08 April 2007

ഉപ്പിളിപാളയം!

സംഭവം നടക്കുന്നത് ഞങ്ങള്‍ അവസാന സെം പഠിക്കുമ്പോഴാണ്. പരീക്ഷകളൊക്കെ കഴിഞ്ഞു. ഇനി വൈവ ഉണ്ട്. അതിനുള്ള തയ്യാറെടുപ്പൊക്കെയായി ഹോസ്റ്റലില്‍ തകര്‍പ്പന്‍ പഠനം. സമയം രാത്രി 8 മണിയായിട്ടുണ്ടാവും. അപ്പോഴാണ് പാക്കരനു വെളിപാട്..

“ഡാ നാനോ..” (എന്നെ അവന്മാര്‍ വിളിക്കുന്ന പേരാണ് നാനോ. അതിന്റെ ഉല്പത്തിയെക്കുറിച്ച് ഇവിടെ പറയാം) കോളേജ് ഓഫീസില്‍ നിന്ന് എന്തോ ഒരു ലിസ്റ്റ് വാങ്ങി വരാന്‍ ഞങ്ങളോട് ഡിപ്പാര്‍ട്മെന്റ് ഹെഡ് പറഞ്ഞതനുസരിച്ച് ഓഫീസ് റൂമില്‍ തിക്കും തിരക്കും ഉണ്ടാക്കുകയാണ് ഞങ്ങള്‍ ഒരു പത്തു പതിനഞ്ച് പേര്‍. ഇതെടുത്ത് തരാന്‍ ആകപ്പാടെ ഞങ്ങളുടെ ശ്രീദേവി ആന്റിയാണ് ഓഫീസിലുള്ളത്. എല്ലാവരും കൂടി കലപില കൂട്ടിയപ്പോള്‍ ആന്റി പറഞ്ഞു.. “നിങ്ങള്‍ ഇങ്ങനെ ബഹളം വെയ്ക്കാതെ.. എല്ലാവരുടെയും പേര് ഒരു പേപ്പറില്‍ എഴുതി തരൂ. ഞാന്‍ ഓരുമിച്ച് എടുത്ത് തരാം.” എല്ലാവരേയും “പേപ്പറിലാക്കുന്ന“ ജോലി ജെ കെ ഏറ്റെടുത്തു. എഴുതിയെഴുതി എന്റെ പേര് എത്തിയപ്പോ അവന്‍ എഴുതിയത് “NANAGOPAL" എന്ന്. ഒരു “D" അങ്ങ് വിഴുങ്ങി! കണ്ടു നിന്ന ഞാന്‍ വിളിച്ചു പറഞ്ഞു. “ഡാ, നാനഗോപാല്‍ അല്ല, നന്ദഗോപാല്‍..” അപ്പോ വിണു പേര്.. “ഡാ ബിജോയ്, നന്ദന്‍ പറഞ്ഞ കേട്ടോ.. “നാനോ” എന്ന് വിളിച്ചാല്‍ മതീന്ന്..” പോരെ പൂരം. അങ്ങനെ ഞാന്‍ "നാനോ” ആയി.

അപ്പോള്‍ നമുക്ക് കഥയിലേയ്ക്ക് മടങ്ങി വരാം.. “ഡാ നാനോ..” ഞാന്‍ തലയുയര്‍ത്തി നോക്കി..

“ഡാ.. നമുക്ക് നാളെ കോയമ്പത്തൂരില്‍ പോവാം. നമ്മുടെ കോഴ്സ് കഴിഞ്ഞില്ലേ, ഇനി വല്ല വാല്യൂ അഡീഷന്‍ കോഴ്സ് ചെയ്യണം. അല്ലാതെ രക്ഷയില്ല. അവിടെ പി എസ് ജി കോളേജില്‍ കാഡ്/കാം (CAD/CAM) കോഴ്സ് ഉണ്ട്. വളരെ നല്ലതാണ്. ജോലി കിട്ടാ‍ന്‍ എളുപ്പമാണ്..”

ഞാന്‍ ആലോചിച്ചു. ഇവന്‍ പറയുന്നത് ശരിയാണ്. ഞങ്ങള്‍ക്കാണെങ്കില്‍ ഇതു വരെ പ്ലേസ്‌മെന്റ് എന്നൊന്നും പറഞ്ഞ് ആരും കോളേജില്‍ വന്നിട്ടുമില്ല.. ഇങ്ങനെ ഒരു കോഴ്സ് ചെയ്ത് അതിന്റെ ബലത്തില്‍ ഒരു എഞ്ചിനീയറായി വിലസുന്നത് ഞാന്‍ സ്വപ്നം കണ്ടു.. “ജെ ക്കേ, നമുക്ക് പോവാം?” ഞാന്‍ ജെ കെ യെ നോക്കി. അവന്‍ റെഡി. കൂടെയുണ്ടായിരുന്ന ദാദയും പറഞ്ഞൂ, “ഞാനുമുണ്ട്..“

അങ്ങിനെ ഞങ്ങള്‍ നാലു പേരും കൂടി പിറ്റേന്ന് കോയമ്പത്തൂര് പോവാനുള്ള പ്ലാന്‍ അപ്പ്രൂവ് ചെയ്തു..

വൈകിട്ട് എന്റെ കുഞ്ഞിപ്പെങ്ങളെ വിളിക്കുന്ന ഒരു പതിവെനിക്കുണ്ട്.. ജാനകിയെ.. അന്നും പതിവു പോലെ വിളിച്ചു..
“ഡീ വാവേ, ഞാന്‍ നാളെ രാവിലെ കോയമ്പത്തൂര്‍ വരെ പോവും.. ഒരു കോഴ്സിന്റെ കാര്യം അന്വേഷിക്കാനാണ്..”
“നന്ദാ, എനിക്കൊരു പിറ്റോട് (PITOT) ട്യൂബ് വാങ്ങിക്കൊണ്ട് വരുമോ?” അവളുടെ ചോദ്യം.. അവള്‍ ഏതോ ലാബില്‍ ഈ പറഞ്ഞ സാധനം താഴെയിട്ട് പൊട്ടിച്ച കാര്യം എനിക്കറിവുള്ളതാണ്. അത് വാങ്ങാന്‍ അവളെയും കൊണ്ട് ഒരു ദിവസം മുഴുവന്‍ പാലക്കാട് അരിച്ചു പെറുക്കിയതുമാണ്. പക്ഷേ സാധനം കിട്ടിയിരുന്നില്ല. കോയമ്പത്തൂരില്‍ കിട്ടുമെന്ന് അവള്‍ക്ക് തന്നെ അങ്ങ് തോന്നി.. എന്തൊരു ബുദ്ധി.. എന്റെയല്ലേ പെങ്ങള്.. ;)
“ശരി കുട്ടാ.. വാങ്ങി വരാല്ലോ..” അവളോട് ഗുഡ്‌നൈറ്റും സ്വീറ്റ് ഡ്രീംസുമൊക്കെ പറഞ്ഞ് ഫോണ്‍ വെച്ചു..

പിറ്റേന്നായി..
ഞങ്ങള്‍ കോയമ്പത്തൂരിലേയ്ക്ക് വെച്ചു പിടിയ്ക്കുന്നു.. ഒമ്പതരയായപ്പോഴേ പി എസ് ജി കോളേജിലെത്തി. അവിടുത്തെ കൌണ്‍സിലറിന്റെ കിളിമൊഴിയൊക്കെ കേട്ട് ബോധിച്ചു. കോഴ്സ് ഒക്കെ കൊള്ളാം.. പക്ഷേ ഫീസ് കൊള്ളില്ല.. ഏതായാലും വീട്ടില്‍ ആലോചിച്ച് തീരുമാനമെടുക്കാം എന്ന് ഞങ്ങള്‍ കരുതി..
പി എസ് ജി ഒരു ഗണ്ടന്‍ കോളേജാണ്. ഞങ്ങളുടെ എന്‍ എസ് എസ്സിനെയും പി എസ് ജി യെയും ഒക്കെ കമ്പയര്‍ ചെയ്ത് പാക്കരന്റെ കത്തിയും കേട്ട് ഞങ്ങള്‍ കോളേജിന്റെ പുറത്തെത്തി.. അപ്പോഴാണ് ഞാന്‍ ഓര്‍ത്തത്.. പിറ്റോട് ട്യൂബ്! "ഡാ, ഞാന്‍ ജാനൂന് ആ പിറ്റോട് ട്യൂബ് വാങ്ങിയില്ല.. നമുക്ക് ഇവിടുത്തെ കോപ്പറേറ്റീവ് സ്റ്റോറില്‍ തിരക്കാം..” അങ്ങനെ ഞങ്ങള്‍ സ്റ്റോറിലെത്തി..

ഇടിച്ചു കയറാന്‍ പാക്കരന് നല്ല മിടുക്കാണ്.. സ്റ്റോറില്‍ നില്‍ക്കുന്ന പാണ്ടിയോട് പാക്കരന്റെ ചോദ്യം.. “അണ്ണൈ, ഈ പിറ്റോട് ട്യൂബ് കെടക്കുമാ??” ഏതായാലും പാണ്ടിക്ക് കാര്യം മനസ്സിലായി. “ഇങ്കെയില്ലൈ.. അത് വന്ത് ഉപ്പിളിപ്പാളയം ഓറിയന്റല്‍ ലാബില്‍ താന്‍ കെടക്കും..”

ഇതെവിടാ ഈ ഉപ്പിളിപ്പാളയം?? ഞങ്ങള്‍ തമ്മില്‍ തമ്മില്‍ നോക്കി. ജെ കെ അല്പം തമിഴൊക്കെ വശമുള്ള കക്ഷിയാണ്. അവന്‍ പാണ്ടിയോട് കാര്യം ചോദിച്ചു മനസ്സിലാക്കി. പക്ഷേ എത്രാം നമ്പര്‍ ബസിലാണ് പോവേണ്ടതെന്ന് പാണ്ടിക്കും അറിയില്ല.. “സാരമില്ലടാ, നമുക്ക് സ്റ്റോപ്പില്‍ ആരോടേലും ചോദിക്കാം” പാ‍ക്കരന്‍ കോണ്‍ഫിഡന്റ്.. ശരി വാ എന്നു ഞങ്ങളും..

അങ്ങിനെ സ്റ്റോപ്പിലെത്തി.. അവിടെ കണ്ട രണ്ടു മൂന്ന് പേരോട് ചോദിച്ചു. ആര്‍ക്കും ബസിന്റെ നമ്പര്‍ അറിയില്ല.. അവസാനം ദേവദൂതനെ കണ്ടെത്തി.. അതാ നില്‍ക്കുന്നു ഒരു ബീഡിയും വലിച്ച്.. ജെ കെ ചോദിക്കുന്നു.. “അണ്ണാ, ഇന്ത ഉപ്പിളിപാളയം പോകതുക്ക് എന്ത ബസ്?” ദേവദൂതന്‍ ഞങ്ങളെയൊന്ന് നോക്കി.. എന്നിട്ട് മൊഴിഞ്ഞു.. “നാനും അന്ത റൂട്ട് താ.. ആനാ ഉപ്പിളിപാളയം അല്ലൈ, നെക്സ്റ്റ് സ്റ്റോപ്.. ഏന്‍ കൂടെ ബസില്‍ ഏറ്.. സൊല്ലിടുവേന്‍..” ഞങ്ങള്‍ ഹാപ്പി..

ഒരു ബസ് വന്നു. നല്ല തിരക്ക്.. അതാ ദേവദൂതന്‍ അതില്‍ കേറാനുള്ള പുറപ്പാടാണ്.. “അണ്ണൈ ഞങ്ങളും..” ഒരു വിധം തള്ളിപ്പിടിച്ച് കേറി.. കണ്ടക്ടര്‍ മുന്‍പിലാണ്. പതിയെ വരുന്നതേയുള്ളൂ.. അതിനിടയ്ക്ക് രണ്ടു മൂന്ന് സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോ ഞങ്ങള്‍ ചോദിക്കുന്നുണ്ട്.. “അണ്ണാ ഇതാണോ ഉപ്പിളിപാളയം” (ഒരു മറവത്തൂര്‍ കനവ് എന്ന സിനിമയില്‍ മമ്മൂക്ക ചോദിക്കില്ലേ. “ഇതാണോ മറവത്തൂര്??” ആ ട്യൂണില്‍ വായിക്കണേ.. ) അങ്ങനെ അഞ്ചാറ് സ്റ്റോപ് ആയിട്ടും സ്ഥലമെത്തിയിട്ടില്ല.. ഞങ്ങള്‍ ചോദ്യമൊട്ടു നിര്‍ത്തിയിട്ടുമില്ല.. ആ തിരക്കിനടയില്‍ നിന്ന് ഉപ്പിളിപാളയം ഉപ്പിളിപാളയം എന്ന് മിനിട്ടിന് നാല്‍പ്പത് വട്ടം പറയുന്നുമുണ്ട്. എന്തിനാണെന്ന് ഞങ്ങള്‍ക്ക് തന്നെ അറിയില്ല..! ഏതായാലും ഞങ്ങളുടെ ദേവദൂതന് അപാര ക്ഷമയാണ്..

കണ്ടക്ടര്‍ അടുത്തെത്തി. പാക്കരന്‍ പൈസ കൊടുത്തിട്ട് പറഞ്ഞു.. “നാല് ഉപ്പിളിപ്പാളയം..” കണ്ടക്ടര്‍ ടിക്കറ്റ് കൊടുത്തു.. ഇനി അടുത്തത് ദേവദൂതനാണ് ടിക്കറ്റെടുക്കേണ്ടത്..

കണ്ടക്ടര്‍ക്ക് പൈസ നീട്ടി ദേവദൂതന്‍ പറയുന്നു.. “ഒരു ഉപ്പിളിപ്പാളയം..” ഏ! ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി.. ഇങ്ങേര് മറ്റേതോ സ്റ്റോപ് ആണല്ലോ ഇറങ്ങുമെന്ന് പറഞ്ഞത്.. പിന്നിതെന്താണാവോ?? പെട്ടെന്ന് ദേവദൂതന്റെ തിരുത്ത്..”സാറി സാര്‍.. ഉപ്പിളിപാളയം അല്ലൈ.. ഗാന്ധിപുരം താന്‍ വേണം” കണ്ടക്ടര്‍ ദേവദൂതനെ തുറിച്ചൊന്നു നോക്കി.. താന്‍ ടിക്കറ്റ് കീറിയല്ലോ എന്നാണ് അതിന്റെ അര്‍ത്ഥം.. എന്നിട്ട് എന്തോ ശാപവാക്കും പറഞ്ഞിട്ട് ടിക്കറ്റ് മാറ്റി നല്‍കി.

ഞങ്ങള്‍ക്ക് ചിരി വരുന്നുണ്ട്.. ഞങ്ങളിങ്ങനെ ഉപ്പിളിപാളയം എന്ന് മിനിറ്റു വെച്ച് പറഞ്ഞിട്ടാണല്ലോ പുള്ളിക്കാരന് സ്വന്തം സ്റ്റോപ് തെറ്റിയത്.. ഞങ്ങളുടെയൊരു കാര്യം..

അടുത്ത സ്റ്റോപ് ഉപ്പിളിപാളയം.. ദേവദൂതന്‍ മൊഴിഞ്ഞു.. “ഇത് താന്‍ ഉങ്കളുടെ സ്റ്റോപ്..” ഞങ്ങള്‍ താങ്ക്സ് പറഞ്ഞ് ഇറങ്ങി..

ഇറങ്ങിയയുടന്‍ പാക്കരന്‍ പൊട്ടിച്ചിരിയാണ്.. “എന്നാലും നാനോ.. നീ ഒരു തമിഴനെ വഴി തെറ്റിച്ചല്ലോ!..” ഞങ്ങളും ആ ചിരിയില്‍ പങ്കു ചേര്‍ന്നു..

1 comment:

നന്ദന്‍ said...

ഇതെവിടാ ഈ ഉപ്പിളിപ്പാളയം?? ഞങ്ങള്‍ തമ്മില്‍ തമ്മില്‍ നോക്കി. ജെ കെ അല്പം തമിഴൊക്കെ വശമുള്ള കക്ഷിയാണ്. അവന്‍ പാണ്ടിയോട് കാര്യം ചോദിച്ചു മനസ്സിലാക്കി. പക്ഷേ എത്രാം നമ്പര്‍ ബസിലാണ് പോവേണ്ടതെന്ന് പാണ്ടിക്കും അറിയില്ല..

കോളേജ് ജീവിതത്തിലെ ഒരു കൊച്ച് തമാശ..
വായിച്ചു നോക്കൂ.. :)