06 September 2007

20 - 20 യും, മാഞ്ചസ്റ്റര്‍ യുണൈറ്റഡും, പിന്നെ ഞാനും..

സ്ഥലം ഡര്‍ബന്‍.. 20 - 20 ലോക കപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ നടക്കുന്നു.. ഇന്ത്യയും ഓസ്ട്രേലിയയും കളിക്കുന്നു. അവസാന പന്തില്‍ ജയിക്കാന്‍ ഓസീസിനു മൂന്നു റണ്‍സ്‌ വേണം. പന്തെറിയുന്നത്‌ ശ്രീശാന്ത്.. നേരിടുന്നത് പോണ്ടിംഗ്‌.. റണ്ണപ്പ്‌ എടുത്ത് കുതിച്ചു വരുന്ന ശ്രീ.. പന്ത്‌ അടിച്ചു ഗ്രൌണ്ടിനു വെളിയില്‍ കളയാന്‍ തയ്യാറായി പോണ്ടിംഗ്‌.. അതാ ശ്രീ പന്തെറിഞ്ഞു കഴിഞ്ഞൂ.. ആഞ്ഞ്‌ വീശുന്ന പോണ്ടിംഗ്‌.. പക്ഷേ ശ്രീയുടെ യോര്‍ക്കര്‍ ലെങ്ത്‌ പന്തില്‍ വമ്പന്‍ ഷോട്ട്‌ അടിക്കാന്‍ കഴിയില്ലായിരുന്നു. ബാറ്റിന്റെ അടിയില്‍ തട്ടിയ പന്ത്‌ കവറിലൂടെ ബൌണ്ടറിയിലേയ്ക്ക് പായുന്നു. ചാടി വീഴുന്ന ദിനേശ്‌ കാര്‍ത്തിക്കിന്‌ തടയാന്‍ സാധിക്കുന്നില്ല..

ഈ ഷോട്ട്‌ മുന്‍കൂട്ടി കണ്ടത് പോലെ ലോംഗ്‌ ഓഫില്‍ നിന്ന്‌ പന്തിനെ ലക്ഷ്യമാക്കി കുതിച്ചു വരുന്ന ഒരു യുവാവ്‌. ക്രിഷ്‌ സിനിമയിലെ ഋതിക്‌ റോഷന്‍ ഓടുന്ന പോലെ സ്ലോ മോഷനില്‍ പുറകില്‍ നിന്നുള്ള ക്യാമറയില്‍ അവന്റെ ജഴ്സി നമ്പര്‍ കാണാം.. 26.. അതിലെഴുതിയിരിക്കുന്ന പേരെന്താണ്‌?? N A N D A N (എന്റെ അത്തിപ്പാറ അമ്മച്ചീ! ഞാനോ??) അതേ ഞാന്‍!!! (ഒന്നു വേഗം ഓട്‌ ചെക്കാ.. പോണ്ടിംഗ്‌ ഇപ്പോ 3 റണ്‍ ഓടിയെടുക്കും! ) ഞാന്‍ കുതിക്കുകയാണ്.. ഓടുന്ന അതേ വേഗതയില്‍ തന്നെ വലം കൈ കൊണ്ട്‌ പന്ത്‌ റാഞ്ചിയെടുത്തു.. നിലത്തു വീണ കാര്‍ത്തിക്‌ എണീറ്റ്‌ വരുന്നതേയുള്ളൂ. ധോണി അലറി വിളിക്കുന്നു.. “കീപ്പര്‍.. കീപ്പര്‍..“ പന്ത്‌ അങ്ങോട്ട്‌ എറിയാനാണ്.. പോണ്ടിംഗ്‌ പിച്ചിന്റെ മധ്യത്തിലെത്തിയിട്ടുണ്ട്.. കാണികളുടെ ആരവം കാതടപ്പിക്കുന്നതാണ്.. ഞാന്‍ ഈ വേഗത്തില്‍ വന്ന്‌ എറിഞ്ഞാല്‍ അത്‌ എണീറ്റു വരുന്ന കാര്‍ത്തിക്കിന്റെ തലയും കൊണ്ടായിരിക്കും പോവുക.. കാണികളേക്കാള്‍ ഉച്ചത്തില്‍ ഞാന്‍ അലറി വിളിച്ചു.. “കാര്‍ത്തീ‍ീ‍ീ‍ീ ഡൌ‍ൗ‍ൗണ്‍“ എന്റെ ത്രോ ഫ്ലാറ്റ് ആയിരിക്കുമെന്ന്‌ മനസ്സിലാക്കിയ കാര്‍ത്തിക് നിലത്ത് കുത്തിയിരിക്കുന്നു.. സകല ശക്തിയും സംഭരിച്ച്‌ ഞാന്‍ പന്ത്‌ വലിച്ചെറിഞ്ഞു..

കമന്ററി ബോക്സില്‍ അലറി വിളിക്കുന്ന ടോണി ഗ്രെഗ്..

“Ohh thats out.. thats out.. rocket of a throw from the young man.. ponting is gone for sure.. india have won the match.."

സകല ശക്തിയും സംഭരിച്ച് ഞാനെറിഞ്ഞ പന്ത് മിസൈല്‍ പോലെ പായുന്നു.. ഓഫ്‌ സ്റ്റമ്പ്‌ രണ്ട്‌ കഷ്ണം! (എന്തൊരുന്നം എന്റമ്മച്ചീ‍ീ‍ീ..) പോണ്ടിംഗ്‌ ഔട്ട്! ഇന്ത്യ ജയിച്ചൂ ഇന്ത്യ ജയിച്ചൂ..

അടുത്ത തവണത്തെ സ്പോര്‍ട്സ് സ്റ്റാര്‍ മാസികയില്‍ എന്റെ ചിത്രമുണ്ട്‌.. സെന്റര്‍ സ്പ്രെഡ്‌ ആയിട്ട്‌.. പോണ്ടിംഗിനെ ഔട്ട് ആക്കിയതിന്റെ ആഹ്ലാദത്തില്‍ മുഷ്ടി ചുരുട്ടി നില്‍ക്കുന്നു.. (എന്തൊരു ഗ്ലാമര്‍!)

ക്യാമറ വട്ടം ചുറ്റിപ്പറക്കുന്നു.. ഇരുണ്ട ഭൂഖണ്ഡത്തില്‍ നിന്ന്‌ നേരെ യൂറോപ്പിലേയ്ക്ക്‌.. ഡര്‍ബനിലെ ഇരുപതിനായിരത്തോളം വരുന്ന കാണികളുടെ കരഘോഷങ്ങള്‍ പിന്നില്‍.. ഇപ്പോള്‍ ഞാന്‍ ഓള്‍ഡ്‌ ട്രാഫോര്‍ഡിലാണ്.. ലോകത്തിലേയ്ക്കും പ്രശസ്തമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ ഫുട്‌ബോള്‍ ക്ലബ്ബിന്റെ സ്റ്റേഡിയത്തിനുള്ളില്‍.. എഴുപത്താറായിരം കാണികള്‍ ഇരിക്കുന്ന മനോഹരമായ ഓള്‍ഡ്‌ ട്രാഫോര്‍ഡ്‌.. ഇവിടുത്തെ കാണികളുണ്ടാക്കുന്ന ശബ്ദത്തിനു മുന്നില്‍ ഡര്‍ബന്‍ എത്രയോ നിസാരം.. ചെല്‍‌സിയുമായുള്ള ഹോം മാച്ചില്‍ യുണൈറ്റഡ്‌ രണ്ടു ഗോളിനു പിന്നില്‍.. 1 - 3 ആണ് ഇപ്പോഴത്തെ സ്കോര്‍.. കളി 72 - )o മിനിറ്റിലെത്തിയിരിക്കുന്നു.. കളിക്കാര്‍ക്കും മാനേജര്‍ക്കും വേണ്ടിയുള്ള ചുവപ്പ് തുകല്‍ പൊതിഞ്ഞ ഇരിപ്പിടങ്ങള്‍.. “ഓഡി” കാറിന്റെ എംബ്ലമായി നാലു വളയങ്ങള്‍ അതില്‍ കാണാം.. തന്റെ ഇരിപ്പിടത്തില്‍ നിന്നെണീറ്റ് നില്‍ക്കുന്ന മാനേജര്‍ സര്‍ അലക്സിന്റെ മുഖത്ത്‌ അല്പം പരിഭ്രാന്തി കാണാം..

മുയല്‍ക്കുട്ടിയെപ്പോലെ കുതിക്കുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോ.. ആഷ്‌ലി കോളിന്റെ ഫൌള്‍.. വേദന കൊണ്ട് നിലത്തു കിടന്നുരുളുന്ന റോണി.. സബ്‌സ്റ്റിറ്റ്യൂഷനു വേണ്ടി സഹകളിക്കാരന്‍ ഓവന്‍ ഹാര്‍ഗ്രീവ്സ്‌ ആംഗ്യം കാണിക്കുന്നുണ്ട്. ഫോര്‍ത്ത് ഒഫീഷ്യലിന്റെ ഇലക്ട്രോണിക്‌ ഡിസ്‌പ്ലേ ബോര്‍ഡില്‍ അക്കങ്ങള്‍ തെളിയുന്നു.. 7 - - 26.. 26 - )o നമ്പര്‍ ജഴ്സിയണിഞ്ഞ് ഫീല്‍ഡിലിറങ്ങാന്‍ വാം അപ് ചെയ്യുന്ന യുവാവ്.. (ദേ....... അതും ഞാന്‍!!!!!! എനിക്ക് വയ്യ!!!) സ്ട്രെച്ചറില്‍ പുറത്തേയ്ക്ക്‌ എടുത്തു കൊണ്ടു വരുന്ന റോണിക്ക് കൈ കൊടുത്ത് ഗ്രൌണ്ടിലേയ്ക്ക് ഓടി ഇറങ്ങുന്നു.. ഓവന്‍ ഹാര്‍ഗ്രീവ്സിനോട്‌ ഡിഫന്‍സീവ് മിഡ്‌ഫീല്‍ഡീലേയ്ക്ക് ഇറങ്ങിക്കളിക്കാന്‍ സര്‍ അലക്സിന്റെ നിര്‍ദ്ദേശം കൈമാറി ഞാന്‍ അറ്റാക്കിംഗ്‌ മിഡ്‌ഫീല്‍ഡ്‌ പൊസിഷനില്‍.. ഞങ്ങള്‍ ടീമംഗങ്ങള്‍ “ഗിഗ്സി” എന്ന ഓമനപ്പേരില്‍ വിളിക്കുന്ന റയാന്‍ ഗിഗ്സ്‌ ഇടതു വിംഗില്‍ പന്തുമായി മുന്നേറുകയാണ്‌ ഇടയ്ക്ക് കിട്ടിയ ഓപ്പണിംഗില്‍ വലതു വിംഗിലൂടെ ഞാന്‍ മുന്നേറുന്നു. ഇതു കണ്ടിട്ട്‌ പന്തിനു വേണ്ടി ഗിഗ്സിയെ വിളിക്കുന്ന “പോളി“ (പോള്‍ ഷോള്‍സ്‌).. നിമിഷ നേരം കൊണ്ട് പന്ത് പോളിയുടെ കാലില്‍.. തലയുയര്‍ത്തി എന്റെ സ്ഥാനം കൃത്യമായി കണ്ട് പറപ്പിച്ചു വിടുന്ന ഒരു ഏരിയല്‍ പാസ്. ചാടിയുയര്‍ന്ന് പന്ത്‌ വലതുകാലിലെടുക്കുന്ന ഞാന്‍.. ആഷ്‌ലി കോള്‍ തൊട്ടു മുന്നില്‍.. ഒരു പാഡില്‍ സ്റ്റെപ്‌ ഓവര്‍.. കോളിന്റെ ബാലന്‍സ് തെറ്റുന്നു. കിട്ടിയ തക്കത്തിനു ഞാന്‍ പെനാല്‍റ്റി ബോക്സിലേയ്ക്ക് പന്തുമായി കുതിക്കുന്നു. ജോണ്‍ ടെറിയുടെ കരുത്തുറ്റ ശരീരം എനിക്ക് മറതീര്‍ക്കുന്നു.. വലതു കാല്‍ പന്തിനു മുകളില്‍ വെറുതേയൊന്ന്‌ ചുറ്റി ഇടം കാലിന്റെ അറ്റത്തില്‍ ഷൂട്ടിംഗ് പൊസിഷനിലാക്കുന്ന ഞാന്‍.. സമയം പാഴാക്കാതെ പായിക്കുന്ന ഷോട്ട്.. മഴവില്ലു പോലെ ചെല്‍‌സിയുടെ ഗോള്‍ വലയിലേയ്ക്ക് വളഞ്ഞിറങ്ങിയ പന്ത്...

ഓള്‍ഡ്‌ ട്രാഫോര്‍ഡ്‌ കാണികളുടെ ആരവത്തില്‍ പൊട്ടിത്തെറിക്കുന്നു.. ആരോ കഴുത്തിനു പിടിച്ചു ഞെക്കിയതു പോലെ കമന്ററി പറയുന്ന സ്കൈ സ്പോര്‍ട്സ് കമന്റേറ്റര്‍ ആന്‍ഡി ഗ്രേ...

“Maaagic... absolute magic... that's a stunning stunning goal from united.. what play making from gigs and scholes.. united are back in it.. the devils are back.. the lad from INDIA has done it for them.. absolute genious of a goal...."

“നന്ദേട്ടാ, വൈറ്റിലയെത്തി...” അടുത്തിരിക്കുന്ന അരവിന്ദ്‌ എന്നെ തട്ടിയുണര്‍ത്തി.. (ഇവനു വല്ല കാര്യവുമുണ്ടോ!! ഇനിയും കളി 10 മിനിറ്റ് ബാക്കി കിടക്കുന്നു.. യുണൈറ്റഡ്‌ ഒരു ഗോളിനു പുറകിലാടാ ഊവ്വേ.. യെവന് അതിന്റെ സങ്കടം വല്ലതും മനസ്സിലാകുമോ.. ചുവപ്പ്‌ കാര്‍ഡ് കാണിച്ച റഫറിയെ നോക്കുന്ന പോലെ രൂക്ഷമായിട്ട് ഞാനവനെ നോക്കി).

ഹും.. എന്തൊരു നല്ല സ്വപ്നമായിരുന്നു.. എല്ലാം കളഞ്ഞില്ലേ.. രാവിലെ 6.50 ന് ആലപ്പുഴയില്‍ നിന്നും പുറപ്പെടുന്ന കോതമംഗലം ടൌണ്‍ റ്റു ടൌണ്‍ ബസില്‍ കേറിയിരുന്നാല്‍ ഇങ്ങനെ പല സ്വപ്നങ്ങളും കാണാം.. എന്നിട്ട് എണീക്കുമ്പോള്‍ ദക്ഷിണാമൂര്‍ത്തി സ്വാമിയെയും ദാസേട്ടനെയും ഓര്‍ത്ത് ഒരു ഗാനം മൂളാം..

“സ്വപ്നങ്ങള്‍.. സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികളല്ലോ...” :)

ഇനി അല്പം കാര്യം..

എന്താണ് ഈ 26 - )o നമ്പര്‍ ജഴ്സി എന്നല്ലേ.. 26 ഈയുള്ളവന്റെ ജന്മദിനമാകുന്നു.. :)

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് - ലോകത്തിലെ ഏറ്റവും പ്രശസ്തിയും പണവുമുള്ള ഫുട്ബോള്‍ ക്ലബ്ബ്‌.. ആംഗലേയത്തില്‍ പറഞ്ഞാല്‍ “ഡിഗ്നിഫൈഡ് ആന്‍ഡ് ഡെഡിക്കേറ്റഡ് ഇംഗ്ലീഷ്‌ ഫുട്ബോള്‍” കളിക്കുന്ന ക്ലബ്ബുകളിലൊന്ന്‌.. എന്തു കൊണ്ട് യുണൈറ്റഡിനോട്‌ ഇത്രയും പ്രിയം എന്ന്‌ പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്.. തികച്ചും സാധാരണമായ ഒരു ഉത്തരമാണ് അതിനുള്ളത്.. “ഞാന്‍ ഫുട്ബോള്‍ കളിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ കേട്ടിട്ടുള്ള ഒരേയൊരു ക്ലബ്ബ് ടീമേയുള്ളൂ.. അത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആകുന്നു..“ :) ഇന്ത്യയുടെ ഫുട്ബോളിനെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല.. ഒരിക്കല്‍ യുണൈറ്റഡ് കളിക്കുന്നത് പോലെ ഇന്ത്യയും കളിക്കാന്‍ തുടങ്ങും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.. പ്രാര്‍ത്ഥിക്കുന്നു..

20 -20 വേള്‍ഡ് കപ് വരുന്നു.. ഇന്ത്യ ജയിക്കുമോ എന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍ ഞാന്‍ ഉറച്ച ശബ്ദത്തോടെ പറയും.. ജയിക്കും.. ഇന്ത്യയേ ജയിക്കൂ.. മറിച്ചു ഞാനിതുവരെ പറഞ്ഞിട്ടില്ല.. ഇനിയൊരിക്കലും പറയുകയുമില്ല.. ടി വി കണ്ട് പൊട്ടത്തരം വലിച്ചു വാരി എഴുത്തുന്ന മനോരമ റിപ്പോര്‍ട്ടര്‍ ജയന്‍ മേനോനും നീരു ഭാട്യയ്കൂം ഒരിക്കലെങ്കിലും ഇതിന്റെ സ്പിരിറ്റ് മനസ്സിലാകും എന്ന്‌ എനിക്ക് തോന്നിയിട്ടില്ല.. അവര്‍ക്ക് തോന്നണമെന്ന് എനിക്കൊരു നിര്‍ബന്ധവുമില്ല.. കാരണം അവരുടെ റിപ്പോര്‍ട് വായിച്ചിട്ടല്ല ഞാന്‍ ക്രിക്കറ്റ് മനസ്സിലാക്കുന്നത്.. അവര്‍ എഴുതി തുടങ്ങുന്നതിനു മുന്നേ തന്നെ ഞാന്‍ കാണാന്‍ തുടങ്ങിയതാണ് സച്ചിന്റെയും ദ്രാവിഡിന്റെയും ദാദയുടെയും കളികള്‍.. ഇന്ത്യയുടെ കളികള്‍.. വിക്കറ്റ് പോകാതിരിക്കാന്‍ ഇരിക്കുന്ന സീറ്റില്‍ നിന്ന്‌ എണീക്കാതെ കളി കാണുന്ന, ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉള്ള അന്ധവിശ്വാസം എനിക്കുമുണ്ട്‌.. ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ ഞാനും എണീക്കില്ല.. ഞാനതു ചെയ്യുന്നത് എന്തിന്റെ പുറത്തായാലും അത് എന്റെ ടീമിനു വേണ്ടിയാണ്.. അതിനിയും തുടരും.. എത്ര പൊട്ടക്കളി കളിച്ചാലും ഇന്ത്യ തോല്‍ക്കുമെന്ന്‌ ഞാന്‍ മുന്‍‌വിധി പറയില്ല.. അപ്പോഴും.. ഇപ്പോഴും.. എപ്പോഴും.... :)

20-20 വേള്‍ഡ് കപ് ഇന്ത്യ നേടും..

ഓയേ യുവീ‍ീ‍ീ‍ീ.... ചക് ദേ ഫട്ടേ...

8 comments:

നന്ദന്‍ said...

സ്ഥലം ഡര്‍ബന്‍.. 20 - 20 ലോക കപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ നടക്കുന്നു.. ഇന്ത്യയും ഓസ്ട്രേലിയയും കളിക്കുന്നു. അവസാന പന്തില്‍ ജയിക്കാന്‍ ഓസീസിനു മൂന്നു റണ്‍സ്‌ വേണം. പന്തെറിയുന്നത്‌ ശ്രീശാന്ത്.. നേരിടുന്നത് പോണ്ടിംഗ്‌.. റണ്ണപ്പ്‌ എടുത്ത് കുതിച്ചു വരുന്ന ശ്രീ.. പന്ത്‌ അടിച്ചു ഗ്രൌണ്ടിനു വെളിയില്‍ കളയാന്‍ തയ്യാറായി പോണ്ടിംഗ്‌..

ഒരു 20 - 20 സ്വപ്നം..

Haree | ഹരീ said...

26-ന്നു പറയുമ്പോള്‍ ഏത് മാ‍സത്തിലെ ഇരുപത്തിയാറ്‌? സെപ്റ്റംബര്‍ തന്നെയോ? കൊള്ളാം. :)

സ്വപ്നമെങ്കിലും കുറച്ച് ഓവറാക്കാതെ കാണടേ... :P
--

ഷിബു നായര്‍ said...

സെപ്‌റ്റംബര്‍ ഇരുപത്തിയാറോ അതോ ഈ മാസം 26 തികയുമെന്നോ?
അതിരാവിലെ കാണുന്ന സ്വപ്‌നം ഫലിക്കുംന്നാ..

Balu..,..ബാലു said...

ഹിപ് ഹിപ് ഹുറേ!
ഹിപ് ഹിപ് ഹുറേ!
ഹിപ് ഹിപ് ഹുറേ!

കപ്പ് നമുക്ക് തന്നെ.. എന്താ സംശയം??

26 വയസുള്ള കിളവനായി.. എന്നിട്ടും ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കൊതി.. ആ സ്വപ്നങ്ങളൊക്കെ മായ്ച്ച് കളഞ്ഞേക്ക്..

:)

മണി said...

നന്ദാ,കലക്കി! സ്വപ്നം കാണുന്വോള്‍ എതുപോലെ കാണണം,എന്തിനാ കുറക്കുന്നെ.‍

ശ്രീ said...

നന്ദന്‍‌...
“ഇന്ത്യ ജയിക്കുമോ എന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍ ഞാന്‍ ഉറച്ച ശബ്ദത്തോടെ പറയും.. ജയിക്കും.. ഇന്ത്യയേ ജയിക്കൂ.. മറിച്ചു ഞാനിതുവരെ പറഞ്ഞിട്ടില്ല.. ഇനിയൊരിക്കലും പറയുകയുമില്ല...”
ഞാനും!!!
ഇതു പോലുള്ള രാജ്യ സ്നേഹികളെയാണ് നമുക്കാവശ്യം.

നന്ദന്‍ said...

ഹരീ, നന്ദി.. "ഏത്ര മനോഹരമായ നടക്കാത്ത സ്വപ്നം" അല്ലേ!

ഷിബു മാഷേ, നന്ദി. ഈ മാസം തന്നെ..

മണീ, അതാണ്‌.. എന്തിനാ കുറയ്ക്കുന്നത്‌.. :D

ശ്രീ, നന്ദി..

Robinsonbaby said...

Nannayittundu nandan... Nalla rasamundu vaayikkan.. Ninte Ella swopnangalum poovaniyatte ennashamsikkunnu... :)