25 March 2007

ചില എന്‍ എസ് എസ് (NSS) ചരിതങ്ങള്‍... ഭാഗം ഒന്ന്..

തലക്കെട്ട് വായിക്കുന്ന ചിലരെങ്കിലും കരുതും ഇത് നായര്‍ സമുദായത്തിനെക്കുറിച്ചുള്ള എന്തെങ്കിലുമാവും എന്ന്.. അല്ല.. ഇത് ഞാന്‍ എഞ്ചിനീയറിംഗ് പഠിച്ച പാലക്കാട് എന്‍ എസ് എസ് കോളേജിനെക്കുറിച്ചാണ്.. കോളേജിനെക്കുറിച്ച് മാത്രമല്ല.. അവിടുത്തെ വിദ്യാര്‍ത്ഥിസമൂഹത്തെക്കുറിച്ചു കൂടിയാണ്. വിദ്യാര്‍ത്ഥി സമൂഹമെന്ന് പറഞ്ഞാല്‍ 2000-2004 കാലഘട്ടത്തിലെ ഞാനും എന്റെ സുഹൃത്തുകളും.. ഇതിലെ കഥാപാത്രങ്ങള്‍ക്കെല്ലാവര്‍ക്കും ചുരുക്കപ്പേരുകളും ഇരട്ടപ്പേരുകളുമൊക്കെയുണ്ട്.. അതുകൊണ്ട് ഞാന്‍ ഓരോരുത്തരെയായി നിങ്ങള്‍ക്കു വേണ്ടി പരിചയപ്പെടുത്താം..

കഥാപാത്രങ്ങളെ പരിചയപ്പെടുന്നതിനു മുമ്പ് രണ്ട് പ്രധാനപ്പെട്ട സ്ഥലങ്ങള്‍ പരിചയപ്പെടുത്തേണ്ടതുണ്ട്.. കല്ലേക്കുളങ്ങര എന്‍ എസ് എസ് കരയോഗം ഹോസ്റ്റല്‍, ശ്രീലക്ഷ്മി എന്ന ഒരു വീട്.. എന്‍‌ട്രന്‍സ് കമ്മിഷണറുടെ മാറിമറിയുന്ന ഓപ്ഷന്‍ ലിസ്റ്റ് അനുസരിച്ച് രണ്ടു മാസത്തിനുള്ളില്‍ രണ്ടു കോളേജുകളില്‍ പഠിച്ചിട്ടാണ് ഞാന്‍ എന്‍ എസ് എസിലെത്തുന്നത്. അപ്പോഴേക്കും കോളേജ് ഹോസ്റ്റലിലെ റൂമുകള്‍ എല്ലാം തീര്‍ന്നിരുന്നു. അതിനാല്‍ അവിടെ നിന്ന് ഒരു പത്തു മിനിറ്റ് നടന്നാല്‍ എത്തുന്ന കല്ലേക്കുളങ്ങര എന്‍ എസ് എസ് കരയോഗം ഹോസ്റ്റലിലാണ് താമസം ശരിയായത്. അവിടെ ഒന്നാം വര്‍ഷക്കാരെ മാത്രമേ താമസിപ്പിക്കൂ. ഒന്നും രണ്ടും സെമസ്റ്ററുകള്‍ ഒരുമിച്ചാണെന്നതിനാലും ക്ലാസുകള്‍ തുടങ്ങിയത് നവമ്പര്‍ മാസത്തിലാണെന്നതിനാലും ഒരു വര്‍ഷം എന്നുള്ളത് എട്ട് മാസമായി ചുരുങ്ങും. ജൂണില്‍ പരീക്ഷ കഴിയുമ്പോള്‍ അവിടുന്ന് മാറിക്കൊടുക്കണം. അങ്ങിനെയാണ് ശ്രീലക്ഷ്മി എന്ന വീട്ടില്‍ ഞങ്ങള്‍ താമസിക്കുന്നത്. മൂന്നാം സെമസ്റ്റര്‍ മുതല്‍ അവിടെയാണ് താമസം.

അഞ്ചാം സെമസ്റ്ററിന്റെ തുടക്കത്തില്‍ അച്ഛനു സ്ഥലം മാറ്റം കിട്ടി പാലക്കാട് വരുന്നതു വരെ ഞാനും ശ്രീലക്ഷ്മിയിലെ അന്തേവാസിയായിരുന്നു.. ഇനി കഥാപാത്രങ്ങളെ പരിചയപ്പെടാം..

ഹരികൃഷ്ണന്‍ .എ. ബി (ഹരി)
എന്റെ ആദ്യ സഹമുറിയന്‍.. കല്ലേക്കുളങ്ങര എന്‍ എസ് എസ് കരയോഗം ഹോസ്റ്റല്‍, ശ്രീലക്ഷ്മി എന്നീ രണ്ടിടത്തും അവന്‍ തന്നെയായിരുന്നു എന്റെ കൂട്ട്. ഹരി എന്ന് ഞാന്‍ വിളിക്കുന്നു.. “പടയോട്ടം” എന്ന് ഹോസ്റ്റലിലെ കൂട്ടുകാര്‍ അവനു പേരുമിട്ടു. എന്തിനെന്ന് ഞാന്‍ ചോദിച്ചിട്ടില്ല.. :) പന്തളം ആണ് ഹരിയുടെ സ്വദേശം. കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി. പെട്ടെന്ന് പറയുന്ന തമാശകളാണ് ഹരിയുടെ പ്രത്യേകത. ആളെ വടിയാക്കുന്ന തരത്തിലുള്ളവ.. എങ്കിലും അവനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം എന്റെ മനസ്സിലെത്തുക താഴെ പറയുന്ന സംഭവമാണ്..

ഒരു ദിവസം ഞാന്‍ ക്ലാസ് കഴിഞ്ഞെത്തുമ്പോള്‍ മേശമേല്‍ തലയില്‍ കൈയ്യും കൊടുത്തിരിക്കുന്ന ഹരിയെയാണ് കാണുന്നത്..

“എന്തു പറ്റിയെടാ?” ഞാന്‍ ചോദിച്ചു.. “ഓ.. തലയ്ക്ക് നല്ല സുഖമില്ലെടാ.. ഒരു തലവേദന”.. ഞങ്ങള്‍ രണ്ടു പേരു അല്പസമയം മുഖത്തോടു മുഖം നോക്കി നിന്നു.. എന്നിട്ട് ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു..

അരുണ്‍ (കുഞ്ചു) കുമാര്‍. എസ്.
കുഞ്ചു.. വെറും അഞ്ചടിപ്പൊക്കക്കാരന്‍. പക്ഷേ കൈയ്യിലിരിപ്പോ..?? ജഗജില്ലി.. ആലപ്പുഴക്കാരന്‍ തന്നെയാണ്.. പ്രീഡിഗ്രിയ്ക്ക് ഞങ്ങള്‍ ഒരുമിച്ചാണ് പഠിച്ചത്. വ്യത്യസ്ത ബാച്ചുകളില്‍ എന്ന് മാത്രം. ഇവിടെ ഞങ്ങള്‍ ഒരേ ക്ലാസിലാണ്.. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എ ബാച്ച്.. കരയോഗം ഹോസ്റ്റലില്‍ എന്റെയും ഹരിയുടെയും ഒപ്പം കുഞ്ചുവും ഉണ്ടായിരുന്നു.. അവന്മാര്‍ രണ്ടു പേരും കൂടിയാല്‍ പിന്നെ തകര്‍പ്പാണ്.. വഴക്കുണ്ടാക്കുന്നത് പോലെ ഒച്ചയിട്ട് മറ്റു കൂട്ടുകാരെ പറ്റിക്കുക്ക എന്ന വിനോദം രണ്ടിനുമുണ്ട്.. ഒരു ദിവസം ഞങ്ങളുടെ റൂമില്‍ നിന്ന് ഭയങ്കര ബഹളം കേട്ട് വന്നു നോക്കിയ മറ്റു കൂട്ടുകാര്‍ കണ്ടത് പരസ്പരം നോക്കി കള്ളച്ചിരിയോടെയിരിക്കുന്ന കുഞ്ചുവിനെയും ഹരിയെയുമാണ്..

നിങ്ങളില്‍ പലരും കേട്ടുകാണും “കുഞ്ചിയമ്മയ്ക്ക് അഞ്ചാണ് മക്കള്‍, അഞ്ചാമന്‍ ഓമനക്കുഞ്ചു..” എന്ന പാട്ട്.. പെണ്‍കുട്ടികളോട് പഞ്ചാരയടിക്കാന്‍ കുഞ്ചുവിന് വല്യ താല്പര്യമാണ്. അങ്ങിനെയാണ് അവന് ആ പേരു വീഴുന്നത്.. അവന്റെ പൊക്കവും അതിനൊരു കാരണമായി എന്നു മാത്രം..

രഞ്ജിത്ത് (പൂക്കളം)
ഒരു മുള്ളൂര്‍ക്കരക്കാരന്‍.. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബി ബാച്ച് വിദ്യാര്‍ത്ഥി.. കോളേജില്‍ എത്തുമ്പോഴേ ലൈന്‍ ഉണ്ടായിരുന്ന ഏകവ്യക്തി.. പൂക്കളം എന്ന പേരു വരാനുള്ള കാരണമാണ് ഇനി.. ഒരു ദിവസം ഏതോ അവധി ആഘോഷിച്ച് ഹോസ്റ്റലിലെ കുടിയന്മാരെല്ലാം കൂടി ഒന്നു കൂടി. രാത്രിയായപ്പോള്‍ രഞ്ജിത്ത് വാളോടു വാള്‍.. കൊടുവാള്‍! ഒരു വിധത്തില്‍ ആരുടെയോ കൈയ്യിലുണ്ടായിരുന്ന ഗുളികയെന്തോ കൊടുത്ത് പിടിച്ച് കിടത്തി. കുടിയന്മാരെ പിടിച്ച് അവരവരുടെ റൂമില്‍ എത്തിക്കുന്ന ചുമതല മിക്കവാറും എനിക്കും ഹരിക്കുമാണ്.. ഇവന്മാരുടെ “ഷോ” മുഴുവന്‍ സഹിക്കുന്ന ഞങ്ങളെ സമ്മതിക്കണം.. ഏത്.. ;) ഓ, അപ്പോ പറഞ്ഞു വന്ന കാര്യം മറന്നു.. പൂക്കളം.. വാളുവെച്ച് തളര്‍ന്നുറങ്ങിയ രഞ്ജിത്ത് രാവിലെ എണീറ്റ് നോക്കു‌മ്പോള്‍ പൂക്കളമിട്ടതു പോലെയല്ലേ “വാള്” കിടക്കുന്നത്.. തനിക്ക് തോന്നിയ ഉപമ ആത്മാര്‍ത്ഥ സുഹൃത്തായ കുഞ്ചുവിനോട് ഒന്നു പറഞ്ഞു എന്ന ഒരു തെറ്റേ രഞ്ജിത്ത് ചെയ്തുള്ളൂ.. പിന്നീടവനെ പൂക്കളം എന്നല്ലാതെ മറ്റൊരു പേരും ആരും വിളിച്ചിട്ടില്ല!

രഘുനാഥ് (ശാന്ത)
ത്രിശൂര്‍ സ്വദേശി. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി. റഗ്സ് എന്നു ഞാന്‍ വിളിക്കും.. ശാന്ത എന്ന പേര് അവനെങ്ങിനെ കിട്ടി എന്നത് അവനു പോലും ഓര്‍മ്മയില്ല.. പിന്നല്ലേ എനിക്ക്! ആള്‍ സുമുഖനാണ്.. ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ “ചുള്ളന്‍”.. ക്ലാസിലെ ഏതോ പെണ്‍കുട്ടി അവന്‍ സിനിമാ നടന്‍ മാധവനെപ്പോലെയാണിരിക്കുന്നത് എന്നും പറഞ്ഞ് നിലത്തൊന്നുമല്ല ആശാന്റെ നടപ്പ്.. ഒരു പെണ്‍കുട്ടിയോട് പ്രേമം തോന്നിയിട്ട് അതു പറയുന്നതിനു മുമ്പേ അവളുടെ “രാഖി“ സഹോദരനാവാന്‍ ഭാഗ്യം സിദ്ധിച്ച ഒരു ഹതഭാഗ്യനും കൂടിയാണ്..

മധു വിജയരാഘവന്‍
മാഹി സ്വദേശി.. ഇലക്ട്രോണിക്സ് വിദ്യാര്‍ത്ഥി. ഞാന്‍ മധുവേട്ടാ എന്ന് വിളിക്കും ഒരു രസത്തിന്.. നല്ല സൈസൊക്കെയാണെങ്കിലും ആളൊരു ശുദ്ധനാണ്.. സംസാരം എന്തെങ്കിലും ടൂറിസ്റ്റ് പ്ലേസിനെക്കുറിച്ചാണെങ്കില്‍ ഉടന്‍ മധു പറയും.. “ഡാ.. നീ പൂക്കോട് വാട്ടര്‍ഫാള്‍ കണ്ടിട്ടുണ്ടോ.. അടിപൊളിയാണ്..” ഞങ്ങള്‍ ഒരു നൂറു തവണയെങ്കിലും ഇത് കേട്ടിട്ടുണ്ടാവും.. എന്നാല്‍ ഈ സ്ഥലം എവിടെയാണെന്ന് ഞങ്ങള്‍ക്കാര്‍ക്കും ഒരു പിടിയുമില്ല..

രഘു ഇടയ്ക്ക് വല്യ തത്വചിന്തകനെപ്പോലെ ഡയലോഗിടും.. “ഓ ഇയാള്‍ടെ ഒരു പൂക്കോട് ഫാള്‍സ്! മൂത്രമൊഴിക്കുന്നതു പോലെ വല്ല പാറയില്‍ നിന്നും വെള്ളം വീഴണത് കണ്ടിട്ടുണ്ടാവും.. അതാ.. മധൂ, യൂ മസ്റ്റ് അണ്ടര്‍സ്റ്റാന്‍ഡ് ദാറ്റ് ഇറ്റ് ഈസ് നോട്ട് എ വാട്ടര്‍ഫാള്‍..” വെള്ളമടിച്ചിട്ടാണ് ഇടയ്ക്ക് ആംഗലേയം വരുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

ഇതാണ് ശ്രീലക്ഷ്മിയിലെ ആദ്യ ബ്ലോക്കിലെ അന്തേവാസികള്‍.. മറ്റു കൂട്ടുകാരെ അടുത്ത തവണ പരിചയപ്പെടുത്താം.. ഇത് ഒരു നീണ്ട കഥ തന്നെയാണ്.. ;)

3 comments:

നന്ദന്‍ said...

ചില എന്‍ എസ് എസ് (NSS) ചരിതങ്ങള്‍... ഭാഗം ഒന്ന്..

കഴിഞ്ഞു പോയ കോളേജ് ജീവിതത്തെക്കുറിച്ച് അല്പം സങ്കടത്തോടെ മധുരസ്മരണകള്‍ അയവിറക്കുന്നവരാണ്‍ നമ്മളില്‍ പലരും.. എന്റെ കോളേജ് ജീവിതത്തിലുമുണ്ട് അതു പോലെ ചില സംഭവങ്ങള്‍.. അതു വായനക്കാരുമായി പങ്കു വെയ്ക്കുകയാണ്‍ ഞാനിവിടെ..

ഇതൊരു നീണ്ടകഥ തന്നെയാണ്‍.. :)

ഏറനാടന്‍ said...

ആദ്യവരവാണീ ചെമ്പകച്ചോട്ടില്‍..
നല്ല വിവരണം. കോളേജ്‌ കാലത്തേക്കൊരു തിരിച്ചുപോക്ക്‌ അനുഭവപ്പെട്ടു..

മയൂര said...

വിവരണം നനയിട്ടുണ്ട് നന്ദാ..മധുരസ്മരണകള്‍ എന്നും പ്രിയം തന്നെയാണ്..ഇനിയും തുടരട്ടെ...