23 November 2007

കൊറിവര്‍ സായിപ്പ്‌

പതിനാറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു ക്രിസ്ത്‌മസ്‌ അവധിക്കാലം.. ഞാനന്ന്‌ നാലാം ക്ലാസ്സില്‍ പഠിക്കുന്നു. ക്രിസ്ത്‌മസിന്റെ അവധി ആഘോഷിക്കാന്‍ ഞങ്ങള്‍ കുടുംബ സമേതം നാഗ്‌പൂരിലുള്ള ചിറ്റയുടെ അടുത്ത്‌ പോയി.. അവിടെ നിന്ന്‌ തിരിച്ചു വരുന്ന വഴിയാണ് സംഭവം..

ന്യൂഡല്‍ഹി മദ്രാസ്‌ ഗ്രാന്‍ഡ് ട്രങ്ക്‌ എക്സ്പ്രസ്‌ നാഗ്‌പൂരിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും പതിയെ യാത്ര തുടരുന്നു. ഞങ്ങളുടെ ഫസ്റ്റ്ക്ലാസ്‌ കൂപ്പയില്‍ അഛനും അമ്മയും ഞാനും അനിയനും മാത്രം. ജനലിനടുത്തുള്ള സീറ്റ് കിട്ടിയത് കൊണ്ട് ഞങ്ങള്‍ക്ക് സന്തോഷം. കാഴ്ചയും കണ്ട്‌ അങ്ങിനെ യാത്ര തുടരുന്നു.

ട്രെയിന്‍ കുറച്ച്‌ സമയം ഓടിക്കഴിഞ്ഞപ്പോഴാണ് കൂപ്പയുടെ വാതിലില്‍ ആരോ തട്ടിയത്‌. റ്റി റ്റി ആയിരിക്കും എന്നും പറഞ്ഞ്‌ അച്ഛന്‍ എഴുനേറ്റ്‌ വാതില്‍ തുറന്നു. അവിടെ ചിരിച്ചു കൊണ്ട്‌ ഒരു സായിപ്പ്‌! മെലിഞ്ഞ്‌ നല്ല ഉയരവുമുണ്ടായിരുന്ന അയാള്‍ക്ക്‌ കൂപ്പയിലേയ്ക്ക്‌ കയറാന്‍ തല കുനിക്കേണ്ടതുണ്ടായിരുന്നു. ഞങ്ങളുടെ കൂപ്പയില്‍ ഒഴിവുള്ളത്‌ കൊണ്ട് റ്റി റ്റി യുടെ സ്പെഷ്യല്‍ അനുമതി വാങ്ങി എത്തിയതാണ് പുള്ളി. വിന്‍ഡോ സീറ്റ്‌ ആയിരുന്നു റ്റി റ്റി അനുവദിച്ചിരുന്നതെങ്കിലും കാഴ്ച കണ്ട് രസിച്ചിരിക്കുന്ന എന്നെയും അനിയനെയും നിരാശപ്പെടുത്തേണ്ട എന്നു കരുതിയാവണം അയാള്‍ അച്ഛന്റെയൊപ്പം ഇരുന്നു.

അച്ഛനോട്‌ സംസാരിച്ചുകൊണ്ടിരിക്കുന്ന സായിപ്പിനെ നിരീക്ഷിക്കുകയായിരുന്നു ഞാന്‍. ആദ്യമായിട്ടാണ് ഒരു സായിപ്പിനെ ഇത്രേം അടുത്ത്‌ കാണുന്നത്. ഗവണ്മെന്റ് സിലബസില്‍ നാലാം ക്ലാസ്സിലാണ് ഇംഗ്ലീഷ് പഠിപ്പിച്ചു തുടങ്ങുക. അതുകൊണ്ട് തന്നെ സായിപ്പും അച്ഛനും സംസാരിക്കുന്നതൊന്നും എനിക്ക്‌ മനസ്സിലാവുന്നുമില്ല. നന്നായിട്ട് വെട്ടിയൊതുക്കിയ ഒരു താടിയുണ്ടായിരുന്നതാണ് സായിപ്പിനെ ഞാന്‍ അത്രയും ശ്രദ്ധിക്കാന്‍ കാരണം. പത്രങ്ങളിലും മറ്റും കാണുന്ന എല്ലാ സായിപ്പന്മാരും ക്ലീന്‍ ഷേവ് ചെയ്ത്‌ നല്ല കുട്ടപ്പന്മാരായിട്ടല്ലേ നില്‍ക്കുന്നത്‌.. കൊറിവര്‍ എന്നാണ് അദ്ദേഹത്തിന്റെ പേര് എന്ന്‌ അച്ഛനെന്നോട്‌ പറഞ്ഞു..

അങ്ങിനെ ഞങ്ങളുടെ യാത്ര തുടരുകയായിരുന്നു. വൈകുന്നേരം ചായ വാങ്ങിയപ്പോള്‍ ചിറ്റ ഉണ്ടാക്കി തന്നു വിട്ട ഉണ്ണിയപ്പവും അമ്മ എടുത്ത്‌ തന്നു. കൌതുകത്തോടെ നോക്കിയിരിക്കുന്ന സായിപ്പിനും അമ്മ ഒരെണ്ണം നീട്ടി. ചെറുചിരിയോടെ “വാട്ടീസ് ദിസ്??” എന്ന ചോദ്യത്തോടെ അദ്ദേഹം അത്‌ വാങ്ങി. അമ്മ പറഞ്ഞു.. “ഉണ്ണിയപ്പം”..

“ഉന്നിയപ്പം.. നൈസ് നൈസ്..” സായിപ്പ് അസ്വദിച്ച് കഴിക്കാന്‍ തുടങ്ങി..

അച്ഛന്‍ കുറച്ചുകൂടി ലളിതമായി പറഞ്ഞു.. “ഉണ്ണി മീന്‍സ് സ്മോള്‍.. സ്മോള്‍ അപ്പം”

സായിപ്പ് ചിരിച്ചു കൊണ്ട് അതാവര്‍ത്തിച്ചു.. അദ്ദേഹം അതു കഴിച്ചുകഴിഞ്ഞു എന്ന്‌ കണ്ട് അമ്മ ഒരെണ്ണം കൂടി നീട്ടി.. സന്തോഷത്തോടെ അതും വാങ്ങി കഴിച്ച് സായിപ്പ് ചിരിച്ചു..

അതിനു ശേഷം അച്ഛനോട് ഇന്ത്യയില്‍ എവിടെ എന്തു ചെയ്യുന്നു എന്നൊക്കെ ചോദിച്ചു.. അച്ഛന്‍ മറുപടിയും കൊടുത്തു.. അപ്പോള്‍ സായിപ്പിന് ഞങ്ങളുടെ വിലാസം വേണം. ഇനി വരുമ്പോള്‍ വന്ന്‌ കാണാനാണ്. വിലാസം എഴുതാന്‍ കടലാസ്‌ തപ്പിയിട്ട് കാണുന്നില്ല. സായിപ്പ് അതിനും വഴിയുണ്ടാക്കി. തന്റെ ബാഗില്‍ കിടന്ന ഒരു ഒഴിഞ്ഞ സിഗരറ്റ് പാക്കറ്റ് കീറി അതിന്റെ മറുപുറത്ത്‌ എഴുതുവാന്‍ പറഞ്ഞ്‌ അച്ഛനു നല്‍കി. അച്ഛന്‍ എഴുതിക്കൊടുക്കുകയും ചെയ്തു..

പിന്നീടും പലതും സംസാരിച്ചിരിക്കുകയും അല്പസമയത്തിനു ശേഷം എല്ലാവരും ഉറങ്ങാന്‍ കിടക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ 7 മണിക്കു മുന്നേ തന്നെ മദ്രാസില്‍ ട്രെയിന്‍ എത്തി. അച്ഛനോട്‌ യാത്ര പറഞ്ഞ്‌ കൊറിവര്‍ സായിപ്പ്‌ പിരിഞ്ഞു..

പതിനാറു വര്‍ഷങ്ങള്‍ക്കിപ്പുറം, 2007 ജനുവരി മാസം.. ഞങ്ങള്‍ പുതിയ വീട്ടിലേയ്ക്ക് താമസം മാറ്റിയിട്ട് കുറച്ചു ദിവസങ്ങളായിട്ടേയുള്ളൂ. ഫോണ്‍ ബെല്ലടിക്കുന്നു. അച്ഛന്‍ പോയി എടുക്കുന്നു. സംസാരത്തില്‍ നിന്ന്‌ മനസ്സിലായി വല്യ മാമ്മന്‍ ആണെന്ന്‌. അച്ഛന്‍ അദ്ഭുതത്തോടെ എന്തൊക്കെയോ ചോദിക്കുന്നു. എന്നിട്ട് ഫോണ്‍ വെച്ചിട്ട് വന്നു.


“എടാ, പണ്ട് നമ്മള്‍ ട്രെയിനില്‍ വെച്ച് കണ്ട ആ സായിപ്പില്ലേ??”

“ഏത്‌, കൊറിവര്‍ സായിപ്പോ??“

“അതു തന്നെ.. അയാള്‍ ദാ‍ പ്രണവത്തില്‍ ഇരിപ്പുണ്ടെന്ന്‌. നമ്മളെ അന്വേഷിച്ച്‌!” (പ്രണവം എന്നത് ഞങ്ങള്‍ മുന്‍പ് താമസിച്ചിരുന്ന വീടാണ്. ഇപ്പോള്‍ വല്യമാമ്മനും കുടുംബവുമാണ് അവിടെ. സായിപ്പിന്റെ കൈയ്യില്‍ ഉള്ളത്‌ അവിടുത്തെ വിലാസമാണ്)

എല്ലാവരും അന്തം വിട്ടിരിക്കുകയാണ്.. അച്ഛന്‍ പറഞ്ഞു “ഞാന്‍ പോയി അയാളെ ഇങ്ങോട്ട് വിളിച്ചു കൊണ്ട് വരാം”


പത്തുമിനിറ്റിനകം അച്ഛന്‍ പോയി സായിപ്പിനെ വിളിച്ചുകൊണ്ടുവന്നു.. പണ്ടത്തേ ആ താടി ഇപ്പോഴും അതേ പോലെ തന്നെയുണ്ട്. ഒരു റ്റീ ഷര്‍ട്ടും 3/4 ബര്‍മുഡയുമാണ് വേഷം. സായിപ്പ് എന്റെ കൈ പിടിച്ചു കുലുക്കി..

“യൂ ഹാവ് ഗ്രോണ്‍ അപ്” ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.. “ഇറ്റ്സ് ബീന്‍ സിക്സ്റ്റീന്‍ ഇയേഴ്സ്” ഞാന്‍ മറുപടി നല്‍കി.. ഞാനെന്തു ചെയ്യുന്നു, അനിയന്‍ എന്തു ചെയ്യുന്നു എന്നൊക്കെ ചോദിച്ചു.. അന്നത്തേതിനു ശേഷം ഇന്ത്യയിലേയ്ക്ക് ഇത് നാലാം വരവാണ് അദ്ദേഹത്തിന്. കേരളത്തിലേയ്ക്ക്‌ രണ്ടാമതും. മുന്‍ വരവില്‍ ഗുരുവായൂര്‍ ഒക്കെ കണ്ട് മടങ്ങി.

സംസാരിച്ചിരിക്കുന്നതിനിടയ്ക്ക് അദ്ദേഹം പഴയ സ്മോള്‍ അപ്പത്തിന്റെ കാര്യം പറഞ്ഞു.. ഹോളണ്ട് സ്വദേശിയാണെന്ന് പറഞ്ഞു.. അറുപതാം വയസ്സിലും കല്ല്യാണം കഴിച്ചിട്ടില്ലായെന്നും, ഭക്ഷണത്തിനുള്ള പച്ചക്കറികളൊക്കെ തന്റെ ബാക് യാര്‍ഡില്‍ കൃഷി ചെയ്യുകയാണെന്നുമൊക്കെ പറഞ്ഞു. ഇന്ത്യയില്‍ വരാന്‍ അദ്ദേഹത്തിനു പ്രത്യേകതാല്പര്യമാണത്രേ.. ആഴ്ചയില്‍ രണ്ടു ദിവസം ഇന്ത്യന്‍ ഭക്ഷണമാണ് ഉണ്ടാക്കുക എന്ന്‌.. ഇഡ്ഡലിയും ദോശയും ഒക്കെ ഇഷ്ടമാണെങ്കിലും ദോശക്കല്ലും ഇഡ്ഡലിക്കുട്ടകവും ഇല്ലാത്തതിനാല്‍ അത് ഉണ്ടാക്കാറില്ല. പക്കാ വെജിറ്റേറിയന്‍..

അച്ഛന്റെ ചേച്ചി അന്ന്‌ വെറുതേ ഒരു പായസം വെച്ചിരുന്നു. ഒരു ഗ്ലാസ്‌ സായിപ്പിനും നല്‍കി. പാലട പായസം.. കുടിച്ചിട്ട് സായിപ്പ്‌ ചോദിച്ചു.. “ഈസ് ദിസ് റ്റപ്പിയോക്ക??” ഞാന്‍ മറുപടി നല്‍കി.. “നോ.. ഇറ്റ്സ് റൈസ് പെല്ലെറ്റ്സ്” (സായിപ്പ്‌ എന്റെ ഉത്തരം കൊണ്ട് തൃപ്തനായത് ഭാഗ്യം!)

അതിനു ശേഷമാണ് ഞങ്ങളെയെല്ലാം അദ്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം അത് പുറത്തെടുത്തത്‌.. എന്റെ അച്ഛന്റെ കൈയ്യക്ഷരം പതിഞ്ഞ ആ പഴയ സിഗരറ്റ് പാക്കറ്റ്‌! പതിനാറ്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു ചുളിവു പോലും പറ്റാതെ അത് അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്നു.. അതിനെപ്പറ്റി പറഞ്ഞപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടിയെന്താണെന്നറിയുമോ??

“ഞാന്‍ ഹോളണ്ടില്‍ ഒരു പോസ്റ്റ്മാന്‍ ആണ്..”

ഇ മെയില്‍ അയയ്ക്കാം എന്നുള്ള എന്റെ വാഗ്ദാനത്തിന് അദ്ദേഹം തന്ന മറുപടി.. “അയാം ന്യൂ റ്റു ദിസ് ഇ മെയില്‍ ആന്‍ഡ് ഇന്റര്‍നെറ്റ്.. സൊ ഇ വോണ്ട് പ്രോമിസ്‌ റ്റു റിപ്ലൈ ഓഫണ്‍.. ബട്ട് ഷുവര്‍ലി ഐ വില്‍ ട്രൈ.. “

പോവാന്‍ നേരം അദ്ദേഹം പുതിയ വിലാസം കുറിച്ചു വാങ്ങി.. ഇനിയൊരിക്കല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ വരാമെന്നും പറഞ്ഞ്‌.. ഇനിയും തിരിച്ചെത്തുമ്പോഴും ആ വിലാസം കുറിച്ച കടലാസ്‌ അദ്ദേഹത്തിന്റെ കൈയ്യിലുണ്ടാവും.. ഒരു ചുളിവ്‌ പോലും വീഴാതെ.. :)

ഒരു മെയില്‍ ഞാന്‍ അയച്ചിരുന്നു അതിനു ശേഷം.. മറുപടി ഇതുവരെ കിട്ടിയിട്ടില്ല.. :)

17 November 2007

കേരളം “സ്മാര്‍ട്” ആവുന്നു.. നിങ്ങളോ??

എന്തായിരുന്നു ഇന്നലത്തെ മാധ്യമങ്ങളിലെ ബഹളം!! സ്മാര്‍ട് സിറ്റി ശിലാസ്ഥാപനം നടന്നതിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്‌. കൊട്ടിഘോഷിച്ച്‌ ഉദ്ഘാ‍ടനമൊക്കെ നടത്തി. ഇനിയാണ് കേരളം സ്മാര്‍ട് ആണോ അല്ലയോ എന്ന്‌ അറിയേണ്ടത്‌.

നഗരത്തെ സ്മാര്‍ട് സിറ്റിയുമായി ബന്ധിപ്പിക്കുന്ന നാലുവരി പാതയുടെ നിര്‍മ്മാണമാണ് ഏറ്റവും പ്രധാനം. നമ്മുടെ ദേശീയപാതയുടെ നിലവാരം കണ്ടാല്‍ അറിയാം ഇതത്ര എളുപ്പമല്ല എന്ന്‌. ആലപ്പുഴയില്‍ നിന്ന്‌ ചങ്ങനാശ്ശേരി വരെ നല്ല ഒന്നാന്തരം റോഡ് ഉണ്ടാക്കിയിരുന്നു പതി ബെല്‍ എന്ന കമ്പനി. പക്ഷേ അവരുടെ കരാറുകാരന്റെ ജീവന്‍ വില നല്‍കേണ്ടി വന്നു. ഒന്നര കിലോമീറ്റര്‍ പൂര്‍ത്തിയാവാനുണ്ടായിരുന്ന റോഡില്‍ നമ്മുടെ ഗതാഗത വകുപ്പ്‌ ഒന്നു മേഞ്ഞു.. ഫലം മൂന്നിന്റെയന്ന്‌ റോഡ് കട്ടപ്പൊക!! അതിലേ പോയാല്‍ ഫ്രീയായി മാവേലിത്തമ്പുരാനെ കണ്ടു വരാം. കുഴിയൊക്കെ നേരിട്ട്‌ പാതാളത്തിലേയ്ക്കാകുന്നു.. :)

ഇന്നലെ മലയാള മനോരമ മെട്രോ പ്ലസില്‍ കണ്ടിരുന്നു ദുബായ് പോര്‍ട്സ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നു എന്ന്‌. കാരണമെന്താണ്?? നോക്കു കൂലി.. പണിയെടുക്കാ‍തെ തിന്നാനുള്ള യൂണിയനുകളുടെ ആഗ്രഹത്തിന്റെ മൂര്‍ദ്ധന്യം.. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നിടത്തുമുണ്ട് ഇതേ പ്രശ്നം.. ആലപ്പുഴയില്‍ ബി എസ് എന്‍ എല്‍ കേബിള്‍ ഇടുന്നതിനുമുണ്ട്.. ഇതിനെല്ലാം പുറമേ സംഭാവന, മറ്റേത്‌, മറിച്ചേത്‌ എന്നും പറഞ്ഞ്‌ വേറെയും കാശ്‌ വാങ്ങും. സ്വപ്നഭവനം കെട്ടിപ്പൊക്കാന്‍ ശ്രമിക്കുന്ന, അല്ലെങ്കില്‍ ഇതിനോടകം സ്വന്തമായി ഒരു വീട് വെച്ച എല്ലാ മലയാളികള്‍ക്കും പറയാനുണ്ടാവും യൂണിയന്‍ ഇടപെടലിനെക്കുറിച്ച്‌.

അതവിടെ നില്‍ക്കട്ടെ.. കേരളത്തിന്റെ വികസനത്തില്‍ നാഴികക്കല്ലായേക്കാവുന്ന പദ്ധതിയാണ് സ്മാര്‍ട് സിറ്റി. അതിന്റെ ഉപഗ്രഹ പദ്ധതികളും കൂടി കണക്കിലെടുക്കുമ്പോള്‍ മുമ്പെങ്ങും കാണാത്ത ഒരു വികസന പാതയിലേയ്ക്ക് ഫാസ്റ്റ് ട്രാക്കില്‍ മുന്നേറുകയാണ് നമ്മുടെ മലയാള നാട്.. പക്ഷേ ഇതെല്ലാം സമയബന്ധിതമായി തീര്‍ക്കണം എന്ന വെല്ലുവിളിയോട്‌ പ്രതികരിക്കേണ്ട ആവശ്യകത എല്ലാ മലയാളികള്‍ക്കുമുണ്ട്.

നമ്മുടെ വികസനങ്ങള്‍ക്ക് എക്കാലവും തടസ്സം നില്‍ക്കുന്ന ഒരു തീരാ ശാപമുണ്ട്.. “ഹര്‍ത്താല്‍”.. എന്ന്‌ കേരളത്തിലെ ജനങ്ങള്‍ അതിനെതിരായി പ്രതികരിക്കുന്നോ അന്ന്‌ മാത്രമേ നമ്മുടെ നാട്ടില്‍ മാറ്റത്തിന്റെ കാറ്റ്‌ വീശൂ എന്ന്‌ വിശ്വസിക്കുന്നവനാണ് ഞാന്‍. ഹൈക്കോടതി ഈയിടെ ചോദിക്കുകയുണ്ടായി, ഹര്‍ത്താലിനെതിരെ ആരും പൊതു താല്പര്യ ഹര്‍ജി പോലും നല്‍കാത്തതെന്താണെന്ന്‌. ബൂലോകത്തില്‍ നമ്മള്‍ എന്തെല്ലാം ചര്‍ച്ച ചെയ്യുന്നു?? എന്തേ ഇതിനെക്കുറിച്ച്‌ ആരും ആലോചിക്കുന്നില്ല. ഹര്‍ത്താലിനെതിരേ ഒരു ബൂലോക കൂട്ടായ്മ എന്തു കൊണ്ട് രൂപീകരിച്ചുകൂടാ?? എന്റെ അറിവില്ലായ്മ കൊണ്ട് പറയുന്നതാണെങ്കില്‍ ബൂലോകത്തിലെ മുതിര്‍ന്ന പൌരന്മാര്‍ ക്ഷമിക്കുക. പക്ഷേ, അതിന് മുന്‍‌കൈ എടുത്തിറങ്ങുകയാണെങ്കില്‍ നമ്മുടെ നാടിനു ചെയ്യുന്ന ഏറ്റവും വല്യ സേവനമായിരിക്കും അത്‌. ഒന്നൊഴിയാതെ ബൂലോകം കൂടെ നില്‍ക്കും എന്നതിന് എനിക്ക്‌ യാതൊരു സംശയവുമില്ല..

നാടിനെയോര്‍ത്ത്‌ ഞാന്‍ എന്തൊക്കെയോ പറഞ്ഞു.. അത്‌ സഭ്യമായ ഭാഷ.. ഒരു “സൂപ്പര്‍ ഹീറോ” ആയിരുന്നെങ്കില്‍ ഞാന്‍ ഒരു പക്ഷേ ചെയ്തേക്കാവുന്ന കാര്യങ്ങള്‍..

1. നോക്കുകൂലി ആവശ്യപ്പെടുന്നവന്റെ കണ്ണു രണ്ടും കുത്തിപ്പൊട്ടിക്കുക, കാലു തല്ലിയൊടിക്കുക. അന്നം വെറുതെ കിട്ടില്ല എന്ന്‌ അതോടെ ബോദ്ധ്യപ്പെടും..
2. പാര്‍ട്ടികളുടെ അണിയറ രഹസ്യങ്ങള്‍ അദൃശ്യനായി വീഡിയോ പിടിച്ച്‌ സകല ചാനലുകളിലും കൊടുക്കുക, അല്ലെങ്കില്‍ എന്റെ സംസ്ഥാനത്തിനു വേണ്ടി ഇന്നതിന്നതൊക്കെ ചെയ്യണം എന്ന്‌ പക്കാ ബ്ലാക് മെയില്‍ നടത്തുക.
3. 2 ല്‍ പറഞ്ഞ ബ്ലാക്ക് മെയിലിംഗ് പ്രായോഗികമെങ്കില്‍, ഹര്‍ത്താല്‍ നടത്തണമെങ്കില്‍ നോണ്‍ റീഫണ്ടബിള്‍ തുക ആയി 50 കോടി സര്‍ക്കാര്‍ ഘജനാവില്‍ ഇടുക. എന്ത് അതിക്രമവും കാണിക്കാനുള്ള ലൈസന്‍സ് ഫീ ആണെന്ന്‌ തെറ്റിദ്ധരിക്കണ്ട, ഇത്രയും തുക കെട്ടി വെച്ച്‌ ഹര്‍ത്താല്‍ നടത്തി എന്തെങ്കിലും നശിപ്പിച്ചാല്‍ നടത്തുന്ന പാര്‍ട്ടിയുടെ നേതാക്കന്മാരില്‍ നിന്ന്‌ 200 ഇരട്ടി പിഴ വാങ്ങുന്നതായിരിക്കും.

മാന്യ ബ്ലോഗര്‍മാരുടെ സൂപ്പര്‍ ഹീറോ ചിന്തകള്‍ക്ക് സ്വാഗതം!!!

ഓഫ്‌ : ഈ ഐ ടി ഫീല്‍ഡിലും നോക്കുകൂലി വാങ്ങണുണ്ടേ.. കൂട്ടുകാര്‍ ചെയ്യുന്നത്‌ “ബെഞ്ച്” ല്‍ ഇരുന്ന്‌ കണ്ട്‌ മാസാമാസം നല്ലൊരു തുക സുഖായിട്ട്‌ പോക്കറ്റിലാവണു! എന്താ അതിന്റെയൊരു സുഖം.. ഹി ഹി :D