15 January 2008

എന്റെ കൌതുകങ്ങള്‍

ചെമ്പകപ്പൂക്കളുടെ ഒന്നാം പിറന്നാളായിരിക്കുന്നു.. കഴിഞ്ഞ ജനുവരി 22 നാണ് ആദ്യ പോസ്റ്റ് ഇട്ടത്.. ഡയറിക്കുറിപ്പുകള്‍ മാത്രം എഴുതിയിരുന്ന ഞാന്‍ മറ്റെന്തൊക്കെയോ എഴുതിയിരിക്കുന്നു കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്‌.. കോളേജ് ജീവിതവും, അനുഭവങ്ങളും, സ്വപ്നങ്ങളും... ഇതിനെല്ലാം വഴി വെച്ചത് ഓര്‍ക്കുട്ടിലെ തനിമലയാളം കൂട്ടായ്മ ആയിരുന്നു എന്നത്‌ പറയാതെ വയ്യ.. വല്ലപ്പോഴും എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാന്‍ ഒരിടം എന്ന എന്റെ രീതിക്ക്‌ മാറ്റമൊന്നും വന്നിട്ടില്ല.. അങ്ങനെ കുത്തിക്കുറിച്ചതിനെല്ലാം ബൂലോകം പ്രോത്സാഹനവും നല്‍കിയിട്ടുണ്ട്.. ഒരുപാട്‌ പുതിയ സുഹൃത്തുക്കളെയും നല്‍കിയിട്ടുണ്ട്‌..

ഒന്നാം വാര്‍ഷിക പോസ്റ്റ് ആയി ഇടുന്നത് കുട്ടിക്കാലത്ത്‌ എന്നില്‍ കൌതുകം ഉണര്‍ത്തിയിരുന്ന ഏതാനും വ്യക്തികളെക്കുറിച്ചാണ്..

1. പ്ലാപ്പള്ളി അപ്പൂപ്പന്‍

ഇടതൂര്‍ന്ന്‌ കിടക്കുന്ന നീണ്ട വെള്ളത്താടി... അതാണ് പ്ലാപ്പള്ളി അപ്പൂപ്പന്‍ എന്നു പറയുമ്പോള്‍ എന്റെ മനസ്സിലെത്തുക.. “വാടാ മക്കളേ” എന്നു വിളിച്ചുകൊണ്ട്‌ കൈ നിറയെ അവിലും മലരും വാരി തരുന്ന പ്ലാപ്പള്ളി അപ്പൂപ്പന്‍.. (ലോര്‍ഡ് ഓഫ് ദ റിംഗ്സ്‌ സിനിമയിലെ ഗാന്‍ഡാള്‍ഫ്‌ എന്ന കഥാപാത്രത്തിന്‌ പ്ലാപ്പള്ളി അപ്പൂപ്പന്റെ ഛായയുണ്ട്!). ഞങ്ങളുടെ പ്രദേശത്തെ “പെരിയ സ്വാമി” ആണ് അപ്പൂപ്പന്‍. അപ്പൂപ്പന് ആകാവുന്ന കാലം വരെ അവിടങ്ങളിലുള്ള “കെട്ടുമുറുക്ക്‌“ എല്ലാം അദ്ദേഹത്തിന്റെ കാര്‍മികത്വത്തിലാണ് നടന്നിട്ടുള്ളത്‌.. ആ കെട്ടുമുറുക്ക്‌ ഒന്നു കാണേണ്ടതു തന്നെയാണ്.. കെട്ടു നിറച്ചതിനു ശേഷം അതു മുറുക്കി കെട്ടുന്ന അദ്ദേഹത്തിന്റെ ശൈലി ഒന്നു പ്രത്യേകം തന്നെയാണ്.. അപ്പൂപ്പന്‍ അത് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത സ്നേഹിതന്‍ പപ്പാപ്പൂപ്പന്‍ (പത്മനാഭന്‍ അപ്പൂപ്പന്‍ :)) വിളിച്ചു പറയും.. “ഓ.. ഇത് ശബരിമല എത്തീട്ട്‌ അഴിക്കാനുള്ളതാ.. മതി കെട്ടിയത്..” അതിനുള്ള മറുപടി നീട്ടിയൊരു മൂളലാണ്.. എന്നിട്ട്‌ വീണ്ടും കെട്ടു മുറുക്കുന്നതില്‍ ശ്രദ്ധിക്കും :) നെയ്‌ തേങ്ങ നിറച്ചതിനു ശേഷം വെള്ളത്തിലിട്ടു വെച്ചിരിക്കുന്ന പപ്പടം കൊണ്ട് അത്‌ ഒട്ടിക്കുന്ന വിദ്യ പ്ലാപ്പള്ളിയപ്പൂപ്പന്‍ കണ്ടു പിടിച്ചതാണെന്നാണ് എന്റെ ബലമായ വിശ്വാസം :) (കഴിഞ്ഞ തവണ മലയ്ക്ക് പോവാന്‍ സാധനങ്ങള്‍ വാങ്ങിയപ്പോള്‍ നെയ് തേങ്ങ അടയ്ക്കാന്‍ കോര്‍ക്കും അരക്കും കണ്ട് ഞാന്‍ അന്തം വിട്ടു.. വെള്ളത്തിലിട്ട പപ്പടം എവിടെക്കിടക്കുന്നു, അരക്കെവിടെക്കിടക്കുന്നു!! കാലം പോയ പോക്കേ.. എന്നാലും പപ്പടം വെച്ചു തന്നെയാണ് എന്റെ നെയ് തേങ്ങ ഒട്ടിച്ചത്‌ കേട്ടോ :))
പ്ലാപ്പള്ളി അപ്പൂപ്പന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.. എങ്കിലും എവിടെ കെട്ടുമുറുക്ക്‌ കാണുമ്പോഴും ഞാന്‍ ആ നരച്ച താടിയും “വാടാ മക്കളേ” എന്നുള്ള വിളിയും ഓര്‍ക്കാറുണ്ട്‌..

2. ഫാദര്‍ ഗ്രിഗറി (സിനിമാച്ചന്‍)

അദ്ദേഹത്തിന്റെ ശരിയായ പേര് ഇതു തന്നെയാണെന്നാണ് എന്റെ ഓര്‍മ്മ.. കുട്ടികള്‍ അദ്ദേഹത്തെ സിനിമാച്ചന്‍ എന്നു വിളിച്ചിരുന്നു. സിനിമ കാണിക്കുന്ന അച്ചന്‍ സിനിമാച്ചന്‍ :) അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്ന ഒരു കൊച്ച് ഉപകരണത്തില്‍ പല ഫിലിമുകള്‍ ഇട്ടിട്ടാണ് കുട്ടികളെ സിനിമ കാണിക്കുക. സിനിമ എന്നു പറഞ്ഞാല്‍ ചലിക്കുന്ന ചിത്രങ്ങളൊന്നുമല്ല, ആ ഫിലിമിലെ ദൃശ്യങ്ങള്‍ കുറച്ചുകൂടി വ്യക്തമായി കാണിക്കുന്ന തരത്തിലുള്ള ഒരു ഉപകരണം.. പണ്ട് കുട്ടികള്‍ക്ക്‌ കളിപ്പാട്ടമായി ഇത് കാണാറുണ്ടായിരുന്നു.. റോഡിലൂടെ അദ്ദേഹം പോകുന്നത് കാണുമ്പോള്‍ “എടാ ദാ സിനിമാച്ചന്‍” എന്നും പറഞ്ഞ്‌ പുറകെ ഓടിയിരുന്ന കൂട്ടുകാരെയും ഞാന്‍ ഓര്‍ക്കുന്നു.. സിനിമ കാണിക്കുന്നതിനു പുറമേ തന്റെ ളോഹയുടെ പോക്കറ്റില്‍ കരുതുന്ന മിഠായിയും അദ്ദേഹം നല്‍കിയിരുന്നു..

3. നാരായണന്‍ അമ്മൂമ്മ

പേര് കേട്ട് കൌതുകം തോന്നണ്ട! :) അമ്മൂമ്മ തന്നെ.. എപ്പോഴും “നാരായണ നാരായണ“ എന്നു പറയുന്നതിനാല്‍ ഞാന്‍ തന്നെ ഇട്ട പേരാണത്‌.. പിന്നെ വീട്ടിലെല്ലാവരും അങ്ങനെ പറയാന്‍ തുടങ്ങി. :) ഞങ്ങളുടെ തറവാടിന്റെ അയല്‍‌വാസിയാണ് അമ്മൂമ്മ.. ശരിയായ പേര് ഭവാനി എന്നാണ്. ഒരു വല്യ വീട്ടില്‍ ഒറ്റയ്ക്കാണ്.. മക്കളൊക്കെ ദൂരെയെവിടെയൊക്കെയോ ജോലിയില്‍. സഹായത്തിന് ഒരു ചേച്ചിയെ നിര്‍ത്തിയിട്ടുണ്ടാവും.. അമ്മൂമ്മ നടക്കുന്നതാണ് എനിക്ക് കൌതുകം. കൂനിക്കൂടി, മൂക്ക്‌ ഇപ്പോ തറയില്‍ മുട്ടും എന്ന രീതിയിലാണ് കൂന്.. അടുത്ത് വന്ന് നിന്ന്‌ ബുദ്ധിമുട്ടി മുകളിലേയ്ക്ക്‌ നോക്കിയിട്ട്‌ “ആരാ അത്?? കണ്ണന്‍ കുഞ്ഞാണോ??” എന്നു ചോദിക്കും.. എപ്പോഴും ഇതാണ് പതിവ്‌.. വീടിനു മുന്നിലുള്ള റോഡിലൂടെ നടക്കുമ്പോള്‍ കാണാം മുറ്റത്തെ വല്യ കുളത്തിന്റെ അരികില്‍ ഒറ്റയ്ക്കിരിക്കുന്ന അമ്മൂമ്മയെ.. അമ്മൂമ്മ മരിച്ചിട്ട് ഇപ്പോ 8 വര്‍ഷത്തോളമായി.. എങ്കിലും ഇപ്പോഴും ആ റോഡിലൂടെ നടക്കുമ്പോള്‍ ഞാന്‍ അറിയാതെ അങ്ങോട്ട് നോക്കിപ്പോവാറുണ്ട്‌.. നാരായണന്‍ അമ്മൂമ്മ ഉണ്ടോ എന്നറിയാന്‍..

4. തൊമ്മന്‍

പറ്റെ വെട്ടിയ മുടിയും, ചുവന്ന കണ്ണുകളും, കൊമ്പന്‍ മീശയും.. അതാണ് തൊമ്മന്‍ എന്ന്‌ പറയുമ്പോള്‍ എന്റെ മനസ്സിലെത്തുക.. പുളിങ്കുന്നില്‍ അമ്മയുടെ കുടുംബവീട്ടില്‍ പണിക്കു വന്നു കൊണ്ടിരുന്ന ആളായിരുന്നു തൊമ്മന്‍.. മധ്യ വേനലവധിക്കാലത്ത്‌ അവിടെയായിരിക്കും എന്റെ ക്യാമ്പ്‌.. എന്തെങ്കിലും കുസൃതികള്‍ ഒപ്പിക്കുമ്പോള്‍ ചേച്ചി പറയുന്ന ഡയലോഗാണ് തൊമ്മനു പിടിച്ച് കൊടുക്കും എന്ന്‌.. തൊമ്മനെ ആദ്യം കണ്ടപ്പോള്‍ തന്നെ എനിക്ക്‌ പേടിയായിരുന്നു.. പക്ഷേ തൊമ്മന്‍ ആളൊരു പാവമാണെന്നെനിക്കു മനസ്സിലായി.. പിന്നെ പിന്നെ തൊമ്മനു പിടിച്ചു കൊടുക്കും എന്ന ഭീഷണി ചേച്ചി തന്നെ നിര്‍ത്തി.. :) ഇപ്പോ അമ്മയുടെ കുടുംബത്തില്‍ പോകുമ്പോള്‍ തൊമ്മനെ കാണാറുണ്ട്.. പഴയ രൂപത്തിന് ഇപ്പോഴും ഒരു മാറ്റവുമില്ല.. :)

5. യാസിര്‍ അറാഫത്ത്‌

തൊപ്പി പോലെ തലയില്‍ ഒരു തുണിയിട്ട മാടപ്രാവിനെ പോലെയുള്ള ഒരു അപ്പൂപ്പന്‍.. പത്രത്തില്‍ അദ്ദേഹത്തിന്റെ ചിത്രം കാണുമ്പോഴെല്ലാം ഞാന്‍ ആ വാര്‍ത്തകള്‍ വായിച്ചു നോക്കാറുണ്ട്.. കാര്യമായി ഒന്നും മനസ്സിലാവാറില്ലെങ്കിലും ആ മുഖത്തിന് എന്തോ ഒരു പ്രത്യേക ശക്തിയുള്ളതായി എനിക്ക്‌ തോന്നിയിട്ടുണ്ട്.. കൊടുങ്കാറ്റിലും പതറാതെ കൂടെയുള്ളവരെയൊക്കെ കാത്തുരക്ഷിക്കുന്ന ഒരു മാലാഖയുടെ മുഖം..

ഇതൊക്കെയാണ് കുട്ടിക്കാലത്തെ എന്റെ കൌതുകങ്ങള്‍.. ഇപ്പോഴും ഇതൊക്കെ ഓര്‍ത്തിരിക്കാന്‍ കഴിയുന്നതെങ്ങിനെ എന്നു ഞാന്‍ തന്നെ ചിലപ്പോള്‍ ഓര്‍ക്കാറുണ്ട്.. ചെമ്പകപ്പൂക്കളിലെ സ്വര്‍ണ്ണവര്‍ണ്ണം വെളുപ്പിലേയ്ക്ക്‌ കൂട്ടിയിണക്കുന്ന ദൈവത്തിന്റെ കൈയ്യൊപ്പായിരിക്കാം.. അല്ലേ? :)

നിറഞ്ഞ പ്രോത്സാഹനം നല്‍കിയ ബൂലോകത്തിന് ഒരിക്കല്‍ കൂടി നന്ദി രേഘപ്പെടുത്തുന്നു..

2 comments:

നന്ദന്‍ said...

ഇതൊക്കെയാണ് കുട്ടിക്കാലത്തെ എന്റെ കൌതുകങ്ങള്‍.. ഇപ്പോഴും ഇതൊക്കെ ഓര്‍ത്തിരിക്കാന്‍ കഴിയുന്നതെങ്ങിനെ എന്നു ഞാന്‍ തന്നെ ചിലപ്പോള്‍ ഓര്‍ക്കാറുണ്ട്.. ചെമ്പകപ്പൂക്കളിലെ സ്വര്‍ണ്ണവര്‍ണ്ണം വെളുപ്പിലേയ്ക്ക്‌ കൂട്ടിയിണക്കുന്ന ദൈവത്തിന്റെ കൈയ്യൊപ്പായിരിക്കാം.. അല്ലേ? :)

Balu said...

ചെമ്പകപ്പൂക്കളിലെ സ്വര്‍ണ്ണവര്‍ണ്ണം വെളുപ്പിലേയ്ക്ക്‌ കൂട്ടിയിണക്കുന്ന ദൈവത്തിന്റെ കൈയ്യൊപ്പായിരിക്കാം.. അല്ലേ?

എന്നെയങ്ങ് കൊല്ല്!!! ഭയാനകമായ വരികളാണല്ലോ.. ഒരു സിനിമയ്‌ക്ക് തിരക്കഥ എഴുതിക്കൂടെ?? :O