17 November 2007

കേരളം “സ്മാര്‍ട്” ആവുന്നു.. നിങ്ങളോ??

എന്തായിരുന്നു ഇന്നലത്തെ മാധ്യമങ്ങളിലെ ബഹളം!! സ്മാര്‍ട് സിറ്റി ശിലാസ്ഥാപനം നടന്നതിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്‌. കൊട്ടിഘോഷിച്ച്‌ ഉദ്ഘാ‍ടനമൊക്കെ നടത്തി. ഇനിയാണ് കേരളം സ്മാര്‍ട് ആണോ അല്ലയോ എന്ന്‌ അറിയേണ്ടത്‌.

നഗരത്തെ സ്മാര്‍ട് സിറ്റിയുമായി ബന്ധിപ്പിക്കുന്ന നാലുവരി പാതയുടെ നിര്‍മ്മാണമാണ് ഏറ്റവും പ്രധാനം. നമ്മുടെ ദേശീയപാതയുടെ നിലവാരം കണ്ടാല്‍ അറിയാം ഇതത്ര എളുപ്പമല്ല എന്ന്‌. ആലപ്പുഴയില്‍ നിന്ന്‌ ചങ്ങനാശ്ശേരി വരെ നല്ല ഒന്നാന്തരം റോഡ് ഉണ്ടാക്കിയിരുന്നു പതി ബെല്‍ എന്ന കമ്പനി. പക്ഷേ അവരുടെ കരാറുകാരന്റെ ജീവന്‍ വില നല്‍കേണ്ടി വന്നു. ഒന്നര കിലോമീറ്റര്‍ പൂര്‍ത്തിയാവാനുണ്ടായിരുന്ന റോഡില്‍ നമ്മുടെ ഗതാഗത വകുപ്പ്‌ ഒന്നു മേഞ്ഞു.. ഫലം മൂന്നിന്റെയന്ന്‌ റോഡ് കട്ടപ്പൊക!! അതിലേ പോയാല്‍ ഫ്രീയായി മാവേലിത്തമ്പുരാനെ കണ്ടു വരാം. കുഴിയൊക്കെ നേരിട്ട്‌ പാതാളത്തിലേയ്ക്കാകുന്നു.. :)

ഇന്നലെ മലയാള മനോരമ മെട്രോ പ്ലസില്‍ കണ്ടിരുന്നു ദുബായ് പോര്‍ട്സ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നു എന്ന്‌. കാരണമെന്താണ്?? നോക്കു കൂലി.. പണിയെടുക്കാ‍തെ തിന്നാനുള്ള യൂണിയനുകളുടെ ആഗ്രഹത്തിന്റെ മൂര്‍ദ്ധന്യം.. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നിടത്തുമുണ്ട് ഇതേ പ്രശ്നം.. ആലപ്പുഴയില്‍ ബി എസ് എന്‍ എല്‍ കേബിള്‍ ഇടുന്നതിനുമുണ്ട്.. ഇതിനെല്ലാം പുറമേ സംഭാവന, മറ്റേത്‌, മറിച്ചേത്‌ എന്നും പറഞ്ഞ്‌ വേറെയും കാശ്‌ വാങ്ങും. സ്വപ്നഭവനം കെട്ടിപ്പൊക്കാന്‍ ശ്രമിക്കുന്ന, അല്ലെങ്കില്‍ ഇതിനോടകം സ്വന്തമായി ഒരു വീട് വെച്ച എല്ലാ മലയാളികള്‍ക്കും പറയാനുണ്ടാവും യൂണിയന്‍ ഇടപെടലിനെക്കുറിച്ച്‌.

അതവിടെ നില്‍ക്കട്ടെ.. കേരളത്തിന്റെ വികസനത്തില്‍ നാഴികക്കല്ലായേക്കാവുന്ന പദ്ധതിയാണ് സ്മാര്‍ട് സിറ്റി. അതിന്റെ ഉപഗ്രഹ പദ്ധതികളും കൂടി കണക്കിലെടുക്കുമ്പോള്‍ മുമ്പെങ്ങും കാണാത്ത ഒരു വികസന പാതയിലേയ്ക്ക് ഫാസ്റ്റ് ട്രാക്കില്‍ മുന്നേറുകയാണ് നമ്മുടെ മലയാള നാട്.. പക്ഷേ ഇതെല്ലാം സമയബന്ധിതമായി തീര്‍ക്കണം എന്ന വെല്ലുവിളിയോട്‌ പ്രതികരിക്കേണ്ട ആവശ്യകത എല്ലാ മലയാളികള്‍ക്കുമുണ്ട്.

നമ്മുടെ വികസനങ്ങള്‍ക്ക് എക്കാലവും തടസ്സം നില്‍ക്കുന്ന ഒരു തീരാ ശാപമുണ്ട്.. “ഹര്‍ത്താല്‍”.. എന്ന്‌ കേരളത്തിലെ ജനങ്ങള്‍ അതിനെതിരായി പ്രതികരിക്കുന്നോ അന്ന്‌ മാത്രമേ നമ്മുടെ നാട്ടില്‍ മാറ്റത്തിന്റെ കാറ്റ്‌ വീശൂ എന്ന്‌ വിശ്വസിക്കുന്നവനാണ് ഞാന്‍. ഹൈക്കോടതി ഈയിടെ ചോദിക്കുകയുണ്ടായി, ഹര്‍ത്താലിനെതിരെ ആരും പൊതു താല്പര്യ ഹര്‍ജി പോലും നല്‍കാത്തതെന്താണെന്ന്‌. ബൂലോകത്തില്‍ നമ്മള്‍ എന്തെല്ലാം ചര്‍ച്ച ചെയ്യുന്നു?? എന്തേ ഇതിനെക്കുറിച്ച്‌ ആരും ആലോചിക്കുന്നില്ല. ഹര്‍ത്താലിനെതിരേ ഒരു ബൂലോക കൂട്ടായ്മ എന്തു കൊണ്ട് രൂപീകരിച്ചുകൂടാ?? എന്റെ അറിവില്ലായ്മ കൊണ്ട് പറയുന്നതാണെങ്കില്‍ ബൂലോകത്തിലെ മുതിര്‍ന്ന പൌരന്മാര്‍ ക്ഷമിക്കുക. പക്ഷേ, അതിന് മുന്‍‌കൈ എടുത്തിറങ്ങുകയാണെങ്കില്‍ നമ്മുടെ നാടിനു ചെയ്യുന്ന ഏറ്റവും വല്യ സേവനമായിരിക്കും അത്‌. ഒന്നൊഴിയാതെ ബൂലോകം കൂടെ നില്‍ക്കും എന്നതിന് എനിക്ക്‌ യാതൊരു സംശയവുമില്ല..

നാടിനെയോര്‍ത്ത്‌ ഞാന്‍ എന്തൊക്കെയോ പറഞ്ഞു.. അത്‌ സഭ്യമായ ഭാഷ.. ഒരു “സൂപ്പര്‍ ഹീറോ” ആയിരുന്നെങ്കില്‍ ഞാന്‍ ഒരു പക്ഷേ ചെയ്തേക്കാവുന്ന കാര്യങ്ങള്‍..

1. നോക്കുകൂലി ആവശ്യപ്പെടുന്നവന്റെ കണ്ണു രണ്ടും കുത്തിപ്പൊട്ടിക്കുക, കാലു തല്ലിയൊടിക്കുക. അന്നം വെറുതെ കിട്ടില്ല എന്ന്‌ അതോടെ ബോദ്ധ്യപ്പെടും..
2. പാര്‍ട്ടികളുടെ അണിയറ രഹസ്യങ്ങള്‍ അദൃശ്യനായി വീഡിയോ പിടിച്ച്‌ സകല ചാനലുകളിലും കൊടുക്കുക, അല്ലെങ്കില്‍ എന്റെ സംസ്ഥാനത്തിനു വേണ്ടി ഇന്നതിന്നതൊക്കെ ചെയ്യണം എന്ന്‌ പക്കാ ബ്ലാക് മെയില്‍ നടത്തുക.
3. 2 ല്‍ പറഞ്ഞ ബ്ലാക്ക് മെയിലിംഗ് പ്രായോഗികമെങ്കില്‍, ഹര്‍ത്താല്‍ നടത്തണമെങ്കില്‍ നോണ്‍ റീഫണ്ടബിള്‍ തുക ആയി 50 കോടി സര്‍ക്കാര്‍ ഘജനാവില്‍ ഇടുക. എന്ത് അതിക്രമവും കാണിക്കാനുള്ള ലൈസന്‍സ് ഫീ ആണെന്ന്‌ തെറ്റിദ്ധരിക്കണ്ട, ഇത്രയും തുക കെട്ടി വെച്ച്‌ ഹര്‍ത്താല്‍ നടത്തി എന്തെങ്കിലും നശിപ്പിച്ചാല്‍ നടത്തുന്ന പാര്‍ട്ടിയുടെ നേതാക്കന്മാരില്‍ നിന്ന്‌ 200 ഇരട്ടി പിഴ വാങ്ങുന്നതായിരിക്കും.

മാന്യ ബ്ലോഗര്‍മാരുടെ സൂപ്പര്‍ ഹീറോ ചിന്തകള്‍ക്ക് സ്വാഗതം!!!

ഓഫ്‌ : ഈ ഐ ടി ഫീല്‍ഡിലും നോക്കുകൂലി വാങ്ങണുണ്ടേ.. കൂട്ടുകാര്‍ ചെയ്യുന്നത്‌ “ബെഞ്ച്” ല്‍ ഇരുന്ന്‌ കണ്ട്‌ മാസാമാസം നല്ലൊരു തുക സുഖായിട്ട്‌ പോക്കറ്റിലാവണു! എന്താ അതിന്റെയൊരു സുഖം.. ഹി ഹി :D

4 comments:

നന്ദന്‍ said...

കേരളം “സ്മാര്‍ട്” ആവുന്നു.. നിങ്ങളോ??

മന്‍സുര്‍ said...

നന്ദന്‍...ജീ...

കേരളം സ്‌മാര്‍ട്ട്‌ ആവുബോല്‍ ഒരു കൊച്ചു മോഹം ഞാനുമെന്നു സ്‌മാര്‍ട്ട്‌ ആയാലോന്ന്‌...പക്ഷേ...ചിലപ്പോ ആ സ്‌മാര്‍ട്ട്‌ നില്‍ക്കും ആരുമറിയാതെ...അതൊന്നുമറിയാതെ ആ സ്‌മാര്‍ട്ടിലൂടെ ഞാന്‍ കൂടുതല്‍ സ്‌മാര്‍ട്ട്‌ ആവും അവസാനം എല്ലാരും കൂടി ചിലപ്പോ എന്നെ എടുത്തിട്ട്‌ സ്‌മാര്‍ട്ട്‌ ആക്കും.......ഇങ്ങിനെ എത്ര സ്‌മാര്‍ട്ടുകള്‍ വന്നിരിക്കുന്നു..പോയിരിക്കുന്നു.......ഉള്ള സ്‌മാര്‍ട്ടുമായി നടന്ന വീട്ടില്‍ കഞ്ഞി വെക്കാം..അല്ലെങ്കില്‍ സ്‌മാര്‍ട്ടുള്ളവര്‍ വീട്ടുകാരിയെയും സ്‌മാര്‍ട്ടാക്കി...അവര്‍ സ്‌മാര്‍ട്ടാവും

നോക്കാം ഈ സ്‌മാര്‍ട്ട്‌ എവിടെ എത്തുമെന്ന്‌...

നന്‍മകള്‍ നേരുന്നു

chithrakaran ചിത്രകാരന്‍ said...

നല്ല പൊസ്റ്റ്.

നന്ദന്‍ said...

@ മന്‍സൂര്‍ജി, നമ്മളെത്ര തറക്കല്ലിടല്‍ കണ്ടിരിക്കുന്നു അല്ലേ!! പക്ഷേ, ഇത്‌ നടക്കുമെന്ന്‌ വിശ്വസിക്കാനാണ് എനിക്കിഷ്ടം.. :) വായിച്ചതിനും കമന്റിയതിനും നന്ദി..

@ ചിത്രകാരന്‍, നന്ദി :)