26 August 2007

കുട്ടനാടന്‍ പുഞ്ചയിലെ..

കുട്ടനാട്ടില്‍ ഓണത്തിന്റെ ഓളം തുടങ്ങുന്നത്‌ നെഹ്രു ട്രോഫി വള്ളം കളിയോടെയാണെന്നാണ് എനിക്ക്‌ തോന്നിയിട്ടുള്ളത്‌. കുട്ടിക്കാലത്ത്‌ വള്ളം കളി കാണാന്‍ മാമ്മന്മാരോടൊത്ത്‌ ബോട്ടിലാണ് ഞങ്ങള്‍ പോവാറുള്ളത്‌.. മാമ്മന്മാരുടെ സുഹൃത്തുക്കളും ഞങ്ങള്‍ കുറെ കുട്ടികളും ഒക്കെയായിട്ട്‌ ആകെ ബഹളം വെച്ചാണ് ആ പോക്ക്‌. ചേച്ചിമാരും ഞാനും ബോട്ടിന്റെ മുകളില്‍ കുടയും പിടിച്ച്‌ അങ്ങനെ ഇരിക്കും.. വല്ല്യമ ഉണ്ടാക്കി തന്നു വിടുന്ന കപ്പയും മീനും ഒക്കെ കാണും ഭക്ഷണമായി.. :) പക്ഷേ, പുന്നമടയില്‍ എത്തുമ്പോഴാണ് കുഴപ്പം! മത്സരത്തിന്റെ ശബ്ദരേഖ മാത്രമേ ഞങ്ങള്‍ പിള്ളേര്‍ക്ക് കേള്‍ക്കാന്‍ പറ്റൂ! ആര്‍പ്പുവിളിയും ബഹളവുമായി മുതിര്‍ന്നവരെല്ലാം ബോട്ടിന്റെ മുകളിലെത്തിയിരിക്കും. ഇവരുടെ ചാട്ടവും തുള്ളലുമൊക്കെയായി ബോട്ട് കിടന്ന്‌ ഇളകുമ്പോള്‍ ഞങ്ങള്‍ പിള്ളേര്‍ വെള്ളത്തില്‍ പോയാലോ എന്ന്‌ കരുതി എല്ലാത്തിനെയും താഴെ ഇറക്കും.. :) മുകളില്‍ നില്‍ക്കുന്ന ഏതാണ്ട് എല്ലാവരും നല്ല “ബോധ“ത്തില്‍ ആയതുകൊണ്ട് ആരെങ്കിലുമൊക്കെ വെള്ളത്തില്‍ വീഴും എന്നതും ഉറപ്പാണ്.. പക്ഷേ ബോട്ടുകള്‍ തിങ്ങി നിറഞ്ഞു കിടക്കുന്നത് കൊണ്ട് സ്വന്തം ബോട്ടിലെ ആള്‍ക്കാര്‍ കണ്ടില്ലെങ്കിലും അടുത്ത ബോട്ടിലെ ആള്‍ക്കാര്‍ പിടിച്ചു കയറ്റിക്കോളും.. :)

വള്ളംകളി കാണാന്‍ ബോട്ടില്‍ കയറിപ്പോക്ക്‌ ഒക്കെ നിന്നിട്ട് വളരെ നാളായി. വള്ളംകളി നേരിട്ട് കണ്ടിട്ട് ഏതാണ്ട്‌ 16 വര്‍ഷത്തോളം.. :) ഇത്തവണയും വള്ളംകളി നടന്നു.. പോകാന്‍ കഴിഞ്ഞില്ല.. ബഹളങ്ങള്‍ക്കിടയില്‍ പോവാനുള്ള എന്റെയൊരു വിമുഖതയും കാരണമാണ്.. ഇത്തവണത്തെ നെഹ്രുട്രോഫിയെക്കുറിച്ച്‌ ഹരീ എഴുതിയത് ഇവിടെ എല്ലാവരും വായിച്ചു കാണുമല്ലോ.. :)

എല്ലാ മലയാളികളും ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാവും വഞ്ചിപാട്ട് എന്ന്‌.. “കുട്ടനാടന്‍ പുഞ്ചയിലെ...” ഇത് ഒരിക്കലെങ്കിലും മൂളാത്ത ഒരു കുട്ടനാട്ടുകാരനും ഉണ്ടാവില്ല.. വളരെയധികം തിരഞ്ഞെങ്കിലും ഈ പാട്ടിന്റെ വരികള്‍ ഇന്റര്‍നെറ്റില്‍ കണ്ടില്ല.. ഒടുവില്‍ കിട്ടി.. അതു പക്ഷേ മംഗ്ലീഷിലായിരുന്നു.. ഞാനത് മലയാളത്തില്‍ തന്നെ ബൂലോകത്തിന് സമര്‍പ്പിക്കുന്നു.. ആര്‍ക്കെങ്കിലും പ്രയോജനപെട്ടു എന്നറിഞ്ഞാല്‍ സന്തോഷം.. (എനിക്ക് മുന്‍പേ ആരെങ്കിലും പോസ്റ്റിയിട്ടുണ്ടെങ്കില്‍ ഒന്നു ശ്രദ്ധയില്‍ പെടുത്തണേ.. നിരുപാധികം ഈ പോസ്റ്റ് പിന്‍‌വലിക്കുന്നതായിരിക്കും..)

നമുക്കേവര്‍ക്കും പ്രിയങ്കരനായ വയലാറിന്റെ വരികളാണിത്.. കാവാലം ചുണ്ടന്‍ എന്ന ചിത്രത്തിലേതാണ് എന്ന് അച്ഛന്‍ പറയുന്നു..
ആര്‍ക്കെങ്കിലുമൊക്കെ പ്രയോജനപ്പെടുമെന്ന്‌ കരുതട്ടെ..

അപ്പോ തുടങ്ങാം ല്ലേ.. :)

കുട്ടനാടന്‍ പുഞ്ചയിലെ
തെയ് തെയ് തക തെയ് തെയ് തോം
കൊച്ചുപെണ്ണേ കുയിലാളേ
തിത്തിത്താരാ തിത്തിത്തൈ
കൊട്ടു വേണം കുഴല്‍ വേണം കുരവ വേണം
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

വരവേല്‍ക്കാനാളു വേണം
കൊടിതോരണങ്ങള്‍ വേണം
വിജയശ്രീലാളിതരായ് വരുന്നു ഞങ്ങള്‍
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

കറുത്തചിറകു വെച്ച്
തെയ് തെയ് തക തെയ് തെയ് തോം
അരയന്നക്കിളി പോലെ
തിത്തിത്താരാ തിത്തിത്തൈ
കുതിച്ചു കുതിച്ചു പായും കുതിര പോലെ
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

തോല്‍‌വിയെന്തന്നറിയാത്ത
തല താഴ്ത്താനറിയാത്ത
കാവാലം ചുണ്ടനിതാ ജയിച്ചു വന്നേ
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

കുട്ടനാടന്‍ പുഞ്ചയിലെ
കൊച്ചുപെണ്ണേ കുയിലാളേ
കൊട്ടു വേണം കുഴല്‍ വേണം കുരവ വേണം
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

പമ്പയിലെ പൊന്നോളങ്ങള്‍
തെയ് തെയ് തക തെയ് തെയ് തോം
ഓടി വന്നു പുണരുന്നു
തിത്തിത്താരാ തിത്തിത്തൈ
തങ്കവെയില്‍ നെറ്റിയിന്മേല്‍ പൊട്ടു കുത്തുന്നൂ
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

തെങ്ങോലകള്‍ പൊന്നോലകള്‍
മാടി മാടി വിളിക്കുന്നു
തെന്നല്‍ വന്ന് വെഞ്ചാമരം വീശിത്തരുന്നു
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

കുട്ടനാടന്‍ പുഞ്ചയിലെ
കൊച്ചുപെണ്ണേ കുയിലാളേ
കൊട്ടു വേണം കുഴല്‍ വേണം കുരവ വേണം
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

ചമ്പക്കുളം പള്ളിക്കോരു
തെയ് തെയ് തക തെയ് തെയ് തോം
വള്ളം കളി പെരുന്നാള്
തിത്തിത്താരാ തിത്തിത്തൈ
അമ്പലപ്പുഴയിലൊരു കുത്തു വിളക്ക്‌
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

കരുമാടിക്കുട്ടനിന്ന്
പനിനീര്‍ക്കാവടിയാട്ടം
കാവിലമ്മയ്ക്കിന്നു രാത്രി ഗരുഡന്‍ തൂക്കം
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

കുട്ടനാടന്‍ പുഞ്ചയിലെ
കൊച്ചുപെണ്ണേ കുയിലാളേ
കൊട്ടു വേണം കുഴല്‍ വേണം കുരവ വേണം
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

വരവേല്‍ക്കാനാളു വേണം
കൊടിതോരണങ്ങള്‍ വേണം
വിജയശ്രീലാളിതരായ് വരുന്നു ഞങ്ങള്‍
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

എല്ലാ ബൂലോകവാസികള്‍ക്കും ഓണാശംസകള്‍ .. ഒരു കൈക്കുമ്പിള്‍ നിറയെ ചെമ്പകപ്പൂക്കളോടെ.. :)

8 comments:

നന്ദന്‍ said...

“കുട്ടനാടന്‍ പുഞ്ചയിലെ...” ഇത് ഒരിക്കലെങ്കിലും മൂളാത്ത ഒരു കുട്ടനാട്ടുകാരനും ഉണ്ടാവില്ല..

നമുക്കേവര്‍ക്കും പ്രിയങ്കരനായ വയലാറിന്റെ വരികളാണിത്.. കാവാലം ചുണ്ടന്‍ എന്ന ചിത്രത്തിലേതാണ് എന്ന് അച്ഛന്‍ പറയുന്നു..
ആര്‍ക്കെങ്കിലുമൊക്കെ പ്രയോജനപ്പെടുമെന്ന്‌ കരുതട്ടെ..

എല്ലാ ബൂലോകവാസികള്‍ക്കും ഓണാശംസകള്‍ .. ഒരു കൈക്കുമ്പിള്‍ നിറയെ ചെമ്പകപ്പൂക്കളോടെ.. :)

AJEESH K P said...

നന്നായി നന്ദാ.. തീര്‍ച്ചയായും ഉപകാരപ്പെടും..

Haree said...

ആഹ, ഇതൊരു ആഘോഷമാക്കിയല്ലോ...
എങ്കില്‍ പിന്നെ നീലാംബരന്സ് രണ്ടാളും കൂടിയൊന്നു ചൊല്ലി, റിക്കാര്‍ഡ് ചെയ്തതൂടെ ഇവിടെ ഇട്ടൂടായിരുന്നുവോ? :)

ഓണാശംസകളോടെ...
ഹരീ
--

Vish..| ആലപ്പുഴക്കാരന്‍ said...

Nannaayi aliyaa..! nannaayi.. ..
kuttanadan punchayile.. kochu penne kuyilaale..

Sorry for the mangalish..! alappuzhayile webcityil irunnu thiruvona naalil ezhuthendi vannathinaala.. :D

Vish..| ആലപ്പുഴക്കാരന്‍ said...

Phew marannu.. Onashamsakal.. :D

മയൂര said...

ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

ഓണാശംസകള്‍........

നന്ദന്‍ said...

അജീഷ്, നന്ദി..

ഹരീ, ഇത് പാടാന്‍ നോര്‍മ്മല്‍ എനര്‍ജി പോരാ.. ഉള്ളിലേയ്ക്ക് അല്പം തീ വല്ലതും ചെല്ലണം.. അതു നമുക്ക് പറ്റാത്തത് കൊണ്ടാണ് ആ സാഹസത്തിനു മുതിരാതിരുന്നത്..

വിഷ്, നന്ദി.. ഇളമൊഴി ഉപയോഗിയ്ക്കൂ മാഷേ.. :)

ഡോണ ചേച്ചി, നന്ദി..

PathFinder said...

ഒത്തിരി നന്ദി