23 November 2007

കൊറിവര്‍ സായിപ്പ്‌

പതിനാറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു ക്രിസ്ത്‌മസ്‌ അവധിക്കാലം.. ഞാനന്ന്‌ നാലാം ക്ലാസ്സില്‍ പഠിക്കുന്നു. ക്രിസ്ത്‌മസിന്റെ അവധി ആഘോഷിക്കാന്‍ ഞങ്ങള്‍ കുടുംബ സമേതം നാഗ്‌പൂരിലുള്ള ചിറ്റയുടെ അടുത്ത്‌ പോയി.. അവിടെ നിന്ന്‌ തിരിച്ചു വരുന്ന വഴിയാണ് സംഭവം..

ന്യൂഡല്‍ഹി മദ്രാസ്‌ ഗ്രാന്‍ഡ് ട്രങ്ക്‌ എക്സ്പ്രസ്‌ നാഗ്‌പൂരിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും പതിയെ യാത്ര തുടരുന്നു. ഞങ്ങളുടെ ഫസ്റ്റ്ക്ലാസ്‌ കൂപ്പയില്‍ അഛനും അമ്മയും ഞാനും അനിയനും മാത്രം. ജനലിനടുത്തുള്ള സീറ്റ് കിട്ടിയത് കൊണ്ട് ഞങ്ങള്‍ക്ക് സന്തോഷം. കാഴ്ചയും കണ്ട്‌ അങ്ങിനെ യാത്ര തുടരുന്നു.

ട്രെയിന്‍ കുറച്ച്‌ സമയം ഓടിക്കഴിഞ്ഞപ്പോഴാണ് കൂപ്പയുടെ വാതിലില്‍ ആരോ തട്ടിയത്‌. റ്റി റ്റി ആയിരിക്കും എന്നും പറഞ്ഞ്‌ അച്ഛന്‍ എഴുനേറ്റ്‌ വാതില്‍ തുറന്നു. അവിടെ ചിരിച്ചു കൊണ്ട്‌ ഒരു സായിപ്പ്‌! മെലിഞ്ഞ്‌ നല്ല ഉയരവുമുണ്ടായിരുന്ന അയാള്‍ക്ക്‌ കൂപ്പയിലേയ്ക്ക്‌ കയറാന്‍ തല കുനിക്കേണ്ടതുണ്ടായിരുന്നു. ഞങ്ങളുടെ കൂപ്പയില്‍ ഒഴിവുള്ളത്‌ കൊണ്ട് റ്റി റ്റി യുടെ സ്പെഷ്യല്‍ അനുമതി വാങ്ങി എത്തിയതാണ് പുള്ളി. വിന്‍ഡോ സീറ്റ്‌ ആയിരുന്നു റ്റി റ്റി അനുവദിച്ചിരുന്നതെങ്കിലും കാഴ്ച കണ്ട് രസിച്ചിരിക്കുന്ന എന്നെയും അനിയനെയും നിരാശപ്പെടുത്തേണ്ട എന്നു കരുതിയാവണം അയാള്‍ അച്ഛന്റെയൊപ്പം ഇരുന്നു.

അച്ഛനോട്‌ സംസാരിച്ചുകൊണ്ടിരിക്കുന്ന സായിപ്പിനെ നിരീക്ഷിക്കുകയായിരുന്നു ഞാന്‍. ആദ്യമായിട്ടാണ് ഒരു സായിപ്പിനെ ഇത്രേം അടുത്ത്‌ കാണുന്നത്. ഗവണ്മെന്റ് സിലബസില്‍ നാലാം ക്ലാസ്സിലാണ് ഇംഗ്ലീഷ് പഠിപ്പിച്ചു തുടങ്ങുക. അതുകൊണ്ട് തന്നെ സായിപ്പും അച്ഛനും സംസാരിക്കുന്നതൊന്നും എനിക്ക്‌ മനസ്സിലാവുന്നുമില്ല. നന്നായിട്ട് വെട്ടിയൊതുക്കിയ ഒരു താടിയുണ്ടായിരുന്നതാണ് സായിപ്പിനെ ഞാന്‍ അത്രയും ശ്രദ്ധിക്കാന്‍ കാരണം. പത്രങ്ങളിലും മറ്റും കാണുന്ന എല്ലാ സായിപ്പന്മാരും ക്ലീന്‍ ഷേവ് ചെയ്ത്‌ നല്ല കുട്ടപ്പന്മാരായിട്ടല്ലേ നില്‍ക്കുന്നത്‌.. കൊറിവര്‍ എന്നാണ് അദ്ദേഹത്തിന്റെ പേര് എന്ന്‌ അച്ഛനെന്നോട്‌ പറഞ്ഞു..

അങ്ങിനെ ഞങ്ങളുടെ യാത്ര തുടരുകയായിരുന്നു. വൈകുന്നേരം ചായ വാങ്ങിയപ്പോള്‍ ചിറ്റ ഉണ്ടാക്കി തന്നു വിട്ട ഉണ്ണിയപ്പവും അമ്മ എടുത്ത്‌ തന്നു. കൌതുകത്തോടെ നോക്കിയിരിക്കുന്ന സായിപ്പിനും അമ്മ ഒരെണ്ണം നീട്ടി. ചെറുചിരിയോടെ “വാട്ടീസ് ദിസ്??” എന്ന ചോദ്യത്തോടെ അദ്ദേഹം അത്‌ വാങ്ങി. അമ്മ പറഞ്ഞു.. “ഉണ്ണിയപ്പം”..

“ഉന്നിയപ്പം.. നൈസ് നൈസ്..” സായിപ്പ് അസ്വദിച്ച് കഴിക്കാന്‍ തുടങ്ങി..

അച്ഛന്‍ കുറച്ചുകൂടി ലളിതമായി പറഞ്ഞു.. “ഉണ്ണി മീന്‍സ് സ്മോള്‍.. സ്മോള്‍ അപ്പം”

സായിപ്പ് ചിരിച്ചു കൊണ്ട് അതാവര്‍ത്തിച്ചു.. അദ്ദേഹം അതു കഴിച്ചുകഴിഞ്ഞു എന്ന്‌ കണ്ട് അമ്മ ഒരെണ്ണം കൂടി നീട്ടി.. സന്തോഷത്തോടെ അതും വാങ്ങി കഴിച്ച് സായിപ്പ് ചിരിച്ചു..

അതിനു ശേഷം അച്ഛനോട് ഇന്ത്യയില്‍ എവിടെ എന്തു ചെയ്യുന്നു എന്നൊക്കെ ചോദിച്ചു.. അച്ഛന്‍ മറുപടിയും കൊടുത്തു.. അപ്പോള്‍ സായിപ്പിന് ഞങ്ങളുടെ വിലാസം വേണം. ഇനി വരുമ്പോള്‍ വന്ന്‌ കാണാനാണ്. വിലാസം എഴുതാന്‍ കടലാസ്‌ തപ്പിയിട്ട് കാണുന്നില്ല. സായിപ്പ് അതിനും വഴിയുണ്ടാക്കി. തന്റെ ബാഗില്‍ കിടന്ന ഒരു ഒഴിഞ്ഞ സിഗരറ്റ് പാക്കറ്റ് കീറി അതിന്റെ മറുപുറത്ത്‌ എഴുതുവാന്‍ പറഞ്ഞ്‌ അച്ഛനു നല്‍കി. അച്ഛന്‍ എഴുതിക്കൊടുക്കുകയും ചെയ്തു..

പിന്നീടും പലതും സംസാരിച്ചിരിക്കുകയും അല്പസമയത്തിനു ശേഷം എല്ലാവരും ഉറങ്ങാന്‍ കിടക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ 7 മണിക്കു മുന്നേ തന്നെ മദ്രാസില്‍ ട്രെയിന്‍ എത്തി. അച്ഛനോട്‌ യാത്ര പറഞ്ഞ്‌ കൊറിവര്‍ സായിപ്പ്‌ പിരിഞ്ഞു..

പതിനാറു വര്‍ഷങ്ങള്‍ക്കിപ്പുറം, 2007 ജനുവരി മാസം.. ഞങ്ങള്‍ പുതിയ വീട്ടിലേയ്ക്ക് താമസം മാറ്റിയിട്ട് കുറച്ചു ദിവസങ്ങളായിട്ടേയുള്ളൂ. ഫോണ്‍ ബെല്ലടിക്കുന്നു. അച്ഛന്‍ പോയി എടുക്കുന്നു. സംസാരത്തില്‍ നിന്ന്‌ മനസ്സിലായി വല്യ മാമ്മന്‍ ആണെന്ന്‌. അച്ഛന്‍ അദ്ഭുതത്തോടെ എന്തൊക്കെയോ ചോദിക്കുന്നു. എന്നിട്ട് ഫോണ്‍ വെച്ചിട്ട് വന്നു.


“എടാ, പണ്ട് നമ്മള്‍ ട്രെയിനില്‍ വെച്ച് കണ്ട ആ സായിപ്പില്ലേ??”

“ഏത്‌, കൊറിവര്‍ സായിപ്പോ??“

“അതു തന്നെ.. അയാള്‍ ദാ‍ പ്രണവത്തില്‍ ഇരിപ്പുണ്ടെന്ന്‌. നമ്മളെ അന്വേഷിച്ച്‌!” (പ്രണവം എന്നത് ഞങ്ങള്‍ മുന്‍പ് താമസിച്ചിരുന്ന വീടാണ്. ഇപ്പോള്‍ വല്യമാമ്മനും കുടുംബവുമാണ് അവിടെ. സായിപ്പിന്റെ കൈയ്യില്‍ ഉള്ളത്‌ അവിടുത്തെ വിലാസമാണ്)

എല്ലാവരും അന്തം വിട്ടിരിക്കുകയാണ്.. അച്ഛന്‍ പറഞ്ഞു “ഞാന്‍ പോയി അയാളെ ഇങ്ങോട്ട് വിളിച്ചു കൊണ്ട് വരാം”


പത്തുമിനിറ്റിനകം അച്ഛന്‍ പോയി സായിപ്പിനെ വിളിച്ചുകൊണ്ടുവന്നു.. പണ്ടത്തേ ആ താടി ഇപ്പോഴും അതേ പോലെ തന്നെയുണ്ട്. ഒരു റ്റീ ഷര്‍ട്ടും 3/4 ബര്‍മുഡയുമാണ് വേഷം. സായിപ്പ് എന്റെ കൈ പിടിച്ചു കുലുക്കി..

“യൂ ഹാവ് ഗ്രോണ്‍ അപ്” ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.. “ഇറ്റ്സ് ബീന്‍ സിക്സ്റ്റീന്‍ ഇയേഴ്സ്” ഞാന്‍ മറുപടി നല്‍കി.. ഞാനെന്തു ചെയ്യുന്നു, അനിയന്‍ എന്തു ചെയ്യുന്നു എന്നൊക്കെ ചോദിച്ചു.. അന്നത്തേതിനു ശേഷം ഇന്ത്യയിലേയ്ക്ക് ഇത് നാലാം വരവാണ് അദ്ദേഹത്തിന്. കേരളത്തിലേയ്ക്ക്‌ രണ്ടാമതും. മുന്‍ വരവില്‍ ഗുരുവായൂര്‍ ഒക്കെ കണ്ട് മടങ്ങി.

സംസാരിച്ചിരിക്കുന്നതിനിടയ്ക്ക് അദ്ദേഹം പഴയ സ്മോള്‍ അപ്പത്തിന്റെ കാര്യം പറഞ്ഞു.. ഹോളണ്ട് സ്വദേശിയാണെന്ന് പറഞ്ഞു.. അറുപതാം വയസ്സിലും കല്ല്യാണം കഴിച്ചിട്ടില്ലായെന്നും, ഭക്ഷണത്തിനുള്ള പച്ചക്കറികളൊക്കെ തന്റെ ബാക് യാര്‍ഡില്‍ കൃഷി ചെയ്യുകയാണെന്നുമൊക്കെ പറഞ്ഞു. ഇന്ത്യയില്‍ വരാന്‍ അദ്ദേഹത്തിനു പ്രത്യേകതാല്പര്യമാണത്രേ.. ആഴ്ചയില്‍ രണ്ടു ദിവസം ഇന്ത്യന്‍ ഭക്ഷണമാണ് ഉണ്ടാക്കുക എന്ന്‌.. ഇഡ്ഡലിയും ദോശയും ഒക്കെ ഇഷ്ടമാണെങ്കിലും ദോശക്കല്ലും ഇഡ്ഡലിക്കുട്ടകവും ഇല്ലാത്തതിനാല്‍ അത് ഉണ്ടാക്കാറില്ല. പക്കാ വെജിറ്റേറിയന്‍..

അച്ഛന്റെ ചേച്ചി അന്ന്‌ വെറുതേ ഒരു പായസം വെച്ചിരുന്നു. ഒരു ഗ്ലാസ്‌ സായിപ്പിനും നല്‍കി. പാലട പായസം.. കുടിച്ചിട്ട് സായിപ്പ്‌ ചോദിച്ചു.. “ഈസ് ദിസ് റ്റപ്പിയോക്ക??” ഞാന്‍ മറുപടി നല്‍കി.. “നോ.. ഇറ്റ്സ് റൈസ് പെല്ലെറ്റ്സ്” (സായിപ്പ്‌ എന്റെ ഉത്തരം കൊണ്ട് തൃപ്തനായത് ഭാഗ്യം!)

അതിനു ശേഷമാണ് ഞങ്ങളെയെല്ലാം അദ്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം അത് പുറത്തെടുത്തത്‌.. എന്റെ അച്ഛന്റെ കൈയ്യക്ഷരം പതിഞ്ഞ ആ പഴയ സിഗരറ്റ് പാക്കറ്റ്‌! പതിനാറ്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു ചുളിവു പോലും പറ്റാതെ അത് അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്നു.. അതിനെപ്പറ്റി പറഞ്ഞപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടിയെന്താണെന്നറിയുമോ??

“ഞാന്‍ ഹോളണ്ടില്‍ ഒരു പോസ്റ്റ്മാന്‍ ആണ്..”

ഇ മെയില്‍ അയയ്ക്കാം എന്നുള്ള എന്റെ വാഗ്ദാനത്തിന് അദ്ദേഹം തന്ന മറുപടി.. “അയാം ന്യൂ റ്റു ദിസ് ഇ മെയില്‍ ആന്‍ഡ് ഇന്റര്‍നെറ്റ്.. സൊ ഇ വോണ്ട് പ്രോമിസ്‌ റ്റു റിപ്ലൈ ഓഫണ്‍.. ബട്ട് ഷുവര്‍ലി ഐ വില്‍ ട്രൈ.. “

പോവാന്‍ നേരം അദ്ദേഹം പുതിയ വിലാസം കുറിച്ചു വാങ്ങി.. ഇനിയൊരിക്കല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ വരാമെന്നും പറഞ്ഞ്‌.. ഇനിയും തിരിച്ചെത്തുമ്പോഴും ആ വിലാസം കുറിച്ച കടലാസ്‌ അദ്ദേഹത്തിന്റെ കൈയ്യിലുണ്ടാവും.. ഒരു ചുളിവ്‌ പോലും വീഴാതെ.. :)

ഒരു മെയില്‍ ഞാന്‍ അയച്ചിരുന്നു അതിനു ശേഷം.. മറുപടി ഇതുവരെ കിട്ടിയിട്ടില്ല.. :)

11 comments:

നന്ദന്‍ said...

പോവാന്‍ നേരം അദ്ദേഹം പുതിയ വിലാസം കുറിച്ചു വാങ്ങി.. ഇനിയൊരിക്കല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ വരാമെന്നും പറഞ്ഞ്‌.. ഇനിയും തിരിച്ചെത്തുമ്പോഴും ആ വിലാസം കുറിച്ച കടലാസ്‌ അദ്ദേഹത്തിന്റെ കൈയ്യിലുണ്ടാവും.. ഒരു ചുളിവ്‌ പോലും വീഴാതെ.. :)

സു | Su said...

:) എനിക്കിത് വായിച്ച് വല്യ സന്തോഷമായി. ഓര്‍ത്ത് വെച്ച് വന്നല്ലോ. വന്നില്ലെങ്കില്‍, അങ്ങനെ ഒരാള്‍ ഓര്‍ക്കുന്നുണ്ടെന്ന് നിങ്ങളൊക്കെ വിചാരിക്കുമായിരുന്നോ? ചിലരെങ്കിലും ഇന്നും ഉണ്ടല്ലോ, സ്നേഹവും, സൌഹൃദവും കാത്തുസൂക്ഷിച്ച്.

ദിലീപ് വിശ്വനാഥ് said...

ഇത്രയും നാളൊക്കെ ഇതു ഓര്‍ത്തവെച്ച അയാള്‍ നല്ല ഒരു മനുഷ്യനാണല്ലോ?

കൊച്ചുത്രേസ്യ said...

സംഭവവും വിവരണവും നന്നായി.. മെയിലൊന്നും ഇപ്പഴും പരിചയമായിട്ടുണ്ടാവില്ല സായിപ്പിന്.അതായിരിക്കും റിപ്ലൈ ചെയ്യാത്തത്‌. അഡ്രസുണ്ടെങ്കില്‍ ഒരു കത്തയച്ചു നോക്കിക്കൂടേ..അദ്ദേഹം ഇപ്പോള്‍ എവിടാണന്നും ഏതവസ്ഥയില്ലാണെന്നുമൊക്കെ അറിയാന്‍ എനിക്കുമൊരാഗ്രഹം :-)

നന്ദന്‍ said...

@ സു, അദ്ദേഹം വരുമെന്ന്‌ ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ആ ട്രെയിന്‍ യാത്രയ്ക്ക് ശേഷം സായിപ്പന്മാരെ കാണുമ്പോ ഞാന്‍ കൊറിവറെ ഓര്‍ക്കാറുണ്ടായിരുന്നു.. വന്നതിനും കമന്റിയതിനും നന്ദി. :)

@ വാല്‍മീകി, തീര്‍ച്ചയായും ആയിരിക്കും.. :)

@ കൊച്ചുത്രേസ്യ, മെയില്‍ താമസിച്ചായാലും വരും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. അഡ്രസ്‌ വാങ്ങിയില്ല.. അന്നത്തെ അന്ധാളിപ്പില്‍ മറന്നു പോയി എന്നതാണ് സത്യം. :)

ശ്രീഹരി::Sreehari said...

വളരെ വ്യത്യസ്തമായ അനുഭവം ആണല്ലോ...

ലളിതമായ ഭാഷയില്‍ എഴുതിയിരിക്കുന്നു...

അഭിനന്ദനങ്ങള്‍

സാജന്‍| SAJAN said...

ബ്യൂട്ടിഫുള്‍ ആയി എഴുതിയിരിക്കുന്നു:)

ധ്വനി | Dhwani said...

ലളിതം സുന്ദരം!
പതിനാറ്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു ചുളിവു പോലും പറ്റാതെ അത് അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്നു..

ചിലപ്പോള്‍ അങ്ങനെയാണു. :)

നന്ദന്‍ said...

@ ശ്രീ, നന്ദി :)

@ സാജന്‍, നന്ദി :)

@ ധ്വനി, നന്ദി :)

ഹരിശ്രീ said...

പോവാന്‍ നേരം അദ്ദേഹം പുതിയ വിലാസം കുറിച്ചു വാങ്ങി.. ഇനിയൊരിക്കല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ വരാമെന്നും പറഞ്ഞ്‌.. ഇനിയും തിരിച്ചെത്തുമ്പോഴും ആ വിലാസം കുറിച്ച കടലാസ്‌ അദ്ദേഹത്തിന്റെ കൈയ്യിലുണ്ടാവും.. ഒരു ചുളിവ്‌ പോലും വീഴാതെ.. :)

ആത്മാര്‍ത്ഥതയുള്ള സൌഹൃദങ്ങള്‍ എന്നും നിലനില്‍ക്കും...

നല്ല വിവരണം. ആശംസകള്‍...

നന്ദന്‍ said...

@ ഹരീശ്രീ, അങ്ങിനെയാവട്ടെ എന്നാണ് പ്രാര്‍ത്ഥന.. നന്ദി :)