോദിച്ചു മനസ്സിലാക്കി. പക്ഷേ എത്രാം നമ്പര്‍ ബസിലാണ് പോവേണ്ടതെന്ന് പാണ്ടിക്കും അറിയില്ല.. “സാരമില്ലടാ, നമുക്ക് സ്റ്റോപ്പില്‍ ആരോടേലും ചോദിക്കാം” പാക്കരന് കോണ്‍ഫിഡന്റ്.. ശരി വാ എന്നു ഞങ്ങളും..
അങ്ങിനെ സ്റ്റോപ്പിലെത്തി.. അവിടെ കണ്ട രണ്ടു മൂന്ന് പേരോട് ചോദിച്ചു. ആര്‍ക്കും ബസിന്റെ നമ്പര്‍ അറിയില്ല.. അവസാനം ദേവദൂതനെ കണ്ടെത്തി.. അതാ നില്ക്കുന്നു ഒരു ബീഡിയും വലിച്ച്.. ജെ കെ ചോദിക്കുന്നു.. “അണ്ണാ, ഇന്ത ഉപ്പിളിപാളയം പോകതുക്ക് എന്ത ബസ്?” ദേവദൂതന് ഞങ്ങളെയൊന്ന് നോക്കി.. എന്നിട്ട് മൊഴിഞ്ഞു.. “നാനും അന്ത റൂട്ട് താ.. ആനാ ഉപ്പിളിപാളയം അല്ലൈ, നെക്സ്റ്റ് സ്റ്റോപ്.. ഏന് കൂടെ ബസില്‍ ഏറ്.. സൊല്ലിടുവേന്‍..” ഞങ്ങള്‍ ഹാപ്പി..
ഒരു ബസ് വന്നു. നല്ല തിരക്ക്.. അതാ ദേവദൂതന് അതില്‍ കേറാനുള്ള പുറപ്പാടാണ്.. “അണ്ണൈ ഞങ്ങളും..” ഒരു വിധം തള്ളിപ്പിടിച്ച് കേറി.. കണ്ടക്ടര്‍ മുന്‍പിലാണ്. പതിയെ വരുന്നതേയുള്ളൂ.. അതിനിടയ്ക്ക് രണ്ടു മൂന്ന് സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോ ഞങ്ങള്‍ ചോദിക്കുന്നുണ്ട്.. “അണ്ണാ ഇതാണോ ഉപ്പിളിപാളയം” (ഒരു മറവത്തൂര്‍ കനവ് എന്ന സിനിമയില്‍ മമ്മൂക്ക ചോദിക്കില്ലേ. “ഇതാണോ മറവത്തൂര്‍??” ആ ട്യൂണില്‍ വായിക്കണേ.. ) അങ്ങനെ അഞ്ചാറ് സ്റ്റോപ് ആയിട്ടും സ്ഥലമെത്തിയിട്ടില്ല.. ഞങ്ങള്‍ ചോദ്യമൊട്ടു നിര്‍ത്തിയിട്ടുമില്ല.. ആ തിരക്കിനടയില്‍ നിന്ന് ഉപ്പിളിപാളയം ഉപ്പിളിപാളയം എന്ന് മിനിട്ടിന് നാല്‍പ്പത് വട്ടം പറയുന്നുമുണ്ട്. എന്തിനാണെന്ന് ഞങ്ങള്‍ക്ക് തന്നെ അറിയില്ല..! ഏതായാലും ഞങ്ങളുടെ ദേവദൂതന് അപാര ക്ഷമയാണ്..
കണ്ടക്ടര്‍ അടുത്തെത്തി. പാക്കരന് പൈസ കൊടുത്തിട്ട് പറഞ്ഞു.. “നാല് ഉപ്പിളിപ്പാളയം..” കണ്ടക്ടര്‍ ടിക്കറ്റ് കൊടുത്തു.. ഇനി അടുത്തത് ദേവദൂതനാണ് ടിക്കറ്റെടുക്കേണ്ടത്..
കണ്ടക്ടര്‍ക്ക് പൈസ നീട്ടി ദേവദൂതന് പറയുന്നു.. “ഒരു ഉപ്പിളിപ്പാളയം..” ഏ! ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി.. ഇങ്ങേര് മറ്റേതോ സ്റ്റോപ് ആണല്ലോ ഇറങ്ങുമെന്ന് പറഞ്ഞത്.. പിന്നിതെന്താണാവോ?? പെട്ടെന്ന് ദേവദൂതന്റെ തിരുത്ത്..”സാറി സാര്‍.. ഉപ്പിളിപാളയം അല്ലൈ.. ഗാന്ധിപുരം താന്‍ വേണം” കണ്ടക്ടര്‍ ദേവദൂതനെ തുറിച്ചൊന്നു നോക്കി.. താന്‍ ടിക്കറ്റ് കീറിയല്ലോ എന്നാണ് അതിന്റെ അര്‍ത്ഥം.. എന്നിട്ട് എന്തോ ശാപവാക്കും പറഞ്ഞിട്ട് ടിക്കറ്റ് മാറ്റി നല്കി.
ഞങ്ങള്‍ക്ക് ചിരി വരുന്നുണ്ട്.. ഞങ്ങളിങ്ങനെ ഉപ്പിളിപാളയം എന്ന് മിനിറ്റു വെച്ച് പറഞ്ഞിട്ടാണല്ലോ പുള്ളിക്കാരന് സ്വന്തം സ്റ്റോപ് തെറ്റിയത്.. ഞങ്ങളുടെയൊരു കാര്യം..
അടുത്ത സ്റ്റോപ് ഉപ്പിളിപാളയം.. ദേവദൂതന് മൊഴിഞ്ഞു.. “ഇത് താന്‍ ഉങ്കളുടെ സ്റ്റോപ്..” ഞങ്ങള്‍ താങ്ക്സ് പറഞ്ഞ് ഇറങ്ങി..
ഇറങ്ങിയയുടന്‍ പാക്കരന് പൊട്ടിച്ചിരിയാണ്.. “എന്നാലും നാനോ.. നീ ഒരു തമിഴനെ വഴി തെറ്റിച്ചല്ലോ!..” ഞങ്ങളും ആ ചിരിയില്‍ പങ്കു ചേര്‍ന്നു..
Posted by നന്ദന് at 7:22 PM 1 comments
Labels: എന്‍ എസ് എസ് കഥകള്‍
06 April 2007
ചില എന്‍ എസ് എസ് (NSS) ചരിതങ്ങള്‍... ഭാഗം രണ്ട്.
എല്ലാവരും ആദ്യ ഭാഗം വായിച്ചു എന്ന് കരുതട്ടെ.. നമുക്ക് ബാക്കിയുള്ളവരെ പരിചയപ്പെടാം.
സജിത്ത് (കുത്ത്) പണിക്കര്‍.
എറണാകുളം സ്വദേശി. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി. പഠനം പഠനം എന്ന ഒരു വിചാരമേയുള്ളൂ പണിക്കര്‍ക്ക്! അതോ, പഠിക്കുന്നത് കണ്ടാല്‍ നമ്മളും ഇരുന്ന് പഠിച്ചു പോവും. കട്ടിലില്‍ രണ്ടു കാലും കേറ്റി വച്ച്, പുസ്തകത്തിലേയ്ക്ക് നോക്കി മൂളി ആടിക്കൊണ്ടിരിക്കുന്ന പണിക്കരെയാണ് ആ റൂമിലേയ്ക്ക് കേറിയാല്‍ ആദ്യം കാണുക. ഇതൊക്കെയാണെങ്കിലും എന്തെങ്കിലും കുരുത്തക്കേട് ഒപ്പിക്കാനും സിനിമ കാണാനും പണിക്കര്‍ മുന്‍പന്തിയിലുണ്ടാവും.
(കരിന്തിരി) മഹേഷ്
കൊല്ലം സ്വദേശി. കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി. ഒരു “ബുജി” മട്ടിലാണ് ആശാന്റെ മട്ടും ഭാവവുമൊക്കെ. അടിസ്ഥാനപരമായി താനൊരു കമ്മ്യൂണിസ്റ്റാണ് എന്നാണ് പറച്ചില്. മാര്‍ക്സിയന്‍ സിദ്ധാന്തം എന്നൊക്കെ പറഞ്ഞ് വെച്ചു കാച്ചുന്നത് കേള്‍ക്കാം.. ആശാന് കവിതകളോട് വല്യ പ്രതിപത്തിയാണ്. അങ്ങിനെയേതോ കവിത ഉച്ചത്തില്‍ പാടി വന്നപ്പോഴാണ് അതിലുള്ള “കരിന്തിരി” എന്ന വാക്ക് ഒരു പേരായി വീണത്. ജീവിതം കരിന്തിരി കത്തുന്നു എന്നൊക്കെയുള്ള നെടുങ്കന്‍ ഡയലോഗുകള്‍ക്ക് അപ്പോഴും പഞ്ഞമില്ല.. :)
രഞ്ജിത്ത് (ചഡ്ഡു)
ചടയമംഗലമാണ് സ്വദേശം. പേരിന്റെ ഉല്പത്തി എങ്ങിനെയെന്ന് വായനക്കാര്‍ക്ക് മനസ്സിലായല്ലോ.. കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി. ഒരു പഞ്ചപാവം.. പരമശുദ്ധന്‍. പഠിക്കാനും മിടുക്കന്. ഇതാണ് ചഡ്ഡു..
പരമേശ്വരന് (പരമന്)
എന്റെയും കുഞ്ചുവിന്റെയും സഹപാഠി. ഞങ്ങളുടെ സ്വന്തം പട്ടര് പരമന്.. ത്രിശൂര്‍ സ്വദേശിയാണ്. ഇടയ്ക്കിടയ്ക്ക് അല്പസ്വല്പം വേദാന്തമൊക്കെ പറയും. അല്ലാതെ ആളെക്കൊണ്ട് വല്യ ദ്രോഹമൊന്നുമില്ല. ഞാനും കുഞ്ചുവും പരമനും പിന്നെ മറ്റൊരു കഥാപാത്രവും കൂടിയാണ് ഞങ്ങളുടെ അവസാന വര്‍ഷ പ്രോജക്റ്റ് ചെയ്തത്. അതിന്റെ വിശേഷങ്ങളൊക്കെ വഴിയേ പറയാം.
പിന്നെ ശ്രീലക്ഷ്മിയിലുള്ളത് വിമലും പ്രശാന്തുമാണ്. രണ്ടുപേരും പൂക്കളത്തിന്റെ സഹപാഠികള്‍. അവരെയും കൂടെക്കൂട്ടി ഞങ്ങള്‍ ആറു പേരാണ് ശ്രീലക്ഷ്മിയിലെ “മെക്കന്മാര്”. മെക്കാനിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഷോര്‍ട്ട് ഫോം.. :) വിമലും പ്രശാന്തും അങ്ങിനെ ബഹളങ്ങള്‍ക്കൊന്നുമില്ല.. പക്ഷേ എല്ലാത്തിനും കൂടുകയും ചെയ്യും.
ഇവരെക്കൂടാതെ ഇനി പറയുന്നവരായിരിക്കും ഈ ചരിത്രത്തിലെ പ്രധാന താരങ്ങള്‍..
രതീഷ് മേനോന് (മേനോന്ജി)
നാലാം ക്ലാസ് മുതലുള്ള പരിചയമാണ് എനിക്കും മേനോനും. എന്റെ ആത്മാര്‍ത്ഥ സുഹൃത്ത്. ആലപ്പുഴയില്‍ എന്റെ വീടിനടുത്താണ് മേനോന്റെ വീട്. ഞങ്ങള്‍ ഒരുമിച്ചാണ് പ്രവേശന പരീക്ഷയ്ക്ക് പഠിച്ചതൊക്കെ. കിട്ടിയതും ഒരേ കോളേജില്‍ തന്നെ. പക്ഷേ രണ്ടു ബാച്ചിലായിപ്പോയി എന്നെയുള്ളൂ. ഒരുമിച്ചാണ് ഒന്നാം വര്‍ഷം എഞ്ചിനീയറിംഗ് ഗ്രാഫിക്സ് ട്യൂഷനു പോയത്. ഒരുമിച്ചാണ് ആലപ്പുഴയ്ക്കുള്ള വരവും പോക്കുമൊക്കെ.. അങ്ങിനെ മേനോനെക്കുറിച്ച് പറഞ്ഞുതുടങ്ങിയാല്‍ ഒരുപാടുണ്ട് പറയാന്‍.. അതൊക്കെ ഇനി ഓരോ സംഭവങ്ങളിലൂടെ പറയാം..
അരുണ്‍(ചാത്തന്)കുമാര്‍.
ഞങ്ങളുടെ പ്രോജക്റ്റിനു ഒരു കഥാപാത്രം കൂടിയുണ്ടെന്നു പറഞ്ഞിരുന്നല്ലോ.. ലോ ലവനാണ് ലിവന്.. കൊല്ലം ചാത്തന്നൂര്‍ സ്വദേശി. ചാത്തന് എന്നു വിളിക്കുന്നത് എന്തിനാണെന്ന് മനസ്സിലായല്ലോ.. ചാത്തന്റെ വിശേഷങ്ങളും ഒരുപാടുണ്ട് പറയാന്‍. എങ്കിലും അവനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് “മനസ്സിന് മണിച്ചിറകില്‍...” എന്ന സിനിമാഗാനമാണ്. എന്റെ ദൈവമേ! ഈ പാട്ട് ചാത്തന് “പറയുന്നത്” പോലെ “പാടാന്‍” ഈ ലോകത്ത് മറ്റാരുമില്ല! അത്ര ദയനീയമാണത്. അത് നിങ്ങളെയൊക്കെ കേള്‍പ്പിക്കാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്. പക്ഷേ വകുപ്പില്ലല്ലോ!
ബിജോയ് ഭാസ്കരന് (പാക്കരന്)
അവസാന വര്‍ഷത്തിലെ എന്റെ സഹമുറിയന്. എന്റെ സഹപാഠിയുമാണ്. കളിയിലും പഠനത്തിലുമൊക്കെ ഓള്‍റൌണ്ടര്‍. കോളേജ് ഫുട്ബോള്‍ ടീമിന്റെ സ്ട്രൈക്കര്‍. അത്യാവശ്യം നന്നായിട്ട് പാട്ടുപാടും. അതിലും നന്നായിട്ട് ആളെ വടിയാക്കും. അങ്ങിനെ തെറിച്ച് നടക്കുന്ന ഒരുത്തന്.. :)
ജയകൃഷ്ണന് (ജെ കെ)
എന്റെ സഹപാഠി. കോളേജിന്റെ ആസ്ഥാന ഗായകനാണ്. നിങ്ങളില്‍ ചിലരെങ്കിലും കണ്ടിട്ടുണ്ടാവും വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ കൈരളി ടിവിയില്‍ “റെയിന്‍ഡ്രോപ്സ്” എന്ന പരിപാടി അവതരിപ്പിക്കുന്ന വൃന്ദ എന്ന കുട്ടിയെ. ജെ കെ യുടെ സഹോദരിയാണ് ആള്. കുടുംബപരമായി സംഗീതമൊക്കെയുള്ള ആളാണ്. ചിറ്റൂറ് ഭഗവതി ക്ഷേത്രത്തിന്റെ തൊട്ടടുത്താണ് ജെ കെ യുടെ വീട്. എനിക്ക് വളരെയിഷ്ടമുള്ള സ്ഥലമാണത്. പ്രശാന്തസുന്ദരമായ ഗ്രാമം എന്നൊക്കെ പറയുന്നത് ചിറ്റൂര്‍ പോലെയുള്ളെവയെയാവണം.
അരുണ്കൃഷ്ണന് (ടി പി)
ടി പി ആളുടെ ഇനീഷ്യലാണ്! ഞങ്ങള്‍ അതു ചുരുക്കപ്പേരാക്കി എന്നേയുള്ളൂ. ടി പി ഡേസ്കോളറാണ്. ലോകകപ്പും യൂറോ കപ്പും പോലെയുള്ള ഫുട്ബോള്‍ മാമാങ്കങ്ങള്‍ വരുമ്പോള്‍ ഞങ്ങളെല്ലാവരും ടി പിയുടെ വീട്ടിലാണ്. ഒരു പരാതിയും പറയാതെ ടി പിയുടെ അമ്മ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഭക്ഷണമൊരുക്കും. ഞങ്ങളെന്ന് പറഞ്ഞാല്‍ ഒരു പത്തു പതിനൊന്നാള്‍ക്കാര്‍ ഉണ്ട് കേട്ടോ. ടി പി ആളൊരു ശുദ്ധനാണ്. നിര്‍ദ്ദോഷമായ ചില കമന്റുകള്‍ പാസാക്കും. പക്ഷേ അവസാനം അതെല്ലാം കൂടി ടി പിയെ ഗോളടിക്കും എല്ലാവരും ചേര്‍ന്ന്. പാക്കരനും ജെ കെയുമാണ് ഇക്കാര്യത്തില്‍ മുന്പില്.
അരുണ്‍ (ദാദ)
ദാദയെന്ന പേരു കേട്ട് ഞെട്ടുകയൊന്നും വേണ്ട. ആളൊരു പാവമാണ്. പക്ഷേ നല്ല ഘനഗാംഭീര്യമുള്ള ശബ്ദം. അതാണ് ഈ പേരു വീഴാന്‍ കാരണം. ഒരു രസികന്‍. ഒരു സ്കൂട്ടി അതിന് എടുക്കാവുന്ന മാക്സിമം വേഗതയില്‍ ഓടിച്ചാണ് ദാദ കോളേജില്‍ വരിക. അല്പം ലേറ്റായിട്ടാണ് ആള് വരുന്നതെങ്കിലും വണ്ടിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കറിയാം ദാദ എത്തിയെന്ന്..
പിന്നെയുള്ളത് അര്ജുന്. മിസ്റ്റര്‍ പെര്‍ഫെക്റ്റ്. ഏതുകാര്യത്തിലും അര്ജുന് മുന്‍പന്തിയിലുണ്ടാവും. എന്തു സഹായവും ചെയ്തു തരും. നന്നായിട്ട് പഠിക്കും. പിന്നെ എല്ലാ തമാശകള്‍ക്കും ഒപ്പം കൂടുകയും ചെയ്യും. ഞങ്ങളുടെ ഒത്തു ചേരലുകള്‍ക്ക് അവന്റെ വീടും ഒരു വേദിയാവാറുണ്ട്.
ഇത്രയുമാണ് പ്രധാന കഥാപാത്രങ്ങള്‍. ഇനിയുമുണ്ട് ഒരുപാട് പേര്. ഓരോരോ സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ എല്ലാവരെയും പരിചയപ്പെടുത്താം.
അയ്യയ്യോ! സ്ത്രീജനങ്ങളെ പരിചയപെടുത്തിയില്ല! അധികം പേരൊന്നുമില്ല. അവരുടെ കാര്യമാണ് ഇനി..
ജാനകി
എന്റെ കുഞ്ഞിപ്പെങ്ങള്. എന്റെ വല്ല്യമ്മയുടെ മോള്. ഒരു വയസിന്റെ വ്യത്യാസമേയുള്ളൂ ഞങ്ങള്‍ തമ്മില്‍. എങ്കിലും ഞാന്‍ ആദ്യ തവണ വളരെ നന്നായിട്ട് പ്രവേശന പരീക്ഷ എഴുതിയത് കാരണം അഡ്മിഷന് കിട്ടിയില്ല. അങ്ങിനെയാണ് ഞാനും ജാനുവും ഒരേ ബാച്ചിലെത്തിയത്. അവള് സിവില്‍ എഞ്ചിനീയറിംഗ് ആണു പഠിച്ചത്. അവളുടെ ഹോസ്റ്റലാണ് “സോപാനം”. അവളുടെ കൂട്ടുകാരാണ് എനിക്ക് കോളേജിലുള്ള പെണ് സുഹൃത്വലയം. അവരില്‍ ചിലരെയാണ് ഇനി പരിചയപ്പെടുത്തുന്നത്.
ജിജ
ജാനുവിന്റെ അടുത്ത കൂട്ടുകാരി. ഞങ്ങള്‍ “ഉണ്ടന്‍പൊരി” എന്ന് വിളിക്കും. ആകപ്പാടെ ഒരു വെകിളിയാണ്. എന്നു പറഞ്ഞാല്‍ കൊച്ചുകുട്ടികളുടെ സ്വഭാവമാണ്. ഒരു ഗുണ്ടുമണി.
ലയന
ഒരു കൊച്ചുമാധവിക്കുട്ടിയാണ്. വളരെ പക്വതയുള്ള ഒരു പെണ്‍കുട്ടി.
അനിത
എനിക്ക് സഹോദരിമാരില്ല എന്ന സങ്കടം ഞാന്‍ മറക്കുന്നത് അനിതയുടെയൊപ്പം ഇരിക്കുമ്പോഴാണ്. നിഷ്കളങ്കമായ ചിരിയോട് കൂടി അവള് സംസാരിക്കുമ്പോള്‍ മനസ്സിലെ എല്ല വേദനകളും പമ്പ കടക്കും. ഇലക്ട്രോണിക്സ് വിദ്യാര്‍ത്ഥിനിയാണെങ്കിലും അത് കോളെജിലെ മറ്റൊരു ബ്ലോക്കിലാണെങ്കിലും ഒഴിവു സമയങ്ങളില്‍ അനിത ഞങ്ങളുടെ കൂടെയുണ്ടാവും. അവളില്ലെങ്കില്‍ ആ സഭയ്ക്ക് എന്തോ കുറവുള്ളത് പോലെയാണ്. ഒരോ ദിവസവും ഓരോ തരം ഫാന്‍സി കമ്മലുകളാണ് അവളിടുക. എന്നു വെച്ച് അവള് ഒരു ഫാഷന്‍ ഭ്രമക്കാരിയൊന്നുമല്ല. എല്ലാ ദിവസവും അഭിപ്രായം ചോദിക്കും.. “എടാ, ഇതെങ്ങിനെയുണ്ട്.?” :) കോളേജ് ജീവിതം കഴിഞ്ഞ് പോവുമ്പോള്‍ പൊട്ടിക്കരഞ്ഞ അവള്‍ക്ക് ഞാന്‍ സമ്മാനം നല്കിയതും രണ്ട് ജോടി കമ്മലുകളാണ്.. അതു തുറന്നു നോക്കി അവള് ചിരിക്കുന്നത് ഇപ്പോഴും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല.
ഇനിയുമുണ്ട് കുറച്ച് പെണ്‍സുഹൃത്തുക്കള്‍. അവരെ വഴിയേ പരിചയപ്പെടാം..
Posted by നന്ദന് at 8:19 PM 1 comments
Labels: എന്‍ എസ് എസ് കഥകള്‍
25 March 2007
ചില എന്‍ എസ് എസ് (NSS) ചരിതങ്ങള്‍... ഭാഗം ഒന്ന്..
തലക്കെട്ട് വായിക്കുന്ന ചിലരെങ്കിലും കരുതും ഇത് നായര്‍ സമുദായത്തിനെക്കുറിച്ചുള്ള എന്തെങ്കിലുമാവും എന്ന്.. അല്ല.. ഇത് ഞാന്‍ എഞ്ചിനീയറിംഗ് പഠിച്ച പാലക്കാട് എന്‍ എസ് എസ് കോളേജിനെക്കുറിച്ചാണ്.. കോളേജിനെക്കുറിച്ച് മാത്രമല്ല.. അവിടുത്തെ വിദ്യാര്‍ത്ഥിസമൂഹത്തെക്കുറിച്ചു കൂടിയാണ്. വിദ്യാര്‍ത്ഥി സമൂഹമെന്ന് പറഞ്ഞാല്‍ 2000-2004 കാലഘട്ടത്തിലെ ഞാനും എന്റെ സുഹൃത്തുകളും.. ഇതിലെ കഥാപാത്രങ്ങള്‍ക്കെല്ലാവര്‍ക്കും ചുരുക്കപ്പേരുകളും ഇരട്ടപ്പേരുകളുമൊക്കെയുണ്ട്.. അതുകൊണ്ട് ഞാന്‍ ഓരോരുത്തരെയായി നിങ്ങള്‍ക്കു വേണ്ടി പരിചയപ്പെടുത്താം..
കഥാപാത്രങ്ങളെ പരിചയപ്പെടുന്നതിനു മുമ്പ് രണ്ട് പ്രധാനപ്പെട്ട സ്ഥലങ്ങള്‍ പരിചയപ്പെടുത്തേണ്ടതുണ്ട്.. കല്ലേക്കുളങ്ങര എന്‍ എസ് എസ് കരയോഗം ഹോസ്റ്റല്‍, ശ്രീലക്ഷ്മി എന്ന ഒരു വീട്.. എന്‍ട്രന്‍സ് കമ്മിഷണറുടെ മാറിമറിയുന്ന ഓപ്ഷന് ലിസ്റ്റ് അനുസരിച്ച് രണ്ടു മാസത്തിനുള്ളില്‍ രണ്ടു കോളേജുകളില്‍ പഠിച്ചിട്ടാണ് ഞാന്‍ എന്‍ എസ് എസിലെത്തുന്നത്. അപ്പോഴേക്കും കോളേജ് ഹോസ്റ്റലിലെ റൂമുകള്‍ എല്ലാം തീര്‍ന്നിരുന്നു. അതിനാല്‍ അവിടെ നിന്ന് ഒരു പത്തു മിനിറ്റ് നടന്നാല്‍ എത്തുന്ന കല്ലേക്കുളങ്ങര എന്‍ എസ് എസ് കരയോഗം ഹോസ്റ്റലിലാണ് താമസം ശരിയായത്. അവിടെ ഒന്നാം വര്‍ഷക്കാരെ മാത്രമേ താമസിപ്പിക്കൂ. ഒന്നും രണ്ടും സെമസ്റ്ററുകള്‍ ഒരുമിച്ചാണെന്നതിനാലും ക്ലാസുകള്‍ തുടങ്ങിയത് നവമ്പര്‍ മാസത്തിലാണെന്നതിനാലും ഒരു വര്‍ഷം എന്നുള്ളത് എട്ട് മാസമായി ചുരുങ്ങും. ജൂണില്‍ പരീക്ഷ കഴിയുമ്പോള്‍ അവിടുന്ന് മാറിക്കൊടുക്കണം. അങ്ങിനെയാണ് ശ്രീലക്ഷ്മി എന്ന വീട്ടില്‍ ഞങ്ങള്‍ താമസിക്കുന്നത്. മൂന്നാം സെമസ്റ്റര്‍ മുതല്‍ അവിടെയാണ് താമസം.
അഞ്ചാം സെമസ്റ്ററിന്റെ തുടക്കത്തില്‍ അച്ഛനു സ്ഥലം മാറ്റം കിട്ടി പാലക്കാട് വരുന്നതു വരെ ഞാനും ശ്രീലക്ഷ്മിയിലെ അന്തേവാസിയായിരുന്നു.. ഇനി കഥാപാത്രങ്ങളെ പരിചയപ്പെടാം..
ഹരികൃഷ്ണന് .എ. ബി (ഹരി)
എന്റെ ആദ്യ സഹമുറിയന്.. കല്ലേക്കുളങ്ങര എന്‍ എസ് എസ് കരയോഗം ഹോസ്റ്റല്‍, ശ്രീലക്ഷ്മി എന്നീ രണ്ടിടത്തും അവന് തന്നെയായിരുന്നു എന്റെ കൂട്ട്. ഹരി എന്ന് ഞാന്‍ വിളിക്കുന്നു.. “പടയോട്ടം” എന്ന് ഹോസ്റ്റലിലെ കൂട്ടുകാര്‍ അവനു പേരുമിട്ടു. എന്തിനെന്ന് ഞാന്‍ ചോദിച്ചിട്ടില്ല.. :) പന്തളം ആണ് ഹരിയുടെ സ്വദേശം. കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി. പെട്ടെന്ന് പറയുന്ന തമാശകളാണ് ഹരിയുടെ പ്രത്യേകത. ആളെ വടിയാക്കുന്ന തരത്തിലുള്ളവ.. എങ്കിലും അവനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം എന്റെ മനസ്സിലെത്തുക താഴെ പറയുന്ന സംഭവമാണ്..
ഒരു ദിവസം ഞാന്‍ ക്ലാസ് കഴിഞ്ഞെത്തുമ്പോള്‍ മേശമേല്‍ തലയില്‍ കൈയ്യും കൊടുത്തിരിക്കുന്ന ഹരിയെയാണ് കാണുന്നത്..
“എന്തു പറ്റിയെടാ?” ഞാന്‍ ചോദിച്ചു.. “ഓ.. തലയ്ക്ക് നല്ല സുഖമില്ലെടാ.. ഒരു തലവേദന”.. ഞങ്ങള്‍ രണ്ടു പേരു അല്പസമയം മുഖത്തോടു മുഖം നോക്കി നിന്നു.. എന്നിട്ട് ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു..
അരുണ്‍ (കുഞ്ചു) കുമാര്‍. എസ്.
കുഞ്ചു.. വെറും അഞ്ചടിപ്പൊക്കക്കാരന്. പക്ഷേ കൈയ്യിലിരിപ്പോ..?? ജഗജില്ലി.. ആലപ്പുഴക്കാരന് തന്നെയാണ്.. പ്രീഡിഗ്രിയ്ക്ക് ഞങ്ങള്‍ ഒരുമിച്ചാണ് പഠിച്ചത്. വ്യത്യസ്ത ബാച്ചുകളില്‍ എന്ന് മാത്രം. ഇവിടെ ഞങ്ങള്‍ ഒരേ ക്ലാസിലാണ്.. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എ ബാച്ച്.. കരയോഗം ഹോസ്റ്റലില്‍ എന്റെയും ഹരിയുടെയും ഒപ്പം കുഞ്ചുവും ഉണ്ടായിരുന്നു.. അവന്മാര് രണ്ടു പേരും കൂടിയാല്‍ പിന്നെ തകര്‍പ്പാണ്.. വഴക്കുണ്ടാക്കുന്നത് പോലെ ഒച്ചയിട്ട് മറ്റു കൂട്ടുകാരെ പറ്റിക്കുക്ക എന്ന വിനോദം രണ്ടിനുമുണ്ട്.. ഒരു ദിവസം ഞങ്ങളുടെ റൂമില്‍ നിന്ന് ഭയങ്കര ബഹളം കേട്ട് വന്നു നോക്കിയ മറ്റു കൂട്ടുകാര്‍ കണ്ടത് പരസ്പരം നോക്കി കള്ളച്ചിരിയോടെയിരിക്കുന്ന കുഞ്ചുവിനെയും ഹരിയെയുമാണ്..
നിങ്ങളില്‍ പലരും കേട്ടുകാണും “കുഞ്ചിയമ്മയ്ക്ക് അഞ്ചാണ് മക്കള്‍, അഞ്ചാമന് ഓമനക്കുഞ്ചു..” എന്ന പാട്ട്.. പെണ്‍കുട്ടികളോട് പഞ്ചാരയടിക്കാന്‍ കുഞ്ചുവിന് വല്യ താല്പര്യമാണ്. അങ്ങിനെയാണ് അവന് ആ പേരു വീഴുന്നത്.. അവന്റെ പൊക്കവും അതിനൊരു കാരണമായി എന്നു മാത്രം..
രഞ്ജിത്ത് (പൂക്കളം)
ഒരു മുള്ളൂര്ക്കരക്കാരന്.. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബി ബാച്ച് വിദ്യാര്‍ത്ഥി.. കോളേജില്‍ എത്തുമ്പോഴേ ലൈന്‍ ഉണ്ടായിരുന്ന ഏകവ്യക്തി.. പൂക്കളം എന്ന പേരു വരാനുള്ള കാരണമാണ് ഇനി.. ഒരു ദിവസം ഏതോ അവധി ആഘോഷിച്ച് ഹോസ്റ്റലിലെ കുടിയന്മാരെല്ലാം കൂടി ഒന്നു കൂടി. രാത്രിയായപ്പോള്‍ രഞ്ജിത്ത് വാളോടു വാള്.. കൊടുവാള്! ഒരു വിധത്തില്‍ ആരുടെയോ കൈയ്യിലുണ്ടായിരുന്ന ഗുളികയെന്തോ കൊടുത്ത് പിടിച്ച് കിടത്തി. കുടിയന്മാരെ പിടിച്ച് അവരവരുടെ റൂമില്‍ എത്തിക്കുന്ന ചുമതല മിക്കവാറും എനിക്കും ഹരിക്കുമാണ്.. ഇവന്മാരുടെ “ഷോ” മുഴുവന്‍ സഹിക്കുന്ന ഞങ്ങളെ സമ്മതിക്കണം.. ഏത്.. ;) ഓ, അപ്പോ പറഞ്ഞു വന്ന കാര്യം മറന്നു.. പൂക്കളം.. വാളുവെച്ച് തളര്‍ന്നുറങ്ങിയ രഞ്ജിത്ത് രാവിലെ എണീറ്റ് നോക്കുമ്പോള്‍ പൂക്കളമിട്ടതു പോലെയല്ലേ “വാള്” കിടക്കുന്നത്.. തനിക്ക് തോന്നിയ ഉപമ ആത്മാര്‍ത്ഥ സുഹൃത്തായ കുഞ്ചുവിനോട് ഒന്നു പറഞ്ഞു എന്ന ഒരു തെറ്റേ രഞ്ജിത്ത് ചെയ്തുള്ളൂ.. പിന്നീടവനെ പൂക്കളം എന്നല്ലാതെ മറ്റൊരു പേരും ആരും വിളിച്ചിട്ടില്ല!
രഘുനാഥ് (ശാന്ത)
ത്രിശൂര്‍ സ്വദേശി. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി. റഗ്സ് എന്നു ഞാന്‍ വിളിക്കും.. ശാന്ത എന്ന പേര് അവനെങ്ങിനെ കിട്ടി എന്നത് അവനു പോലും ഓര്‍മ്മയില്ല.. പിന്നല്ലേ എനിക്ക്! ആള് സുമുഖനാണ്.. ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ “ചുള്ളന്”.. ക്ലാസിലെ ഏതോ പെണ്‍കുട്ടി അവന് സിനിമാ നടന് മാധവനെപ്പോലെയാണിരിക്കുന്നത് എന്നും പറഞ്ഞ് നിലത്തൊന്നുമല്ല ആശാന്റെ നടപ്പ്.. ഒരു പെണ്‍കുട്ടിയോട് പ്രേമം തോന്നിയിട്ട് അതു പറയുന്നതിനു മുമ്പേ അവളുടെ “രാഖി“ സഹോദരനാവാന്‍ ഭാഗ്യം സിദ്ധിച്ച ഒരു ഹതഭാഗ്യനും കൂടിയാണ്..
മധു വിജയരാഘവന്
മാഹി സ്വദേശി.. ഇലക്ട്രോണിക്സ് വിദ്യാര്‍ത്ഥി. ഞാന്‍ മധുവേട്ടാ എന്ന് വിളിക്കും ഒരു രസത്തിന്.. നല്ല സൈസൊക്കെയാണെങ്കിലും ആളൊരു ശുദ്ധനാണ്.. സംസാരം എന്തെങ്കിലും ടൂറിസ്റ്റ് പ്ലേസിനെക്കുറിച്ചാണെങ്കില് ഉടന്‍ മധു പറയും.. “ഡാ.. നീ പൂക്കോട് വാട്ടര്‍ഫാള്‍ കണ്ടിട്ടുണ്ടോ.. അടിപൊളിയാണ്..” ഞങ്ങള്‍ ഒരു നൂറു തവണയെങ്കിലും ഇത് കേട്ടിട്ടുണ്ടാവും.. എന്നാല്‍ ഈ സ്ഥലം എവിടെയാണെന്ന് ഞങ്ങള്‍ക്കാര്‍ക്കും ഒരു പിടിയുമില്ല..
രഘു ഇടയ്ക്ക് വല്യ തത്വചിന്തകനെപ്പോലെ ഡയലോഗിടും.. “ഓ ഇയാള്ടെ ഒരു പൂക്കോട് ഫാള്‍സ്! മൂത്രമൊഴിക്കുന്നതു പോലെ വല്ല പാറയില്‍ നിന്നും വെള്ളം വീഴണത് കണ്ടിട്ടുണ്ടാവും.. അതാ.. മധൂ, യൂ മസ്റ്റ് അണ്ടര്‍സ്റ്റാന്‍ഡ് ദാറ്റ് ഇറ്റ് ഈസ് നോട്ട് എ വാട്ടര്‍ഫാള്‍..” വെള്ളമടിച്ചിട്ടാണ് ഇടയ്ക്ക് ആംഗലേയം വരുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!
ഇതാണ് ശ്രീലക്ഷ്മിയിലെ ആദ്യ ബ്ലോക്കിലെ അന്തേവാസികള്‍.. മറ്റു കൂട്ടുകാരെ അടുത്ത തവണ പരിചയപ്പെടുത്താം.. ഇത് ഒരു നീണ്ട കഥ തന്നെയാണ്.. ;)
Posted by നന്ദന് at 7:37 PM 3 comments
Labels: എന്‍ എസ് എസ് കഥകള്‍
04 March 2007
My protest against plagiarisation of Yahoo India! യാഹൂവിന്റെ ചോരണമാരണത്തില് എന്റെ പ്രതിഷേധം

(ലോഗോ- കടപ്പാട് - ഹരീ )
Yahoo! India plagiarised contents from several blogs when Yahoo! launched their Malayalam portal. The giant corporation hasn't yet owned up to their responsibility nor did they apologize to the bloggers. When accused, they silently removed the contents. This is not acceptable. We need an apology!
When asked for apology, Yahoo! India is now accusing WebDunia as their content provider. The contents appeared on Yahoo! domain and not on Webdunia's Domain. Hence, we hold Yahoo responsible.
I am protesting against this and joining hundreds of bloggers in this march against blatant corporate plagiarisation.

(ലോഗോ കടപ്പാട് ശനിയന്‍ )
യാഹൂ ഇന്ത്യയുടെ മലയാളം പോര്‍ട്ടലില്‍, മലയാളം ബ്ലോഗുകളില്‍ നിന്ന് കുറിപ്പുകള്‍ മോഷ്ടിച്ച് ഇട്ടിട്ടുണ്ട്. പരാതിപ്പെട്ടവരുടെ കുറിപ്പുകള്‍ നീക്കം ചെയ്യുക എന്നല്ലാതെ, ഉത്തരവാദിത്തം ഏറ്റെടുത്ത്, ഒരു ഖേദപ്രകടനം നടത്താന്‍, ഇത്രയും നാളായിട്ട് അവര്‍ തയ്യാറായിട്ടില്ല. തെറ്റ് നടന്നു എന്ന് വ്യക്തമായ സ്ഥിതിയ്ക്ക്, ബൂലോഗ കൂട്ടായ്മയോട് അവര്‍ മാപ്പ് പറയേണ്ടത് ആവശ്യമാണ്.
മാപ്പ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍, യാഹൂക്കാര്, അവര്‍ക്ക് കുറിപ്പുകളൊക്കെ സംഭാവന നല്‍കിയത് വെബ് ദുനിയ എന്ന കമ്പനിയാണെന്ന് പറഞ്ഞ്, ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിക്കുകയാണ്. മോഷ്ടിക്കപ്പെട്ട കുറിപ്പുകള്‍ വന്നിരിക്കുന്നത്, യാഹൂവിന്റെ വെബ് സൈറ്റില്‍ ആണ്. വെബ് ദുനിയയുടെ സൈറ്റില്‍ അല്ല. അതുകൊണ്ട് യാഹൂ മാത്രമാണ്,
അതിന്റെ ഉത്തരവാദികള്‍ എന്ന് ബൂലോഗം ഉറച്ച് വിശ്വസിക്കുന്നു.
യാഹൂ എന്ന വന്‍കിട കുത്തക സാമ്രാജ്യത്തിന്റെ ചോരണമാരണത്തിന് എതിരായി, ബൂലോഗകൂട്ടായ്മയിലെ ഒരു അംഗം എന്ന നിലയ്ക്ക്, ഈ പ്രതിഷേധത്തില്‍ ഞാനും പങ്കുചേരുന്നു.
യാഹൂ മാപ്പ് പറയുക..
Posted by നന്ദന് at 7:14 PM 2 comments
Labels: മറ്റുള്ളവ
16 February 2007
എന്റെ ചെമ്പകപ്പൂവ്...
വിവാഹസമ്മാനമായി എന്തു വേണം എന്നു ചോദിച്ച കൂട്ടുകാരികളോട് അവള് പറഞ്ഞു..
മണിയറ അലങ്കരിക്കാന്‍ എനിക്ക് ചെമ്പകപ്പൂക്കള്‍ വേണമെന്ന്...
എന്നോടവള്‍ പറഞ്ഞു..
ഞാന്‍ നിനക്ക് തന്ന ഹൃദയത്തിന് ചെമ്പകപ്പൂക്കളുടെ മണമാണെന്ന്...
ഇന്നു ഞാനറിയുന്നു..
നിനക്കും ചെമ്പകപ്പൂക്കള്‍ ഇഷ്ടമാണെന്ന്...
ഒത്തിരിയൊത്തിരി ഇഷ്ടമാണെന്ന്...
Posted by നന്ദന് at 8:48 PM 6 comments
Labels: കവിത
23 January 2007
ഉറുമ്പും പുല്‍ച്ചാടിയും..
ഇന്റര്‍നെറ്റില്‍ കുറച്ചു നാളായി കറങ്ങി നടക്കുന്ന ഒരു കൊച്ചു കഥയാണിത്.. എനിക്ക് കഴിയുന്ന വിധത്തില്‍ ഞാനിത് മലയാളീകരിച്ചിട്ടുണ്ട്..
പഴയകാലം
ഉറുമ്പും പുല്‍ച്ചാടിയും ചങ്ങാതിമാരായിരുന്നു.. വേനല്‍ക്കാലത്ത് ഉറുമ്പ് എല്ലുമുറിയെ പണിയെടുത്ത് വറ്ഷകാലത്തേയ്ക്ക് തനിക്ക് വേണ്ടതെല്ലാം സഘടിപ്പിച്ചു.. പുല്‍ച്ചാടി ഉറുമ്പിനെ കളിയാക്കി കളിച്ചു നടന്നു.. വേനല്‍ പോയി മറഞ്ഞു.. മഴ തുടങ്ങി.. തന്റെ പ്രയത്നം കൊണ്ട് ശേഖരിച്ച ഭക്ഷണം കൊണ്ട് ഉറുമ്പ് സുഖമായി മഴക്കാലം കഴിച്ചു കൂട്ടി.. പുല്‍ച്ചാടിയോ? ആ മഴക്കാലത്ത് തണുത്ത് വിറച്ച് അവന് മരിച്ചു..
പുതിയകാലം
ഉറുമ്പും പുല്‍ച്ചാടിയും ചങ്ങാതിമാരായിരുന്നു.. വേനല്‍ക്കാലത്ത് ഉറുമ്പ് എല്ലുമുറിയെ പണിയെടുത്ത് വറ്ഷകാലത്തേയ്ക്ക് തനിക്ക് വേണ്ടതെല്ലാം സഘടിപ്പിച്ചു.. പുല്‍ച്ചാടി ഉറുമ്പിനെ കളിയാക്കി കളിച്ചു നടന്നു.. വേനല്‍ പോയി മറഞ്ഞു.. മഴ തുടങ്ങി.. തന്റെ പ്രയത്നം കൊണ്ട് ശേഖരിച്ച ഭക്ഷണം കൊണ്ട് ഉറുമ്പ് സുഖമായി മഴക്കാലം കഴിച്ചു കൂട്ടി.. പുല്‍ച്ചാടിയോ?
തണുത്ത് വിറച്ച് അവന് ഒരു പത്രസമ്മേളനം വിളിച്ചു കൂട്ടുന്നു.. എന്നിട്ട് ചോദ്യം ഉന്നയിക്കുന്നു.. “ഞങ്ങളെപ്പോലെയുള്ളവര്‍ തണുത്ത് വിറയ്ക്കുമ്പോള്‍ ഉറുമ്പ് എങ്ങനെ ഇത്ര ലാവിഷായി ജീവിക്കുന്നു? അവന് എന്തധികാരം?”
ചാനലുകള്‍ തണുത്ത് വിറച്ചിരിക്കുന്ന പുല്ച്ചാടിയുടെയും അറ്മാദിക്കുന്ന ഉറുമ്പിന്റെയും ചിത്രങ്ങള്‍ മാറി മാറി കാണിക്കുന്നു.. ലോകം ഉറുമ്പിന്റെ കരിങ്കാലിപ്പണിയില് ഞെട്ടിത്തരിക്കുന്നു.. ഈ അനീതി എങ്ങിനെ പൊറുക്കും!
അരുന്ധതീ റോയ് ഉറുമ്പിന്റെ വീടിനു മുമ്പില്‍ ധറ്ണ്ണ നടത്തുന്നു.. മേധാ പട്കറ് മറ്റു പുല്‍ച്ചാടികളെയും കൂട്ടി നിരാഹാരം ഇരിക്കുന്നു.. പുല്‍ച്ചാടികളെ മഴക്കാലത്ത് മാറ്റി പാറ്പ്പിക്കണം എന്ന ആവശ്യവുമായി.. ആംനെസ്റ്റിയും കോഫി അന്നനും ഭാരത സറ്ക്കാറിനെ കുറ്റപ്പെടുത്തുന്നു.. കാരണം പുല്‍ച്ചാടിയുടെ പൌരാവകാശ നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ലത്രേ.. ഇന്ററ്നെറ്റില് സഹായാഭ്യറ്ത്ഥനകളുടെ മലവെള്ളപ്പാച്ചില്‍ (മിക്കവാറും എല്ലാത്തിലും “വൈകുണ്ഡപ്രാപ്തി” (സ്വറ്ഗ്ഗത്തിലേയ്ക്ക് പ്രവേശനം) ആണ് ഇത് ഫോറ്വേഡ് ചെയ്താലുള്ള മെച്ചം)..
പ്രതിപക്ഷം പാറ്ലമെന്റ് ബഹിഷ്ക്കരിക്കുന്നു.. ബംഗാളിലും കേരളത്തിലും ഇടത് പക്ഷം ബന്ദ് ആചരിക്കുന്നു.. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നു.. കേരളത്തില്‍ ഇടത് മന്ത്രിസഭ പുതിയ നിയമം പാസാക്കുന്നു.. “ഉറുമ്പുകള്‍ വേനല്‍ക്കാലത്ത് പണിയെടുക്കാന്‍ പാടില്ല.. കാരണം, അതു പാവപ്പെട്ട പുല്‍ച്ചാടികളുടെ സാമൂഹിക അസമത്വത്തിന് കാരണമാവും..”
ലാലുപ്രാസാദ് പുല്‍ച്ചാടികള്‍ക്ക് വേണ്ടിമാത്രം പുതിയ തീവണ്ടിയോടിക്കുന്നു.. “പുല്‍ച്ചാടി രഥം”..
ഒടുവില്‍ ജുഡിഷ്യല്‍ കമ്മറ്റി പുതിയ നിയമം കൊണ്ടു വരുന്നു.. Prevention of Terrorism Against Grasshoppers Act [POTAGA] .. ഈ മഴക്കാലം മുതല്‍ പ്രാബല്യത്തില്‍..
അറ്ജുന് സിംഗ് പുല്‍ച്ചാടികള്‍ക്ക് സറ്ക്കാറ് സ്ഥപനങ്ങളിലും വിദ്യാലയങ്ങളിലും സംവരണം പ്രഖ്യാപിക്കുന്നു..
ഉറുമ്പ് മേല്പറഞ്ഞ നിയമം ലംഘിച്ചതിനാല്‍ പിഴയടക്കേണ്ടി വരുന്നു.. തന്റെ കൈയ്യില്‍ അത്രയും രൂപ ഇല്ലാത്തതിനാല്‍ ഉറുമ്പിന്റെ സ്വത്തുവഹകള്‍ സറ്ക്കാറ് കണ്ടുകെട്ടുന്നു.. ചാനലുകള്‍ ഇത് ആഘോഷിക്കുന്നു..
അരുന്ധതീ റോയ് ഇതിനെ “നിയമത്തിന്റെ വിജയം” എന്നു കൊട്ടിഘോഷിക്കുന്നു.. ലാലു ഇതിനെ “സമൂഹത്തിന്റെ വിജയം” എന്ന് പറയുന്നു.. ഇടതു പക്ഷം ഇതിനെ “പാവങ്ങളുടെ വിപ്ലവാത്മക ഉയിറ്ത്തെഴുനേല്പ്” എന്ന് പ്രഖ്യാപിക്കുന്നു.. കോഫി അന്നന് പുല്‍ച്ചാടിയെ യു എന്നില്‍ പ്രസംഗത്തിന് ക്ഷണിക്കുന്നു..
പാവം ഉറുമ്പ്.. അവന് കിട്ടാവുന്നിടത്ത് നിന്നെല്ലാം കടം വാങ്ങി അമേരിക്കയിലേക്ക് പോവുന്നു.. അവിടെ കഠിനാദ്ധ്വാനത്താല്‍ ഒരു ഡോളറ് സാമ്രാജ്യം കെട്ടിപ്പൊക്കുന്നു..
പക്ഷേ, ഇന്നും നൂറുകണക്കിന് പുല്‍ച്ചാടികള്‍ ഇവിടെ പട്ടിണിയാല്‍ മരിക്കുന്നു..
Posted by നന്ദന് at 9:06 PM 7 comments
Labels: മറ്റുള്ളവ
22 January 2007
എന്റെ ആത്മാവ്..
എന്നില്‍ നിന്നു നീയകലാതിരിക്കാന്‍
ഉള്ളിന്റെയുള്ളില്‍ ഞാനൊളിപ്പിച്ച വാക്കുകളില്‍...
എന്റെ മോഹങ്ങള്‍ ഞാന്‍ മൂടി വെച്ചു..
നീലാകാശത്തിലേയ്ക്ക് നിന്നെയോറ്ത്ത് ഞാന്‍ നോക്കിയിരുന്നു..
രാത്രികളില്‍ താരകങ്ങള്‍ വീഴുന്നത് ഞാന്‍ കണ്ടിരുന്നു...
പക്ഷേ, എങ്ങോട്ടെന്നെനിക്കറിയില്ലായിരുന്നൂ..
എന്റെ ഹൃദയം നിന് സ്നേഹക്കയത്തില്‍ വീണത് പോലെ...
ഇപ്പോളെനിക്ക് ഹൃദയമില്ല..
പക്ഷേ ഞാനറിയുന്നൂ അത് നിന്റെ പക്കലെന്ന്..
നീയെന്നില്‍ നിന്നോടിയൊളിക്കാന്‍ നോക്കുന്നു..
നീയറിയുന്നീലയോ സഖീ , അതു വെറും മോഹം മാത്രം..
എന്തെന്നാല്‍.. എന്റെയാത്മാവ് എന്നും നിന്റെയൊപ്പം...
Posted by നന്ദന് at 2:55 PM 5 comments
Labels: കവിത