08 April 2007

ഉപ്പിളിപാളയം!

സംഭവം നടക്കുന്നത് ഞങ്ങള്‍ അവസാന സെം പഠിക്കുമ്പോഴാണ്. പരീക്ഷകളൊക്കെ കഴിഞ്ഞു. ഇനി വൈവ ഉണ്ട്. അതിനുള്ള തയ്യാറെടുപ്പൊക്കെയായി ഹോസ്റ്റലില്‍ തകര്‍പ്പന്‍ പഠനം. സമയം രാത്രി 8 മണിയായിട്ടുണ്ടാവും. അപ്പോഴാണ് പാക്കരനു വെളിപാട്..

“ഡാ നാനോ..” (എന്നെ അവന്മാര്‍ വിളിക്കുന്ന പേരാണ് നാനോ. അതിന്റെ ഉല്പത്തിയെക്കുറിച്ച് ഇവിടെ പറയാം) കോളേജ് ഓഫീസില്‍ നിന്ന് എന്തോ ഒരു ലിസ്റ്റ് വാങ്ങി വരാന്‍ ഞങ്ങളോട് ഡിപ്പാര്‍ട്മെന്റ് ഹെഡ് പറഞ്ഞതനുസരിച്ച് ഓഫീസ് റൂമില്‍ തിക്കും തിരക്കും ഉണ്ടാക്കുകയാണ് ഞങ്ങള്‍ ഒരു പത്തു പതിനഞ്ച് പേര്‍. ഇതെടുത്ത് തരാന്‍ ആകപ്പാടെ ഞങ്ങളുടെ ശ്രീദേവി ആന്റിയാണ് ഓഫീസിലുള്ളത്. എല്ലാവരും കൂടി കലപില കൂട്ടിയപ്പോള്‍ ആന്റി പറഞ്ഞു.. “നിങ്ങള്‍ ഇങ്ങനെ ബഹളം വെയ്ക്കാതെ.. എല്ലാവരുടെയും പേര് ഒരു പേപ്പറില്‍ എഴുതി തരൂ. ഞാന്‍ ഓരുമിച്ച് എടുത്ത് തരാം.” എല്ലാവരേയും “പേപ്പറിലാക്കുന്ന“ ജോലി ജെ കെ ഏറ്റെടുത്തു. എഴുതിയെഴുതി എന്റെ പേര് എത്തിയപ്പോ അവന്‍ എഴുതിയത് “NANAGOPAL" എന്ന്. ഒരു “D" അങ്ങ് വിഴുങ്ങി! കണ്ടു നിന്ന ഞാന്‍ വിളിച്ചു പറഞ്ഞു. “ഡാ, നാനഗോപാല്‍ അല്ല, നന്ദഗോപാല്‍..” അപ്പോ വിണു പേര്.. “ഡാ ബിജോയ്, നന്ദന്‍ പറഞ്ഞ കേട്ടോ.. “നാനോ” എന്ന് വിളിച്ചാല്‍ മതീന്ന്..” പോരെ പൂരം. അങ്ങനെ ഞാന്‍ "നാനോ” ആയി.

അപ്പോള്‍ നമുക്ക് കഥയിലേയ്ക്ക് മടങ്ങി വരാം.. “ഡാ നാനോ..” ഞാന്‍ തലയുയര്‍ത്തി നോക്കി..

“ഡാ.. നമുക്ക് നാളെ കോയമ്പത്തൂരില്‍ പോവാം. നമ്മുടെ കോഴ്സ് കഴിഞ്ഞില്ലേ, ഇനി വല്ല വാല്യൂ അഡീഷന്‍ കോഴ്സ് ചെയ്യണം. അല്ലാതെ രക്ഷയില്ല. അവിടെ പി എസ് ജി കോളേജില്‍ കാഡ്/കാം (CAD/CAM) കോഴ്സ് ഉണ്ട്. വളരെ നല്ലതാണ്. ജോലി കിട്ടാ‍ന്‍ എളുപ്പമാണ്..”

ഞാന്‍ ആലോചിച്ചു. ഇവന്‍ പറയുന്നത് ശരിയാണ്. ഞങ്ങള്‍ക്കാണെങ്കില്‍ ഇതു വരെ പ്ലേസ്‌മെന്റ് എന്നൊന്നും പറഞ്ഞ് ആരും കോളേജില്‍ വന്നിട്ടുമില്ല.. ഇങ്ങനെ ഒരു കോഴ്സ് ചെയ്ത് അതിന്റെ ബലത്തില്‍ ഒരു എഞ്ചിനീയറായി വിലസുന്നത് ഞാന്‍ സ്വപ്നം കണ്ടു.. “ജെ ക്കേ, നമുക്ക് പോവാം?” ഞാന്‍ ജെ കെ യെ നോക്കി. അവന്‍ റെഡി. കൂടെയുണ്ടായിരുന്ന ദാദയും പറഞ്ഞൂ, “ഞാനുമുണ്ട്..“

അങ്ങിനെ ഞങ്ങള്‍ നാലു പേരും കൂടി പിറ്റേന്ന് കോയമ്പത്തൂര് പോവാനുള്ള പ്ലാന്‍ അപ്പ്രൂവ് ചെയ്തു..

വൈകിട്ട് എന്റെ കുഞ്ഞിപ്പെങ്ങളെ വിളിക്കുന്ന ഒരു പതിവെനിക്കുണ്ട്.. ജാനകിയെ.. അന്നും പതിവു പോലെ വിളിച്ചു..
“ഡീ വാവേ, ഞാന്‍ നാളെ രാവിലെ കോയമ്പത്തൂര്‍ വരെ പോവും.. ഒരു കോഴ്സിന്റെ കാര്യം അന്വേഷിക്കാനാണ്..”
“നന്ദാ, എനിക്കൊരു പിറ്റോട് (PITOT) ട്യൂബ് വാങ്ങിക്കൊണ്ട് വരുമോ?” അവളുടെ ചോദ്യം.. അവള്‍ ഏതോ ലാബില്‍ ഈ പറഞ്ഞ സാധനം താഴെയിട്ട് പൊട്ടിച്ച കാര്യം എനിക്കറിവുള്ളതാണ്. അത് വാങ്ങാന്‍ അവളെയും കൊണ്ട് ഒരു ദിവസം മുഴുവന്‍ പാലക്കാട് അരിച്ചു പെറുക്കിയതുമാണ്. പക്ഷേ സാധനം കിട്ടിയിരുന്നില്ല. കോയമ്പത്തൂരില്‍ കിട്ടുമെന്ന് അവള്‍ക്ക് തന്നെ അങ്ങ് തോന്നി.. എന്തൊരു ബുദ്ധി.. എന്റെയല്ലേ പെങ്ങള്.. ;)
“ശരി കുട്ടാ.. വാങ്ങി വരാല്ലോ..” അവളോട് ഗുഡ്‌നൈറ്റും സ്വീറ്റ് ഡ്രീംസുമൊക്കെ പറഞ്ഞ് ഫോണ്‍ വെച്ചു..

പിറ്റേന്നായി..
ഞങ്ങള്‍ കോയമ്പത്തൂരിലേയ്ക്ക് വെച്ചു പിടിയ്ക്കുന്നു.. ഒമ്പതരയായപ്പോഴേ പി എസ് ജി കോളേജിലെത്തി. അവിടുത്തെ കൌണ്‍സിലറിന്റെ കിളിമൊഴിയൊക്കെ കേട്ട് ബോധിച്ചു. കോഴ്സ് ഒക്കെ കൊള്ളാം.. പക്ഷേ ഫീസ് കൊള്ളില്ല.. ഏതായാലും വീട്ടില്‍ ആലോചിച്ച് തീരുമാനമെടുക്കാം എന്ന് ഞങ്ങള്‍ കരുതി..
പി എസ് ജി ഒരു ഗണ്ടന്‍ കോളേജാണ്. ഞങ്ങളുടെ എന്‍ എസ് എസ്സിനെയും പി എസ് ജി യെയും ഒക്കെ കമ്പയര്‍ ചെയ്ത് പാക്കരന്റെ കത്തിയും കേട്ട് ഞങ്ങള്‍ കോളേജിന്റെ പുറത്തെത്തി.. അപ്പോഴാണ് ഞാന്‍ ഓര്‍ത്തത്.. പിറ്റോട് ട്യൂബ്! "ഡാ, ഞാന്‍ ജാനൂന് ആ പിറ്റോട് ട്യൂബ് വാങ്ങിയില്ല.. നമുക്ക് ഇവിടുത്തെ കോപ്പറേറ്റീവ് സ്റ്റോറില്‍ തിരക്കാം..” അങ്ങനെ ഞങ്ങള്‍ സ്റ്റോറിലെത്തി..

ഇടിച്ചു കയറാന്‍ പാക്കരന് നല്ല മിടുക്കാണ്.. സ്റ്റോറില്‍ നില്‍ക്കുന്ന പാണ്ടിയോട് പാക്കരന്റെ ചോദ്യം.. “അണ്ണൈ, ഈ പിറ്റോട് ട്യൂബ് കെടക്കുമാ??” ഏതായാലും പാണ്ടിക്ക് കാര്യം മനസ്സിലായി. “ഇങ്കെയില്ലൈ.. അത് വന്ത് ഉപ്പിളിപ്പാളയം ഓറിയന്റല്‍ ലാബില്‍ താന്‍ കെടക്കും..”

ഇതെവിടാ ഈ ഉപ്പിളിപ്പാളയം?? ഞങ്ങള്‍ തമ്മില്‍ തമ്മില്‍ നോക്കി. ജെ കെ അല്പം തമിഴൊക്കെ വശമുള്ള കക്ഷിയാണ്. അവന്‍ പാണ്ടിയോട് കാര്യം ചോദിച്ചു മനസ്സിലാക്കി. പക്ഷേ എത്രാം നമ്പര്‍ ബസിലാണ് പോവേണ്ടതെന്ന് പാണ്ടിക്കും അറിയില്ല.. “സാരമില്ലടാ, നമുക്ക് സ്റ്റോപ്പില്‍ ആരോടേലും ചോദിക്കാം” പാ‍ക്കരന്‍ കോണ്‍ഫിഡന്റ്.. ശരി വാ എന്നു ഞങ്ങളും..

അങ്ങിനെ സ്റ്റോപ്പിലെത്തി.. അവിടെ കണ്ട രണ്ടു മൂന്ന് പേരോട് ചോദിച്ചു. ആര്‍ക്കും ബസിന്റെ നമ്പര്‍ അറിയില്ല.. അവസാനം ദേവദൂതനെ കണ്ടെത്തി.. അതാ നില്‍ക്കുന്നു ഒരു ബീഡിയും വലിച്ച്.. ജെ കെ ചോദിക്കുന്നു.. “അണ്ണാ, ഇന്ത ഉപ്പിളിപാളയം പോകതുക്ക് എന്ത ബസ്?” ദേവദൂതന്‍ ഞങ്ങളെയൊന്ന് നോക്കി.. എന്നിട്ട് മൊഴിഞ്ഞു.. “നാനും അന്ത റൂട്ട് താ.. ആനാ ഉപ്പിളിപാളയം അല്ലൈ, നെക്സ്റ്റ് സ്റ്റോപ്.. ഏന്‍ കൂടെ ബസില്‍ ഏറ്.. സൊല്ലിടുവേന്‍..” ഞങ്ങള്‍ ഹാപ്പി..

ഒരു ബസ് വന്നു. നല്ല തിരക്ക്.. അതാ ദേവദൂതന്‍ അതില്‍ കേറാനുള്ള പുറപ്പാടാണ്.. “അണ്ണൈ ഞങ്ങളും..” ഒരു വിധം തള്ളിപ്പിടിച്ച് കേറി.. കണ്ടക്ടര്‍ മുന്‍പിലാണ്. പതിയെ വരുന്നതേയുള്ളൂ.. അതിനിടയ്ക്ക് രണ്ടു മൂന്ന് സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോ ഞങ്ങള്‍ ചോദിക്കുന്നുണ്ട്.. “അണ്ണാ ഇതാണോ ഉപ്പിളിപാളയം” (ഒരു മറവത്തൂര്‍ കനവ് എന്ന സിനിമയില്‍ മമ്മൂക്ക ചോദിക്കില്ലേ. “ഇതാണോ മറവത്തൂര്??” ആ ട്യൂണില്‍ വായിക്കണേ.. ) അങ്ങനെ അഞ്ചാറ് സ്റ്റോപ് ആയിട്ടും സ്ഥലമെത്തിയിട്ടില്ല.. ഞങ്ങള്‍ ചോദ്യമൊട്ടു നിര്‍ത്തിയിട്ടുമില്ല.. ആ തിരക്കിനടയില്‍ നിന്ന് ഉപ്പിളിപാളയം ഉപ്പിളിപാളയം എന്ന് മിനിട്ടിന് നാല്‍പ്പത് വട്ടം പറയുന്നുമുണ്ട്. എന്തിനാണെന്ന് ഞങ്ങള്‍ക്ക് തന്നെ അറിയില്ല..! ഏതായാലും ഞങ്ങളുടെ ദേവദൂതന് അപാര ക്ഷമയാണ്..

കണ്ടക്ടര്‍ അടുത്തെത്തി. പാക്കരന്‍ പൈസ കൊടുത്തിട്ട് പറഞ്ഞു.. “നാല് ഉപ്പിളിപ്പാളയം..” കണ്ടക്ടര്‍ ടിക്കറ്റ് കൊടുത്തു.. ഇനി അടുത്തത് ദേവദൂതനാണ് ടിക്കറ്റെടുക്കേണ്ടത്..

കണ്ടക്ടര്‍ക്ക് പൈസ നീട്ടി ദേവദൂതന്‍ പറയുന്നു.. “ഒരു ഉപ്പിളിപ്പാളയം..” ഏ! ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി.. ഇങ്ങേര് മറ്റേതോ സ്റ്റോപ് ആണല്ലോ ഇറങ്ങുമെന്ന് പറഞ്ഞത്.. പിന്നിതെന്താണാവോ?? പെട്ടെന്ന് ദേവദൂതന്റെ തിരുത്ത്..”സാറി സാര്‍.. ഉപ്പിളിപാളയം അല്ലൈ.. ഗാന്ധിപുരം താന്‍ വേണം” കണ്ടക്ടര്‍ ദേവദൂതനെ തുറിച്ചൊന്നു നോക്കി.. താന്‍ ടിക്കറ്റ് കീറിയല്ലോ എന്നാണ് അതിന്റെ അര്‍ത്ഥം.. എന്നിട്ട് എന്തോ ശാപവാക്കും പറഞ്ഞിട്ട് ടിക്കറ്റ് മാറ്റി നല്‍കി.

ഞങ്ങള്‍ക്ക് ചിരി വരുന്നുണ്ട്.. ഞങ്ങളിങ്ങനെ ഉപ്പിളിപാളയം എന്ന് മിനിറ്റു വെച്ച് പറഞ്ഞിട്ടാണല്ലോ പുള്ളിക്കാരന് സ്വന്തം സ്റ്റോപ് തെറ്റിയത്.. ഞങ്ങളുടെയൊരു കാര്യം..

അടുത്ത സ്റ്റോപ് ഉപ്പിളിപാളയം.. ദേവദൂതന്‍ മൊഴിഞ്ഞു.. “ഇത് താന്‍ ഉങ്കളുടെ സ്റ്റോപ്..” ഞങ്ങള്‍ താങ്ക്സ് പറഞ്ഞ് ഇറങ്ങി..

ഇറങ്ങിയയുടന്‍ പാക്കരന്‍ പൊട്ടിച്ചിരിയാണ്.. “എന്നാലും നാനോ.. നീ ഒരു തമിഴനെ വഴി തെറ്റിച്ചല്ലോ!..” ഞങ്ങളും ആ ചിരിയില്‍ പങ്കു ചേര്‍ന്നു..

06 April 2007

ചില എന്‍ എസ് എസ് (NSS) ചരിതങ്ങള്‍... ഭാഗം രണ്ട്.

എല്ലാവരും ആദ്യ ഭാഗം വായിച്ചു എന്ന് കരുതട്ടെ.. നമുക്ക് ബാക്കിയുള്ളവരെ പരിചയപ്പെടാം.

സജിത്ത് (കുത്ത്) പണിക്കര്‍.
എറണാകുളം സ്വദേശി. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി. പഠനം പഠനം എന്ന ഒരു വിചാരമേയുള്ളൂ പണിക്കര്‍ക്ക്! അതോ, പഠിക്കുന്നത് കണ്ടാല്‍ നമ്മളും ഇരുന്ന് പഠിച്ചു പോവും. കട്ടിലില്‍ രണ്ടു കാലും കേറ്റി വച്ച്, പുസ്തകത്തിലേയ്ക്ക് നോക്കി മൂളി ആടിക്കൊണ്ടിരിക്കുന്ന പണിക്കരെയാണ് ആ റൂമിലേയ്ക്ക് കേറിയാല്‍ ആദ്യം കാണുക. ഇതൊക്കെയാണെങ്കിലും എന്തെങ്കിലും കുരുത്തക്കേട് ഒപ്പിക്കാനും സിനിമ കാണാനും പണിക്കര്‍ മുന്‍പന്തിയിലുണ്ടാവും.

(കരിന്തിരി) മഹേഷ്
കൊല്ലം സ്വദേശി. കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി. ഒരു “ബുജി” മട്ടിലാണ് ആശാന്റെ മട്ടും ഭാവവുമൊക്കെ. അടിസ്ഥാനപരമായി താനൊരു കമ്മ്യൂണിസ്റ്റാണ് എന്നാണ് പറച്ചില്‍. മാര്‍ക്സിയന്‍ സിദ്ധാന്തം എന്നൊക്കെ പറഞ്ഞ് വെച്ചു കാച്ചുന്നത് കേള്‍ക്കാം.. ആശാന് കവിതകളോട് വല്യ പ്രതിപത്തിയാണ്. അങ്ങിനെയേതോ കവിത ഉച്ചത്തില്‍ പാടി വന്നപ്പോഴാണ് അതിലുള്ള “കരിന്തിരി” എന്ന വാക്ക് ഒരു പേരായി വീണത്. ജീവിതം കരിന്തിരി കത്തുന്നു എന്നൊക്കെയുള്ള നെടുങ്കന്‍ ഡയലോഗുകള്‍ക്ക് അപ്പോഴും പഞ്ഞമില്ല.. :)

രഞ്ജിത്ത് (ചഡ്ഡു)
ചടയമംഗലമാണ് സ്വദേശം. പേരിന്റെ ഉല്പത്തി എങ്ങിനെയെന്ന് വായനക്കാര്‍ക്ക് മനസ്സിലായല്ലോ.. കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി. ഒരു പഞ്ചപാവം.. പരമശുദ്ധന്‍. പഠിക്കാനും മിടുക്കന്‍. ഇതാണ് ചഡ്ഡു..

പരമേശ്വരന്‍ (പരമന്‍)
എന്റെയും കുഞ്ചുവിന്റെയും സഹപാഠി. ഞങ്ങളുടെ സ്വന്തം പട്ടര് പരമന്‍.. ത്രിശൂര്‍ സ്വദേശിയാണ്. ഇടയ്ക്കിടയ്ക്ക് അല്പസ്വല്പം വേദാന്തമൊക്കെ പറയും. അല്ലാതെ ആളെക്കൊണ്ട് വല്യ ദ്രോഹമൊന്നുമില്ല. ഞാനും കുഞ്ചുവും പരമനും പിന്നെ മറ്റൊരു കഥാപാത്രവും കൂടിയാണ് ഞങ്ങളുടെ അവസാന വര്‍ഷ പ്രോജക്റ്റ് ചെയ്തത്. അതിന്റെ വിശേഷങ്ങളൊക്കെ വഴിയേ പറയാം.

പിന്നെ ശ്രീലക്ഷ്മിയിലുള്ളത് വിമലും പ്രശാന്തുമാണ്. രണ്ടുപേരും പൂക്കളത്തിന്റെ സഹപാഠികള്‍. അവരെയും കൂടെക്കൂട്ടി ഞങ്ങള്‍ ആറു പേരാണ് ശ്രീലക്ഷ്മിയിലെ “മെക്കന്മാര്‍”. മെക്കാനിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഷോര്‍ട്ട് ഫോം.. :) വിമലും പ്രശാന്തും അങ്ങിനെ ബഹളങ്ങള്‍ക്കൊന്നുമില്ല.. പക്ഷേ എല്ലാത്തിനും കൂടുകയും ചെയ്യും.

ഇവരെക്കൂടാതെ ഇനി പറയുന്നവരായിരിക്കും ഈ ചരിത്രത്തിലെ പ്രധാന താരങ്ങള്‍..

രതീഷ് മേനോന്‍ (മേനോന്‍‌ജി)
നാലാം ക്ലാസ് മുതലുള്ള പരിചയമാണ് എനിക്കും മേനോനും. എന്റെ ആത്മാര്‍ത്ഥ സുഹൃത്ത്. ആലപ്പുഴയില്‍ എന്റെ വീടിനടുത്താണ് മേനോന്റെ വീട്. ഞങ്ങള്‍ ഒരുമിച്ചാണ് പ്രവേശന പരീക്ഷയ്ക്ക് പഠിച്ചതൊക്കെ. കിട്ടിയതും ഒരേ കോളേജില്‍ തന്നെ. പക്ഷേ രണ്ടു ബാച്ചിലായിപ്പോയി എന്നെയുള്ളൂ. ഒരുമിച്ചാണ് ഒന്നാം വര്‍ഷം എഞ്ചിനീയറിംഗ് ഗ്രാഫിക്സ് ട്യൂഷനു പോയത്. ഒരുമിച്ചാണ് ആലപ്പുഴയ്ക്കുള്ള വരവും പോക്കുമൊക്കെ.. അങ്ങിനെ മേനോനെക്കുറിച്ച് പറഞ്ഞുതുടങ്ങിയാല്‍ ഒരുപാടുണ്ട് പറയാന്‍.. അതൊക്കെ ഇനി ഓരോ സംഭവങ്ങളിലൂടെ പറയാം..

അരുണ്‍(ചാത്തന്‍)കുമാര്‍.
ഞങ്ങളുടെ പ്രോജക്റ്റിനു ഒരു കഥാപാത്രം കൂടിയുണ്ടെന്നു പറഞ്ഞിരുന്നല്ലോ.. ലോ ലവനാണ് ലിവന്‍.. കൊല്ലം ചാത്തന്നൂര്‍ സ്വദേശി. ചാത്തന്‍ എന്നു വിളിക്കുന്നത് എന്തിനാണെന്ന് മനസ്സിലായല്ലോ.. ചാത്തന്റെ വിശേഷങ്ങളും ഒരുപാടുണ്ട് പറയാന്‍. എങ്കിലും അവനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് “മനസ്സിന്‍ മണിച്ചിറകില്‍...” എന്ന സിനിമാഗാനമാണ്. എന്റെ ദൈവമേ! ഈ പാട്ട് ചാത്തന്‍ “പറയുന്നത്” പോലെ “പാടാന്‍” ഈ ലോകത്ത് മറ്റാരുമില്ല! അത്ര ദയനീയമാണത്. അത് നിങ്ങളെയൊക്കെ കേള്‍പ്പിക്കാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്. പക്ഷേ വകുപ്പില്ലല്ലോ!

ബിജോയ് ഭാസ്കരന്‍ (പാക്കരന്‍)
അവസാന വര്‍ഷത്തിലെ എന്റെ സഹമുറിയന്‍. എന്റെ സഹപാഠിയുമാണ്. കളിയിലും പഠനത്തിലുമൊക്കെ ഓള്‍‌റൌണ്ടര്‍. കോളേജ് ഫുട്ബോള്‍ ടീമിന്റെ സ്ട്രൈക്കര്‍. അത്യാവശ്യം നന്നായിട്ട് പാട്ടുപാടും. അതിലും നന്നായിട്ട് ആളെ വടിയാക്കും. അങ്ങിനെ തെറിച്ച് നടക്കുന്ന ഒരുത്തന്‍.. :)

ജയകൃഷ്ണന്‍ (ജെ കെ)
എന്റെ സഹപാഠി. കോളേജിന്റെ ആസ്ഥാന ഗായകനാണ്. നിങ്ങളില്‍ ചിലരെങ്കിലും കണ്ടിട്ടുണ്ടാവും വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ കൈരളി ടിവിയില്‍ “റെയിന്‍‌ഡ്രോപ്സ്” എന്ന പരിപാടി അവതരിപ്പിക്കുന്ന വൃന്ദ എന്ന കുട്ടിയെ. ജെ കെ യുടെ സഹോദരിയാണ് ആള്‍. കുടുംബപരമായി സംഗീതമൊക്കെയുള്ള ആളാണ്. ചിറ്റൂറ് ഭഗവതി ക്ഷേത്രത്തിന്റെ തൊട്ടടുത്താണ് ജെ കെ യുടെ വീട്. എനിക്ക് വളരെയിഷ്ടമുള്ള സ്ഥലമാണത്. പ്രശാന്തസുന്ദരമായ ഗ്രാമം എന്നൊക്കെ പറയുന്നത് ചിറ്റൂര്‍ പോലെയുള്ളെവയെയാവണം.

അരുണ്‍കൃഷ്ണന്‍ (ടി പി)
ടി പി ആളുടെ ഇനീഷ്യലാണ്! ഞങ്ങള്‍ അതു ചുരുക്കപ്പേരാക്കി എന്നേയുള്ളൂ. ടി പി ഡേസ്കോളറാണ്. ലോകകപ്പും യൂറോ കപ്പും പോലെയുള്ള ഫുട്ബോള്‍ മാമാങ്കങ്ങള്‍ വരുമ്പോള്‍ ഞങ്ങളെല്ലാവരും ടി പിയുടെ വീട്ടിലാണ്. ഒരു പരാതിയും പറയാതെ ടി പിയുടെ അമ്മ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഭക്ഷണമൊരുക്കും. ഞങ്ങളെന്ന് പറഞ്ഞാല്‍ ഒരു പത്തു പതിനൊന്നാള്‍ക്കാര്‍ ഉണ്ട് കേട്ടോ. ടി പി ആളൊരു ശുദ്ധനാണ്. നിര്‍ദ്ദോഷമായ ചില കമന്റുകള്‍ പാസാക്കും. പക്ഷേ അവസാനം അതെല്ലാം കൂടി ടി പിയെ ഗോളടിക്കും എല്ലാവരും ചേര്‍ന്ന്. പാക്കരനും ജെ കെയുമാണ് ഇക്കാര്യത്തില്‍ മുന്‍പില്‍.

അരുണ്‍ (ദാദ)
ദാദയെന്ന പേരു കേട്ട് ഞെട്ടുകയൊന്നും വേണ്ട. ആളൊരു പാവമാണ്. പക്ഷേ നല്ല ഘനഗാംഭീര്യമുള്ള ശബ്ദം. അതാണ് ഈ പേരു വീഴാന്‍ കാരണം. ഒരു രസികന്‍. ഒരു സ്കൂട്ടി അതിന് എടുക്കാവുന്ന മാക്സിമം വേഗതയില്‍ ഓടിച്ചാണ് ദാദ കോളേജില്‍ വരിക. അല്പം ലേറ്റായിട്ടാണ് ആള്‍ വരുന്നതെങ്കിലും വണ്ടിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കറിയാം ദാദ എത്തിയെന്ന്..

പിന്നെയുള്ളത് അര്‍ജുന്‍. മിസ്റ്റര്‍ പെര്‍ഫെക്റ്റ്. ഏതുകാര്യത്തിലും അര്‍ജുന്‍ മുന്‍പന്തിയിലുണ്ടാവും. എന്തു സഹായവും ചെയ്തു തരും. നന്നായിട്ട് പഠിക്കും. പിന്നെ എല്ലാ തമാശകള്‍ക്കും ഒപ്പം കൂടുകയും ചെയ്യും. ഞങ്ങളുടെ ഒത്തു ചേരലുകള്‍ക്ക് അവന്റെ വീ‍ടും ഒരു വേദിയാവാറുണ്ട്.

ഇത്രയുമാണ് പ്രധാന കഥാപാത്രങ്ങള്‍. ഇനിയുമുണ്ട് ഒരുപാട് പേര്‍. ഓരോരോ സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ എല്ലാവരെയും പരിചയപ്പെടുത്താം.

അയ്യയ്യോ! സ്ത്രീജനങ്ങളെ പരിചയപെടുത്തിയില്ല! അധികം പേരൊന്നുമില്ല. അവരുടെ കാര്യമാണ് ഇനി..

ജാനകി
എന്റെ കുഞ്ഞിപ്പെങ്ങള്‍. എന്റെ വല്ല്യമ്മയുടെ മോള്‍. ഒരു വയസിന്റെ വ്യത്യാസമേയുള്ളൂ ഞങ്ങള്‍ തമ്മില്‍. എങ്കിലും ഞാന്‍ ആദ്യ തവണ വളരെ നന്നായിട്ട് പ്രവേശന പരീക്ഷ എഴുതിയത് കാരണം അഡ്മിഷന്‍ കിട്ടിയില്ല. അങ്ങിനെയാണ് ഞാനും ജാനുവും ഒരേ ബാച്ചിലെത്തിയത്. അവള്‍ സിവില്‍ എഞ്ചിനീയറിംഗ് ആണു പഠിച്ചത്. അവളുടെ ഹോസ്റ്റലാണ് “സോപാനം”. അവളുടെ കൂട്ടുകാരാണ് എനിക്ക് കോളേജിലുള്ള പെണ്‍ സുഹൃത്‌വലയം. അവരില്‍ ചിലരെയാണ് ഇനി പരിചയപ്പെടുത്തുന്നത്.

ജിജ
ജാനുവിന്റെ അടുത്ത കൂട്ടുകാരി. ഞങ്ങള്‍ “ഉണ്ടന്‍പൊരി” എന്ന് വിളിക്കും. ആകപ്പാടെ ഒരു വെകിളിയാണ്. എന്നു പറഞ്ഞാല്‍ കൊച്ചുകുട്ടികളുടെ സ്വഭാവമാണ്. ഒരു ഗുണ്ടുമണി.

ലയന
ഒരു കൊച്ചുമാധവിക്കുട്ടിയാണ്. വളരെ പക്വതയുള്ള ഒരു പെണ്‍കുട്ടി.

അനിത
എനിക്ക് സഹോദരിമാരില്ല എന്ന സങ്കടം ഞാന്‍ മറക്കുന്നത് അനിതയുടെയൊപ്പം ഇരിക്കുമ്പോഴാണ്. നിഷ്കളങ്കമായ ചിരിയോട് കൂടി അവള്‍ സംസാരിക്കുമ്പോള്‍ മനസ്സിലെ എല്ല വേദനകളും പമ്പ കടക്കും. ഇലക്ട്രോണിക്സ് വിദ്യാര്‍ത്ഥിനിയാണെങ്കിലും അത് കോളെജിലെ മറ്റൊരു ബ്ലോക്കിലാണെങ്കിലും ഒഴിവു സമയങ്ങളില്‍ അനിത ഞങ്ങളുടെ കൂടെയുണ്ടാവും. അവളില്ലെങ്കില്‍ ആ സഭയ്ക്ക് എന്തോ കുറവുള്ളത് പോലെയാണ്. ഒരോ ദിവസവും ഓരോ തരം ഫാന്‍സി കമ്മലുകളാണ് അവളിടുക. എന്നു വെച്ച് അവള്‍ ഒരു ഫാഷന്‍ ഭ്രമക്കാരിയൊന്നുമല്ല. എല്ലാ ദിവസവും അഭിപ്രായം ചോദിക്കും.. “എടാ, ഇതെങ്ങിനെയുണ്ട്.?” :) കോളേജ് ജീവിതം കഴിഞ്ഞ് പോവുമ്പോള്‍ പൊട്ടിക്കരഞ്ഞ അവള്‍ക്ക് ഞാന്‍ സമ്മാനം നല്‍കിയതും രണ്ട് ജോടി കമ്മലുകളാണ്.. അതു തുറന്നു നോക്കി അവള്‍ ചിരിക്കുന്നത് ഇപ്പോഴും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല.

ഇനിയുമുണ്ട് കുറച്ച് പെണ്‍സുഹൃത്തുക്കള്‍. അവരെ വഴിയേ പരിചയപ്പെടാം..