കഴിഞ്ഞ തവണ സാറന്മാരുടെ തമാശകള്‍ കേട്ട് എല്ലാവരും രസിച്ചില്ലേ.. ഇതാ കുറച്ചുകൂടിയുണ്ട് കേട്ടോ.. :)
ഇത്തവണയും തുടക്കം ഹരിസാര്‍ തന്നെയാവട്ടെ..
ഞങ്ങളുടെ അഞ്ചാം സെമസ്റ്റര്‍ ലാബ് എക്സാം നടക്കുന്നു. ഹീറ്റ് ആന്‍ഡ് മാസ് ട്രാന്‍സ്ഫര്‍ ലാബ്. അല്പം പ്രയാസമുള്ള വിഷയമാണ്. എങ്കിലും എല്ലാവരും ഒരുവിധം നന്നായി ചെയ്തു. ലാബ് റെക്കോഡ് ഹരി സാര്‍ പരിശോധിക്കുന്നു. ഒരു ബാച്ചില്‍ 25 പേരാണ് എക്സാം എഴുതുക. അവസാന എക്സാം. ഇതു കഴിഞ്ഞയുടെനെ എങ്ങനെയെങ്കിലും ഓടിച്ചാടി വീട്ടില്‍ പോകണം എന്നു കരുതിയാണ് ഞങ്ങള്‍ കാത്തു നില്‍ക്കുന്നത്. സാര്‍ പതുക്കെയിരുന്ന് റെക്കോഡ് പരിശോധിച്ച് തകര്‍ക്കുന്നു. ഒടുവില്‍ തീര്‍ന്നു. സാര്‍ പറയുന്നു.. “ആ, എല്ലാവരും അവരവരുടെ റെക്കോഡ് എടുത്തുകൊണ്ട് പൊക്കോളൂ..” കേള്‍ക്കണ്ട താമസം ഞങ്ങള്‍ ഇരുപത്തഞ്ചു പേരും കുതിച്ചു.. ബഹളം കണ്ട് സാറിന്റെ ഡയലോഗ്..
“NO NO.. Once upon a time, Once upon a time.. " "ഒന്നു ബഹളം വെയ്ക്കാതെ ഓരോരുത്തരായി എടുക്കടോ..”
അടുത്തതും ലാബില്‍ നടന്ന സംഭവം തന്നെ. ഇത് ഞങ്ങള്‍ അറിഞ്ഞത് ഞങ്ങളുടെ “പറക്കും തളിക” (കോളേജ് ബസ്) യുടെ ഡ്രൈവറും, ലാബ് അറ്റന്‍ഡറുമായ നാരായണേട്ടന്‍ പറഞ്ഞാണ്. ഒന്നാം വര്‍ഷ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിനു പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിനി “ഫൈല്‍” (File) ചെയ്യുന്നു.. (ചെറിയ ഈര്‍ച്ചവാളു കൊണ്ട് മെറ്റല്‍ മുറിക്കില്ലേ, അതിനെയാണ് ഈ “ഫൈലിംഗ്“ (Filing) എന്നു പറയുന്നത്). അല്പം കഴിവു വേണ്ട ഒരു പരിപാടിയാണ് ഈ ഫൈലിംഗ്. സൂക്ഷിച്ചു ചെയ്തില്ലെങ്കില്‍ കൈ മുറിയും, ചെയ്യുന്ന ബ്ലേയ്‌ഡ് ഒടിയുകയും ചെയ്യും. (ഞാനൊക്കെ എത്ര ബ്ലേയ്‌ഡ് ഒടിച്ചിരിക്കുന്നു.. ഹി ഹി :D). കുട്ടി വളരെ പതുക്കെയാണ് ചെയ്യുന്നത്. ഹരി സാര്‍ വന്ന് ഇത് നോക്കി നില്‍ക്കുന്നുണ്ട്. കുറച്ചു നേരം നോക്കി നിന്ന ശേഷം സാര്‍ പറയുന്നു..
“Don't file file.. just file file file file file file" :D
സാറിന്റെ ഏറ്റവും ഞെട്ടിക്കുന്ന തമാശ ഇതൊന്നുമല്ല.. തെര്‍മോഡൈനമിക്സ് പഠിപ്പിക്കാന്‍ സാര്‍ ക്ലാസിലെത്തി. വന്നയുടനെ ബോര്‍ഡില്‍ ഒരു പോയിന്റ് ഇട്ടിട്ട് 1 എന്നു മാര്‍ക്ക് ചെയ്തു. അല്പം മാറി മറ്റൊരു പോയിന്റ് 2 എന്ന് ഇട്ടിട്ട് ഒരു ചോദ്യ ചിഹ്നവും. എന്നിട്ട് മുന്‍ബഞ്ചിലിരിക്കുന്ന സിജുവിനോട് ചോദ്യം.
“If the pressure at point 1 is P1, then what is pressure at point 2?"
സിജു ബ്ലിങ്കസ്യ എന്നും പറഞ്ഞ് നില്പാണ്.. സാര്‍ അടുത്തയാളോട് ചോദ്യം ആവര്‍ത്തിച്ചു. അവനും എണീറ്റ് നില്‍ക്കുന്നു.. ഒന്നൊന്നായി എല്ലാവരും എണീറ്റു. ക്ലാസിലെ ബുജികള്‍ വമ്പന്‍ ഫോര്‍മുലകള്‍ നിരത്തി.. “Atmospheric Pressure.. Pascal.. Isobaric Pressure.." എന്നിങ്ങനെ വമ്പന്‍ കണ്ടു പിടുത്തങ്ങള്‍.. സാര്‍ അവസാനം വളരെ നിരാശനായി..
“Shame on you people.. You dont even know the basic.. If the pressure at point 1 is P1, then pressure at point 2 is P2!"
ക്ലാസ് ഒന്നടങ്കം ഞെട്ടി!!!
ഈ പുകിലെല്ലാം ഒപ്പിച്ചതിനിടയ്ക്ക് സാറിനെ സ്പോര്‍ട്സ് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. രാവിലെ ഫുട്ബോള്‍ പരിശീലനത്തിനു താമസിച്ചെത്തിയ പവിത്രനോട് സാര്‍ പറഞ്ഞത്..
“You.. go and rotate the ground three times!!“
പവിത്രന്‍ അത്രയുമേ കേട്ടുള്ളൂ എങ്കില്‍ പിന്നീടെത്തിയ സച്ചിന്‍, അരുണ്‍, ദിനേശ് എന്നിവരോട് പറഞ്ഞത്..
“You three of you stand together separately”
ഇതിലൊക്കെ ഭീകരം കോളേജ് ക്യാപ്റ്റനായ പ്രദീപിനോട് ചോദിച്ചതായിരുന്നു..
“Why are you late?? - say YES or NO”
ഇനി പാല്‍ക്കാരന്റെ വകയാവട്ടെ..
രംഗം ഇപ്പോഴും പരീക്ഷാ ഹാള്‍ തന്നെ.. സിവില്‍ എഞ്ചിനീയറിംഗും മെക്കാനിക്കല്‍ എഞ്ചിനീയറിംഗും വിദ്യാര്‍ത്ഥികളാണ് ഹാളില്‍. എന്റെയടുത്തിരിക്കുന്നത് സിവിലിലെ റംസി റഹിം ആണ്. പരീക്ഷ നല്ല പ്രയാസം.. അവനും എനിക്കും.. ക്ലാസിലുള്ള മിക്കവാറും എല്ലാവരുടെയും സ്ഥിതി ഇതു തന്നെ.. എല്ലാം അങ്ങോട്ടുമിങ്ങോട്ടും നോക്കി ഇരിപ്പാണ്.. പാല്‍ക്കാരന്‍ മാത്രം ജോളിയായിട്ട് അഡീഷണല്‍ ഷീറ്റ് വേണ്ടേടോ എന്നും ചോദിച്ച് നടക്കുന്നു.. എവിടെ! ആന്‍സര്‍ ബുക്ക്‍ലെറ്റിലെ ആദ്യ ആറു പേജ് തീര്‍ക്കാനുള്ളതു പോലും അറിയില്ല.. പിന്നല്ലേ ആഡീഷണല്‍ ഷീറ്റ്! കുറേ ഇരുന്നു മടുത്തപ്പോള്‍ റംസിയിലെ കലാകാരന്‍ ഉണര്‍ന്നു.. ചോദ്യ പേപ്പറില്‍ വളരെ വിദഗ്ധമായി അവന്‍ സ്വന്തം പേര്‍ എഴുതി. അല്പം വലുതാക്കി, ഇലക്ട്രോണിക് ഡിസ്പ്ലേ മട്ടില്‍ "R A M S I" എന്ന്.. ചുറ്റി നടക്കുന്നത് വഴി ഈ കലാപരിപാടി പാല്‍ക്കാരന്റെ കണ്ണില്‍പെട്ടു.. ഒരു ഇരയെ കിട്ടിയ സന്തോഷത്തില്‍ റംസിയുടെ അടുത്തെത്തി..
“എന്തിന്റെ കോഡ് ആണെടോ താന്‍ ഇവിടെ കോപ്പിയടിക്കാന്‍ എഴുതി വച്ചിരിക്കുന്നത്??”
റംസി ഞെട്ടി.. പാവം കോപ്പിയടിയ്ക്കൊന്നും പോവാത്ത നിഷ്കളങ്കനാണ്.
“സാര്‍, അതെന്റെ പേരെഴുതിയിരിക്കുന്നതാണ്..” അവന്റെ മറുപടി..
“കള്ളം പറയുന്നോ?? ഞാനിത് കുറേ കണ്ടിട്ടുള്ളതാ.. RAM 51 എന്തിന്റെ കോഡ് ആണെന്ന് പറഞ്ഞില്ലെങ്കില്‍ ഞാന്‍ ഇപ്പോള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യും.. “ സാറിന്റെ ഭീഷണി..
ക്ലാസിലുള്ള റംസിയുടെ സഹപാഠികള്‍ക്ക് കാര്യം പിടികിട്ടി. ഇത് റംസിയുടെ സ്ഥിരം പരിപാടിയാണ്. ഈ ഇലക്ട്രോണിക് പേരെഴുത്ത്.. പിന്നെ എല്ലാവരും ചേര്‍ന്ന് സാറിനെ കാര്യം പറഞ്ഞ് മനസ്സിലാക്കി.. :D
ഇനി മറ്റൊരു താരം.. പ്രേംനാഥ്.. മേല്‍പ്പറഞ്ഞവരെ പോലെ സാര്‍ മണ്ടത്തരങ്ങളൊന്നും ഒപ്പിക്കാറില്ല.. പക്ഷേ ഞങ്ങളെ ഒന്നടങ്കം ചിരിപ്പിച്ച ഒരു സംഭവമാണ് ഇനി പറയുന്നത്..
പ്രേനാഥ് സാര്‍ വളരെ നല്ലവണ്ണം പഠിപ്പിക്കുന്ന സാറാണ്. പക്ഷേ, ചോക്കിന്റെ പൊടി മൂപ്പര്‍ക്ക് അലര്‍ജിയാണ്. അതിനാല്‍ എപ്പോഴും ജലദോഷമുള്ള മട്ടില്‍ വലിച്ചു കൊണ്ട് നടക്കും.. ഇനി സംഭവത്തെക്കുറിച്ച് പറയാം. ഇലക്ട്രിക്കല്‍ ബ്രാഞ്ചിന് ലാബ് നടക്കുന്നു. മെക്കാനിക്കല്‍ ഡിപ്പാര്‍ട്മെന്റിന്റെ ഹീറ്റ് എഞ്ചിന്‍ ലാബ്. (കേരളത്തിലെ ഏറ്റവും മികച്ച ഹീറ്റ് എഞ്ചിന്‍ ലാബുകളിലൊന്നാണ് ഇത്.. കേട്ടോ.. :) ) വമ്പന്‍ എഞ്ചിനുകള്‍ അങ്ങനെ നിരനിരയായി വെച്ചിരിക്കുന്നു. അതിലൊന്നാണ് “കിര്‍ലോസ്ക്കര്‍”.. ഇവനാണ് നമ്മുടെ കഥയിലെ പ്രമുഖതാരം. ചുമ്മാ ഒരു ബട്ടണ്‍ ഞെക്കിയാലൊന്നും സ്റ്റാര്‍ട്ട് ആവില്ലിവന്‍.. അതിന് അതിന്റേതായ രീതികളുണ്ട്. ഒരു 3 കിലോയോളം തൂക്കം വരുന്ന നല്ല കല്ലനൊരു പിസ്റ്റണുണ്ട്. അത് ഇട്ട് കറക്കി കറക്കി വേണം ഇവനെ പ്രവര്‍ത്തിപ്പിക്കാന്‍.. (പഴയ ലോറല്‍ ആന്‍ഡ് ഹാര്‍ഡി ചിത്രങ്ങളില്‍ കണ്ടിട്ടില്ലേ ഒരു കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ ഒരു പിസ്റ്റണ്‍ ലിവര്‍ ഇട്ട് തിരിക്കുന്നത്? അതു തന്നെ സംഭവം.) ഈ വിദ്യ അത്ര എളുപ്പമൊന്നുമല്ല.. അസാധ്യ ആരോഗ്യം വേണം.. (എന്റെ ലാബ് എക്സാമിന് ഇത് സ്റ്റാര്‍ട്ട് ആക്കി തന്ന നാരായണേട്ടനു സ്തുതി!! :D) ആരോഗ്യം മാത്രം പോര, ഇവന്‍ സ്റ്റാര്‍ട്ട് ആയിക്കഴിഞ്ഞാല്‍ സ്പീഡ് ആകുന്നതിനു മുന്നേ ഈ പിസ്റ്റണ്‍ ഊരിയെടുക്കുകയും വേണം. അല്ലെങ്കില്‍ ഫുള്‍ സ്പീഡ് എത്തുമ്പോഴേക്കും അടുത്തു നില്‍ക്കുന്ന ആരുടെയെങ്കിലും നെഞ്ചത്തിരിക്കും! അങ്ങിനെയുള്ള അപകടകാരിയായ കിര്‍ലോസ്ക്കറിന്റെ പ്രവര്‍ത്തനമാണ് പ്രേം നാഥ് സാര്‍ കുട്ടികളെ പഠിപ്പിക്കുന്നത്..
എഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ഒക്കെ വിശദീകരിച്ചു കഴിഞ്ഞിട്ട് സാര്‍ പറയുന്നു.
“ഇത് സ്റ്റാര്‍ട്ട് ആക്കെടോ”
ഞങ്ങളെല്ലാവരും ഉണ്ണിക്കുട്ടന്‍ എന്ന് വിളിക്കുന്ന രാകേഷ് ഉണ്ണിക്കൃഷ്ണന്‍ മുന്നോട്ട് വന്നു.. ആള്‍ക്ക് കണ്ടാല്‍ വല്യ ആരോഗ്യമൊന്നുമില്ല, നമ്മുടെ അജിത് അഗാര്‍ക്കറിന്റെ ബോഡിയാ :D
ഉണ്ണിക്കുട്ടന്‍ പിസ്റ്റണ്‍ ഇട്ട് കറക്കാന്‍ തുടങ്ങി. ആദ്യമൊന്നും വല്യ രക്ഷയില്ല. ഇവന്‍ വിടുമോ, പൂര്‍വ്വാധികം വാശിയോടെ കറക്കലോട് കറക്കല്‍.. ഈ സമയത്ത് മറ്റാരോ എന്തോ സംശയം ചോദിച്ചു.. എല്ലാ കുട്ടികളുടെയും ശ്രദ്ധ സാറിലേക്കായി. ഉണ്ണിക്കുട്ടന്‍ മാത്രം കിര്‍ലോസ്ക്കറുമായി മല്‍പ്പിടുത്തം.. ഒടുവില്‍ വലിയൊരു ശബ്ദത്തോടെ കിര്‍ലോസ്കറിനു ജീവന്‍ വെച്ചു..
“ആ സ്റ്റാര്‍ട്ടായി.. വാ വാ.. “ സാര്‍ കുട്ടികളുമായി എഞ്ചിനടുത്തേയ്ക്ക് നീങ്ങി..
ഉണ്ണിക്കുട്ടന്‍ നിന്ന് പരുങ്ങുന്നു.. “അത്.. സാര്‍..”
“എന്താടോ??”
“സാര്‍.. അത്.. ആ പിസ്റ്റണ്‍.. അത് ഞാന്‍ ഊരിയില്ല”
സ്വതവേ മിഴിച്ചിരിക്കുന്ന സാറിന്റെ കണ്ണുകള്‍ ഒന്നുകൂടി പുറത്തേയ്ക്ക് തള്ളി.. പിന്നെ ഒറ്റ അലര്‍ച്ചയായിരുന്നു..
“Escape escape" എന്നും പറഞ്ഞ് സാര്‍ ഓടെടാ ഓട്ടം.. ഞെട്ടിപ്പോയ പിള്ളേരാണേല്‍ പലവഴിക്കും ഓടി..
ഫുള്‍ സ്പീഡിലെത്തിയ കിര്‍ലോസ്കറില്‍ നിന്ന് പിസ്റ്റണ്‍ പറന്നു പൊങ്ങി സീലിംഗില്‍ പോയിടിച്ചിട്ട് താഴെയെത്തി.. ആളപായമില്ല!!
സംഭവം കെട്ടടങ്ങിയപ്പോള്‍ സാര്‍ ഒരു “സൈക്കിളില്‍ നിന്ന് വീണ ചിരി”യുമായി രംഗത്തെത്തി. പിന്നെ പിള്ളേരുടെ കൂട്ടച്ചിരി. സാറും അതില്‍ പങ്കു ചേര്‍ന്നു.. :D
07 October 2007
ഹരി സാറും പാല്‍ക്കാരന്‍ മാഷും വീണ്ടുമെത്തുന്നു.. ഒപ്പം പ്രേം നാഥ് സാറുമുണ്ട്!
Posted by നന്ദന്‍ at 11:03 AM
Labels: എന്‍ എസ് എസ് കഥകള്‍
Subscribe to:
Post Comments (Atom)
11 comments:
നിങ്ങളെ ചിരിപ്പിക്കാന്‍ സാറന്മാരുമായി ചെമ്പകപ്പൂക്കള്‍ വീണ്ടും.. ഇത്തവണ കിര്‍ലോസ്ക്കറുമുണ്ട്.. ലവന്‍ പുലിയാ.. :D
നന്ദന്‍ ഭായിക്കു വേണ്ടി ഞാന്‍ ..:)
പാവം ഗുരുക്കന്മാര്‍...
എന്റെ വക സഹതാപപ്രകടനം കഴിഞ്ഞു.. ഇനീം ഇത്തരം കഥകളുണ്ടെങ്കില്‍ പോരട്ടെ :-)
നന്ദാ...
അവരൊന്നും ഇതു കാണണ്ട...
രസകരമായ സംഭവങ്ങള്‍ തന്നെ.
:)
ഇതൊന്നും അവരാരും കാണണ്ടാ...;)
word verification ലോ ലങ്ങോട്ടു മാറ്റി വയ്ച്ചൂടെ??
:) കൊള്ളാം :)
ചില ലാബ് സംഭവങ്ങള്‍ ഇപ്പോഴാണ് ഓര്‍മ വരുന്നെ... അടുത്ത പോസ്റ്റ് അതായിക്കളയാം..
ഇതെതായാലും കലക്കി
കുഞ്ഞന്, കൊച്ചു ത്രേസ്യയ്ക്ക്, ശ്രീ, ശ്രീഹരിയ്ക്കും നന്ദി.. :)
ഡോണ ചേച്ചിയ്ക്ക്, വേഡ് വെരിഫിക്കേഷന്‍ മാറ്റിയേക്കാം. എപ്പോഴോ അബദ്ധത്തില്‍ ആക്റ്റിവേറ്റ് ചെയ്തതാണ്.. :)
:)
ഇതു് വായിച്ചപ്പോഴാണു് ഞങ്ങടെ രസതന്ത്ര വിഭാഗത്തിലെ ഉണ്ണികൃഷ്ണന്‍ സാറിന്റെ ഒരു നമ്പര്‍ ഓര്‍മ്മ വന്നതു്.
രസതന്ത്ര ലബില്‍ ടൈട്രേഷന്‍ നടക്കുകയാണു്. പിപ്പെറ്റില്‍ നിന്നും ഓരോ തുള്ളിയായി ബ്യൂററ്റിലേയ്ക്കു് ഒഴിച്ചു കൊണ്ടിരിയ്ക്കുകയാണു്. ബ്യൂററ്റിലെ ദ്രാവകത്തിന്റെ നിറം മാറുന്നതു് വരെ ഒഴിച്ചു കൊണ്ടിരിയ്ക്കണം. 1, 2, 3, 4, .... 16,17,18 വരെ മിലി എത്തി. സാറിന്റെ പരിചയം കൊണ്ടായിരിയ്ക്കണം 19 ല്‍ നോക്കാതെ സാര്‍ നേരെ 20 ല്‍ വച്ചു എന്നിട്ടൊരു ഡയലോഗു്.
"Believe me, there was color at 19!"
ഇവിടെ അല്പം വൈകിയാണെത്തിയത്,
എന്തായാലും സംഭവം കൊള്ളാം...
Post a Comment